ഓഗസ്റ്റ് 23 ഞായർ
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(ദാവീദുഭവനത്തിൻ്റെ താക്കോൽ അവൻ്റെ തോളിൽ ഞാൻ വച്ചുകൊടുക്കും)
അക്കാലത്ത്, സൈന്യങ്ങളുടെ ദൈവമായ കർത്താവ് കൊട്ടാരവിചാരിപ്പുകാരനായ ഷെബ്‌നായോട് ഇപ്രകാരം അരുൾചെയ്തു: നിന്റെ പദവിയിൽനിന്ന് ഞാൻ നിന്നെ നിഷ്കാസനം ചെയ്യും. നിൻ്റെ സ്‌ഥാനത്തുനിന്ന് നിന്നെ ഞാൻ താഴേയിറക്കും. അന്ന് എന്റെ ദാസനും ഹില്ക്കിയായുടെ പുതനുമായ എലിയാക്കിമിനെ ഞാൻ വിളിക്കും. നിന്റെ അങ്കിയും അരപ്പട്ടയും അവനെ ഞാൻ ധരിപ്പിക്കും. നിൻ്റെ അധികാരം അവന്റെ കരങ്ങളിൽ ഞാൻ ഏല്പിക്കും. ജറുസലെം നിവാസികൾക്കും യുദാഭവനത്തിനും അവൻ പിതാവായിരിക്കും. ദാവീദുഭവനത്തിന്റെ താക്കോൽ അവൻെറ തോളിൽ ഞാൻ വച്ചുകൊടുക്കും. അവൻ തുറന്നാൽ ആരും അടയ്ക്കുകയോ അവൻ അടച്ചാൽ ആരും തുറക്കുകയോ ഇല്ല, ഒരു കുറ്റിപോലെ ഉറപ്പുള്ള സ്ഥാനത്ത് ഞാൻ അവനെ സ്ഥാപിക്കും. അവൻ പിതൃഭവനത്തിന് മഹത്ത്വത്തിന്റെ സിംഹാസനമായി ഭവിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അവിടത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
കത്താവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങേക്കു നന്ദിപറയുന്നു; ദേവൻമാരുടെ മുൻപിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും. ഞാൻ അങ്ങയുടെ വിശുദ്‌ധമന്ദിരത്തിനു നേരേ ശിരസ്സു നമിക്കുന്നു.
കർത്താവേ, അവിടത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്‌തതയെയും ഓർത്ത് അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്. ഞാൻ വിളിച്ചപേക്‌ഷിച്ചനാളിൽ അവിടന്ന് എനിക്ക് ഉത്തരമരുളി.
കർത്താവേ, അവിടത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
കർത്താവു മഹോന്നതനാണെങ്കിലും താണവരെ കടാക്ഷിക്കുന്നു; അഹങ്കാരികളെ അവിടന്ന് അകലെവച്ചുതന്നെ അറിയുന്നു. കർത്താവേ, അവിടത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
കർത്താവേ, അവിടത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(എല്ലാം അവിടന്നിൽനിന്ന്, അവിടന്നു വഴി, അവിടന്നിലേക്ക്)
ഹാ! ദൈവത്തിന്റെ സമ്പത്തിന്റെയും ജ്‌ഞാനത്തിന്റെയും അറിവിന്റെയും ആഴം! അവിടത്തെ വിധികൾ എത്ര ദുർജ്‌യം! അവിടത്തെ മാർഗങ്ങൾ എത്ര ദുർഗ്രഹം! എന്തെന്നാൽ, ദൈവത്തിന്റെ മനസ്‌സ് അറിഞ്ഞതാര്? അവിടത്തേക്ക് ഉപദേഷ്ടാവായതാര്? തിരിച്ചുകിട്ടാനായി അവിടത്തേക്കു ദാനം കൊടുത്തവനാര്? എന്തെന്നാൽ, എല്ലാം അവിടന്നിൽനിന്ന്, അവിടന്നു വഴി, അവിടന്നിലേക്ക്. അവിടത്തേക്ക് എന്നേക്കും മഹത്ത്വമുണ്ടായിരിക്കട്ടെ. ആമേൻ.
കർത്താവിൻ്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (Mt. 16:18) നീ പത്രോസാണ്; ഈ പാറമേൽ എന്റെസഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നീ പത്രോസാണ്. ഈ പാറമേൽ എൻ്റെ സഭ ഞാൻ സ്ഥാപിക്കും)
അക്കാലത്ത്, യേശു കേസറിയാഫിലിപ്പി പ്രദേശത്ത് എത്തിയപ്പോൾ ശിഷ്യൻമാരോടു ചോദിച്ചു: മനുഷ്യപുത്രൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്? അവർ പറഞ്ഞു: ചിലർ സ്നാപക യോഹന്നാൻ എന്നും മറ്റു ചിലർ ഏലിയാ എന്നും വേറെ ചിലർ ജറെമിയാ അല്ലെങ്കിൽ പ്രവാചകൻമാരിലൊരുവൻ എന്നും പറയുന്നു. അവൻ അവരോടു ചോദിച്ചു: എന്നാൽ, ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? ശിമയോൻ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്. യേശു അവനോട് അരുൾ ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാൻ! മാംസരക്തങ്ങളല്ല, സ്വർഗസ്‌ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വർഗരാജ്യത്തിന്റെ താക്കോലുകൾ നിനക്കു ഞാൻ തരും. നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും. അനന്തരം അവൻ, താൻക്രിസ്തുവാണെന്ന് ആരോടും പറയരുതെന്ന് ശിഷ്യൻമാരോടു കല്പിച്ചു.



