Word of God

വി.ബർത്തലോമിയ, അപ്പസ്തോലൻ (തിരുനാൾ) വചനവായന

ഓഗസ്റ്റ് 24 തിങ്കൾ

ഒന്നാം വായന

വെളിപാടിന്റെ പുസ്‌തകത്തിൽനിന്ന് വെളിപാട്

(അടിസ്ഥാനക്കല്ലിൽ കുഞ്ഞാടിൻ്റെ പന്ത്രണ്ട് അപ്പസ്തോലൻമാരുടെ പേരുകളുണ്ടായിരുന്നു)

അവസാനത്തെ ഏഴു മഹാമാരികൾ നിറഞ്ഞ ഏഴു പാത്രങ്ങൾ പിടിച്ചിരുന്ന ഏഴു ദൂതൻമാരിൽ ഒരുവൻ വന്ന് എന്നോടു പറഞ്ഞു: വരൂ! കുഞ്ഞാടിന്റെ മണവാട്ടിയെ നിനക്കു ഞാൻ കാണിച്ചുതരാം. അനന്തരം, അവൻ ഉയരമുള്ള വലിയ ഒരു മലയിലേക്ക് ആത്മാവിൽ എന്നെ കൊണ്ടുപോയി. സ്വർഗത്തിൽ നിന്ന്, ദൈവസന്നിധിയിൽനിന്ന്, ഇറങ്ങിവരുന്ന വിശുദ്ധനഗരിയായ ജറുസലേമിനെ എനിക്കു കാണിച്ചുതന്നു. അതിനു ദൈവത്തിൻെറ തേജസ്‌സുണ്ടായിരുന്നു. അതിൻെറ തിളക്കം അമൂല്യമായ രത്നത്തിനും സൂര്യകാന്തക്കല്ലിനുമൊപ്പം. അതു സ്ഫടികം പോലെ നിർമലം. അതിനു ബൃഹത്തും ഉന്നതവുമായ മതിലും പന്ത്രണ്ടു കവാടങ്ങളും ഉണ്ടായിരുന്നു. ആ കവാടങ്ങളിൽ പന്ത്രണ്ടു ദൂതൻമാർ. കവാടങ്ങളിൽ ഇസ്രായേൽ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെ പേരുകൾ എഴുതപ്പെട്ടിരുന്നു. കിഴക്ക് മൂന്നു കവാടങ്ങൾ, വടക്ക് മൂന്നു കവാടങ്ങൾ, തെക്ക് മൂന്നു കവാടങ്ങൾ,പടിഞ്ഞാറ് മൂന്നു കവാടങ്ങൾ. നഗരത്തിന്റെ മതിലിനു പന്ത്രണ്ട് അടിസ്ഥാനങ്ങൾ ഉണ്ടായിരുന്നു; അവയിൻമേൽ കുഞ്ഞാടിൻെറ പന്ത്രണ്ട് അപ്പസ്തോലൻമാരുടെ പേരുകളും.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവേ, അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റി അങ്ങേ വിശുദ്ധർ സംസാരിക്കും.

കർത്താവേ, അവിടത്തെ എല്ലാ സൃഷ്‌ടികളും അവിടുത്തേക്കു കൃതജ്‌ഞതയർപ്പിക്കും; അങ്ങയുടെ വിശുദ്‌ധർ അങ്ങയെ വാഴ്ത്തും. അവിടത്തെ രാജ്യത്തിൻ്റെ മഹത്ത്വത്തെപ്പറ്റി അവർ സംസാരിക്കും; അവിടത്തെ ശക്തി അവർ വർണിക്കും.

കർത്താവേ, അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റി അങ്ങേ വിശുദ്ധർ സംസാരിക്കും.

അവിടുത്തെ ശക്‌തമായ പ്രവൃത്തികളും അവിടത്തെ രാജ്യത്തിന്റെ മഹത്ത്വപൂർണമായ പ്രതാപവും മനുഷ്യമക്കളെ അവർ അറിയിക്കും. അവിടത്തെ രാജത്വം ശാശ്വതമാണ്; അവിടത്തെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു.

കർത്താവേ, അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റി അങ്ങേ വിശുദ്ധർ സംസാരിക്കും.

കർത്താവിന്റെ വഴികൾ നീതിനിഷ്‌ഠവും അവിടത്തെ പ്രവൃ ത്തികൾ കൃപാപൂർണവുമാണ്. തന്നെ വിളിച്ചപേക്‌ഷിക്കുന്നവർക്ക്, ഹൃദയപരമാർഥതയോടെ വിളിച്ചപേക്‌ഷിക്കുന്നവർക്ക് കർത്താവു സമീപസ്ഥനാണ്.

കർത്താവേ, അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റി അങ്ങേ വിശുദ്ധർ സംസാരിക്കും.

അല്ലേലൂയാ !

അല്ലേലൂയാ! (യോഹ 1 : 496). റബ്ബീ, അങ്ങു ദൈവപുത്ര നാണ്; ഇസ്രായേലിന്റെ രാജാവാണ്. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഇതാ, നിഷ്കപടനായ ഒരു യഥാർഥ ഇസ്രായേല്ക്കാരൻ!)

അക്കാലത്ത്, പീലിപ്പോസ് നഥാനയേലിനെക്കണ്ട് അവനോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകഗ്രന്‌ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവനെ ജോസഫിന്റെ മകൻ, നസറത്തിൽനിന്നുള്ള യേശുവിനെ-ഞങ്ങൾ കണ്ടു. നഥാനയേൽ ചോദിച്ചു: നസ്രത്തിൽനിന്ന് എന്തെങ്കിലും നൻമ ഉണ്ടാകുമോ? പീലിപ്പോസ് പറഞ്ഞു: വന്നു കാണുക! നഥാനയേൽ തന്റെ അടുത്തേക്കു വരുന്നതുകണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരു യഥാർഥ ഇസ്രായേല്ക്കാരൻ! അപ്പോൾ നഥാനയേൽ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിൻെറ ചുവട്ടിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെക്കണ്ടു. നഥാനയേൽ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിൻ്റെ രാജാവാണ്. യേശു പറഞ്ഞു : അത്തിമരത്തിന്റെ ചുവട്ടിൽ നിന്നെ കണ്ടു എന്നു ഞാൻപറഞ്ഞതുകൊണ്ട് നീ എന്നിൽ വിശ്വസിക്കുന്നു, അല്ലേ? എന്നാൽ ഇതിനെക്കാൾ വലിയ കാര്യങ്ങൾ നീ കാണും. അവൻ തുടർന്നു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, സ്വർഗം തുറക്കപ്പെടുന്നതും ദൈവദൂതൻമാർ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ മേൽ ഇറങ്ങിവരുന്നതും നിങ്ങൾ കാണും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.