സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പരിശുദ്ധ ലെയോ പാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ രൂപത വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവിന്റെ പ്രത്യേക കത്ത്. പരിശുദ്ധ പിതാവ് ലെയോ പാപ്പാ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ദൈവകൃപയാൽ രോഗസൗഖ്യം പ്രാപിച്ചു വരികയും ചെയ്യുന്ന വിവരം അറിയിച്ച് കൊണ്ട് വിശ്വാസികൾക്കായി പുറത്തിറക്കിയ കത്തിലാണു പരിശുദ്ധ പിതാവിന് വേണ്ടി പ്രാർത്ഥിക്കാൻ രൂപതാധ്യക്ഷൻ ആഹ്വാനം ചെയ്തത്.
പാപ്പായുടെ പൂർണ്ണ ആരോഗ്യത്തിനും വേഗത്തിലുള്ള രോഗ സൗഖ്യത്തിനുമായി നാം നിരന്തരം പ്രാർത്ഥിക്കണമെന്നും നമ്മുടെ രൂപതയിലെ എല്ലാ പള്ളികളിലും കോൺവെൻ്റുകളിലും സ്ഥാപനങ്ങളിലും പരിശുദ്ധ പിതാവിന് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ ക്രമീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
പള്ളികളിൽ പരിശുദ്ധ പിതാവിൻ്റെ രോഗസൗഖ്യത്തിനായി പ്രത്യേക ദിവ്യബലി അർപ്പിക്കാനും ദിവ്യ കാരുണ്യ ആരാധന നടത്താനും തിരുസഭ ജപമാല മാസമായി ആചരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ എല്ലാ കുടുംബങ്ങളിലും പരിശുദ്ധ പിതാവിന്റെ രോഗ സൗഖ്യത്തിനായി പ്രത്യേക നിയോഗം സമർപ്പിച്ച് ജപമാല പ്രാർത്ഥന അർപ്പിക്കാനും കത്തിലൂടെ രൂപതാധ്യക്ഷൻ ഓർമപ്പെടുത്തുണ്ട്.



