ഓഗസ്റ്റ് 26 ബുധൻ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കാക്കാർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്
(അധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ)
അലസതയിലും ഞങ്ങളിൽനിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതു സഹോദരനിലും നിന്ന് ഒഴിഞ്ഞു നില്ക്കണമെന്ന് സഹോദരരേ, കർത്താവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു കല്പിക്കുന്നു. എങ്ങനെയാണു ഞങ്ങളെ അനുകരിക്കേണ്ടതെന്ന് നിങ്ങൾക്കുതന്നെ അറിയാമല്ലോ. നിങ്ങളുടെ കൂടെ ആയിരുന്നപ്പോൾ ഞങ്ങൾ അലസരായിരുന്നില്ല. ആരിലും നിന്നു ഞങ്ങൾ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചിട്ടില്ല; ആർക്കും ഭാരമാകാതിരിക്കാൻവേണ്ടി ഞങ്ങൾ രാപകൽ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്തു. ഞങ്ങൾക്കവകാശമില്ലാഞ്ഞിട്ടല്ല, അനുകരണാർഹമായ ഒരു മാതൃക നിങ്ങൾക്കു നല്കാനാണ് ഇങ്ങനെ ചെയ്തത്. ഞങ്ങൾ നിങ്ങളുടെകൂടെയായിരുന്നപ്പോൾത്തന്നെ നിങ്ങൾക്ക് ഒരു കല്പന നല്കി; അധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ.
സമാധാനത്തിന്റെ കർത്താവുതന്നെ നിങ്ങൾക്ക് എക്കാലത്തും എല്ലാവിധത്തിലും സമാധാനം നല്കട്ടെ. കർത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ. ഈ അഭിവാദനം പൗലോസായ ഞാൻ എന്റെ കൈകൊണ്ടുതന്നെ എഴുതുന്നതാണ്. എല്ലാ കത്തുകളിലും ഇത് എൻ്റെ അടയാളമാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.
കർത്താവിനെ ഭയപ്പെടുകയും അവിടത്തെ വഴികളിൽ നടക്കുകയും ചെയ്യുന്നവൻ ഭാഗ്യവാൻ. നിന്റെ അധ്വാനഫലം നീ അനുഭവിക്കും; നീ സന്തുഷ്ടനായിരിക്കും; നിനക്കു നൻമ വരും.
കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.
കർത്താവിന്റെ ഭക്തൻ ഇപ്രകാരം അനുഗൃഹീതനാകും. കർത്താവു സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കട്ടെ! നിന്റെ ആയുഷ്കാലമത്രയും നീ ജറുസലെമിൻ്റെ ഐശ്വര്യം കാണും.
കർത്താവിനെ ഭയപ്പെടുന്നവൻ ഭാഗ്യവാൻ.
അല്ലേലൂയാ!
അല്ലേലൂയാ! (1യോഹ 2:5). കർത്താവിൻ്റെ വചനം പാലിക്കുന്നവനിൽ സത്യമായും ദൈവസ്നേഹം പൂർണത പ്രാപിച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങൾ പ്രവാചകഘാതകരുടെ മക്കളാണ്)
അക്കാലത്ത്, യേശു അരുൾ ചെയ്തു: കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അസ്ഥികളും സർവവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യർക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ്. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ, പ്രവാചകൻമാർക്കു ശവകുടീരങ്ങൾ നിർമിക്കുകയും നീതിമാൻമാരുടെ സ്മാരകങ്ങൾ അലങ്കരിക്കുകയും ചെയ്തുകൊണ്ടു പറയുന്നു, ഞങ്ങൾ ഞങ്ങളുടെ പിതാക്കൻമാരുടെ കാലത്തു ജീവിച്ചിരുന്നെങ്കിൽ പ്രവാചകൻമാരുടെ രക്തത്തിൽ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്. അങ്ങനെ, നിങ്ങൾ പ്രവാചകൻമാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന് നിങ്ങൾക്കുതന്നെ എതിരായി സാക്ഷ്യം നല്കുന്നു. നിങ്ങളുടെ പിതാക്കൻമാരുടെ ചെയ്തികൾ നിങ്ങൾ പൂർത്തിയാക്കുവിൻ!




