Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ വചനവായന

ഓഗസ്റ്റ് 30 ഞായർ

ഒന്നാം വായന

ജറെമിയാസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(കർത്താവിന്റെ വചനം എനിക്കു സദാ പരിഹാസത്തിനു ഹേതുവായിരിക്കുന്നു)

കർത്താവേ, അങ്ങ് എന്നെ വഞ്ചിച്ചിരിക്കുന്നു; ഞാൻ വഞ്ചിതനായി. അങ്ങ് എന്നെക്കാൾ ശക്തനാണ്. അങ്ങ് വിജയിച്ചിരിക്കുന്നു. ദിവസം മുഴുവൻ ഞാൻ പരിഹാസപാത്രമായി. എല്ലാവരും എന്നെ അപഹസിക്കുന്നു. വായ് തുറക്കുമ്പോഴൊക്കെ അക്രമം നാശം എന്നാണു ഞാൻ വിളിച്ചുപറയുന്നത്. കർത്താവിൻ്റ വചനം എനിക്ക് ഇടവിടാത്ത നിന്‌ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു. അവിടത്തെപ്പറ്റി ഞാൻ ചിന്തിക്കുകയില്ല, അവിടത്തെ നാമത്തിൽ മേലിൽ സംസാരിക്കുകയില്ല എന്നു ഞാൻ പറഞ്ഞു. എന്നാൽ ഹൃദയം ദഹിപ്പിക്കുന്ന അഗ്നി എന്റെ അസ്‌ഥികൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അതിനെ അടക്കാൻ ശ്രമിച്ച് ഞാൻ തളർന്നു; എനിക്കു സാധിക്കുന്നില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദൈവമേ, എൻ്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.

ദൈവമേ, അവിടന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങിവരണ്ട ഭൂമിയെന്നപോലെ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.

ദൈവമേ, എൻ്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.

അങ്ങയുടെ ശക്തിയും മഹത്ത്വവും ദർശിക്കാൻ ഞാൻ വിശുദ്‌ധമന്ദിരത്തിൽ വന്നു. അങ്ങയുടെ കാരുണ്യം ജീവനെക്കാൾ കാമ്യമാണ്; എന്റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും.

ദൈവമേ, എൻ്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.

എന്റെ ജീവിതകാലം മുഴുവൻ ഞാൻ അങ്ങയെ പുകഴ്ത്തും. ഞാൻ കൈകളുയർത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും. കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുകയും രാത്രിയാമങ്ങളിൽ അങ്ങയെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുമ്പോൾ എന്റെ അധരങ്ങൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.

ദൈവമേ, എൻ്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.

അവിടന്ന് എന്റെ സഹായമാണ്; അങ്ങയുടെ ചിറകിൻകീഴിൽ ഞാൻ ആനന്ദിക്കും. എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേർന്നിരിക്കുന്നു; അങ്ങയുടെ വലത്തുകൈ എന്നെ താങ്ങിനിർത്തുന്നു.

ദൈവമേ, എൻ്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു.

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(നിങ്ങളുടെ ശരീരങ്ങൾ ദൈവത്തിനു സജീവബലിയായി സമർപ്പിക്കുവിൻ)

സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ‌രിച്ചു കൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങൾ വിശുദ്‌ധവും ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർഥമായ ആരാധന. നിങ്ങൾ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിൻ. ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്കു സാധിക്കും.

കർത്താവിന്റെ വചനം.

അല്ലേലുയാ !

അല്ലേലൂയാ! (cf.Eph. 1:17-18 ) നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവായ ദൈവം, ഏതുതരത്തിലുള്ള പ്രത്യാ ശയിലേക്കാണ് അവിടന്ന് നമ്മെ വിളിച്ചിരിക്കുന്നതെന്നറിയാൻ നമ്മുടെ ആന്തരികനേത്രങ്ങൾ പ്രകാശിപ്പിക്കട്ടെ. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിക്കുക)

അക്കാലത്ത് യേശു, തനിക്ക് ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്‌ഠൻമാരിൽനിന്നും പ്രധാന പുരോഹിതൻമാരിൽനിന്നും നിയമജ്ഞരിൽനിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താൻ വധിക്കപ്പെടുമെന്നും എന്നാൽ മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുമെന്നും ശിഷ്യൻമാരെ അറിയിച്ചു തുടങ്ങി. പത്രോസ് അവനെ മാറ്റിനിറുത്തി തടസ്‌സം പറയാൻ തുടങ്ങി: ദൈവം കനിയട്ടെ! കർത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ. യേശു തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: സാത്താനേ, എന്റെ മുമ്പിൽ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.
യേശു ശിഷ്യൻമാരോട് അരുൾചെയ്തു‌: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്ന ത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; എന്നാൽ, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതു കണ്ടെത്തും. ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും? മനുഷ്യപുത്രൻ സ്വപിതാവിന്റെ മഹത്ത്വത്തിൽ തന്റെ ദൂതൻമാരോടൊത്ത് വരാനിരിക്കുന്നു. അപ്പോൾ അവൻ ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്കും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.