ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം തിങ്കൾ വചനവായന
ഓഗസ്റ്റ് 31 തിങ്കൾ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (ക്രൂശിതനായ യേശുക്രിസ്തുവിനെ ഞാൻ നിങ്ങളെ അറിയിക്കുന്നു) സഹോദരരേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ ദൈവത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയത് വാഗ്വിലാസത്താലോ വിജ്ഞാനത്താലോ അല്ല. നിങ്ങളുടെയിടയിലായിരുന്നപ്പോൾ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാൻ തീരുമാനിച്ചു. നിങ്ങളുടെ മുമ്പിൽ ഞാൻ ദുർബലനും ഭയചകിതനുമായിരുന്നു. എന്റെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു. നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷികവിജ്ഞാനമാകാതെ, ദൈവശക്തിയാകാനായിരുന്നു അത്. […]











