Word of God

ആണ്ടുവട്ടം ഇരുപത്തൊന്നാം വാരം വെള്ളി വചനവായന

ഓഗസ്റ്റ് 28 വെള്ളി

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(വിജാതീയർക്ക് ഭോഷത്തമായ ക്രൂശിതനായ ക്രിസ്‌തുവിനെയാണു ഞങ്ങൾ പ്രസംഗിക്കുന്നത്; വിളിക്കപ്പെട്ടവർക്കാകട്ടെ, അവിടന്ന് ദൈവത്തിൻ്റെ ജ്ഞാനമത്രേ)

പ്രിയസഹോദരരേ, ക്രിസ്‌തു എന്നെ അയച്ചത് സ്നാനം നൽകാനല്ല, സുവിശേഷം പ്രസംഗിക്കാനാണ്. എന്നാൽ, വാഗ്വിലാസത്തോടെയല്ല; ആയിരുന്നെങ്കിൽ ക്രിസ്തുവിന്റെ കുരിശു വ്യർഥമാകുമായിരുന്നു. നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്‌ഷയിലൂടെ ചരിക്കുന്ന നമുക്കോ, അതു ദൈവത്തിന്റെ ശക്‌തിയത്രേ. വിജ്‌ഞാനികളുടെ വിജ്‌ഞാനം ഞാൻ നശിപ്പിക്കും, വിവേകികളുടെ വിവേകം ഞാൻ നിഷ്‌ഫലമാക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ. വിജ്‌ഞാനി എവിടെ? നിയമജ്‌ഞൻ എവിടെ? ഈ യുഗത്തിന്റെ താർക്കികൻ എവിടെ? ലൗകികവിജ്‌ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലയോ? ദൈവത്തിന്റെ ജ്‌ഞാനത്തിൽ ലോകം ലൗകികവിജ്ഞാനത്താൽ അവിടത്തെ അറിഞ്ഞില്ല. തൻമൂലം വിശ്വസിക്കുന്നവരെ സുവിശേഷപ്രസംഗത്തിന്റെ ഭോഷത്തംവഴി രക്ഷിക്കാൻ അവിടന്നു തിരുമനസ്സായി. യഹൂദർ അടയാളങ്ങൾ ആവശ്യപ്പെടുന്നു; ഗ്രീക്കുകാർ വിജ്ഞാനം അന്വേഷിക്കുന്നു. ഞങ്ങളാകട്ടെ, യഹൂദർക്ക് ഇടർച്ചയും വിജാതീയർക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു. വിളിക്കപ്പെട്ടവർക്ക് -യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ-ക്രിസ്‌തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്‌ഞാനവുമാണ്. എന്തെന്നാൽ, ദൈവത്തിന്റെ ഭോഷത്തം മനുഷ്യരെക്കാൾ ജ്‌ഞാനമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ശക്‌തവുമാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ; സ്തോത്രം ആലപിക്കുന്നത് നീതിമാൻമാർക്കു യുക്‌തമാണല്ലോ. കിന്നരം കൊണ്ട് കർത്താവിനെ സ്‌തുതിക്കുവിൻ, പത്തുകമ്പിയുള്ള വീണമീട്ടി അവിടത്തേക്കു കീർത്തനമാലപിക്കുവിൻ.

കർത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു

കർത്താവിന്റെ വചനം സത്യമാണ്; അവിടത്തെ പ്രവൃത്തി വിശ്വസനീയമാണ്. അവിടന്ന് നീതിയും ന്യായവും ഇഷ്‌ടപ്പെടുന്നു. കർത്താവിൻ്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.

കർത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു

കർത്താവു ജനതകളുടെ ആലോചനകൾ വ്യർഥമാക്കുന്നു; അവരുടെ പദ്ധതികൾ അവിടന്നു തകർക്കുന്നു. കർത്താവിന്റെ പദ്ധതികൾ ശാശ്വതമാണ്; അവിടത്തെ ചിന്തകൾ തലമുറകളോളം നിലനില്ക്കുന്നു.

കർത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു

അല്ലേലൂയാ!

അല്ലേലൂയാ! (ലൂക്കാ 21: 36). മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്‌ഷപ്പെടാൻവേണ്ട കരുത്തു ലഭിക്കാൻ, സദാ പ്രാർഥിച്ചു കൊണ്ട് ജാഗരൂകരായിരിക്കുവിൻ, അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഇതാ, മണവാളൻ! പുറത്തുവന്ന് അവനെ എതിരേല്ക്കുവിൻ)

അക്കാലത്ത്, യേശു ശിഷ്യൻമാരോട് ഒരു ഉപമ അരുൾചെയ്തു സ്വർഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല് ക്കാൻ പുറപ്പെട്ട പത്തുകന്യകമാർക്കു സദൃശം. അവരിൽ അഞ്ചു പേർ വിവേകശൂന്യരും അഞ്ചുപേർ വിവേകവതികളുമായിരുന്നു. വിവേകശൂന്യകൾ വിളക്കെടുത്തപ്പോൾ എണ്ണ കരുതിയില്ല. വിവേകവതികളാകട്ടെ, വിളക്കുകളോടൊപ്പം പാത്രങ്ങളിൽ എണ്ണയും എടുത്തിരുന്നു. മണവാളൻ വരാൻ വൈകി. ഉറക്കം വരുകയാൽ, കന്യകമാർ കിടന്നുറങ്ങി. അർധരാത്രിയിൽ, ഇതാ, മണവാളൻ! പുറത്തുവന്ന് അവനെ എതിരേല്ക്കുവിൻ! എന്ന് ആർപ്പുവിളിയുണ്ടായി. ആ കന്യകമാരെല്ലാം ഉണർന്ന് വിളക്കുകൾ തെളിച്ചു. വിവേകശൂന്യകൾ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകൾ അണഞ്ഞുപോകുന്നതിനാൽ നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുക. വിവേകവതികൾ മറുപടി പറഞ്ഞു: ഞങ്ങൾക്കും നിങ്ങൾക്കും മതിയാകാതെ വരുമെന്നതിനാൽ നിങ്ങൾ വില്‌പനക്കാരുടെ അടുത്തുപോയി വാങ്ങി ക്കൊള്ളുവിൻ. അവർ വാങ്ങാൻ പോയപ്പോൾ മണവാളൻ വന്നു.

ഒരുങ്ങിയിരുന്നവർ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് മറ്റു കന്യകമാർ വന്ന്, കർത്താവേ, കർത്താവേ, ഞങ്ങൾക്കു തുറന്നു തരണമേ എന്ന് അപേക്‌ഷിച്ചു. അവൻ പ്രതിവചിച്ചു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാൻ നിങ്ങളെ അറിയുകയില്ല. അതുകൊണ്ട് ജാഗരൂകരായിരിക്കുവിൻ. ആ ദിവസമോ മണിക്കൂറോ നിങ്ങൾ അറിയുന്നില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.