Word of God

ആണ്ടുവട്ടം പത്തൊമ്പതാം വാരം ബുധൻ വചനവായന

ഓഗസ്റ്റ് 12 ബുധൻ

ഒന്നാം വായന

എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(ജറുസലേമിൽ നടക്കുന്ന ക്ലേച്ഛതകളോർത്തു കരയുന്നവരുടെ നെറ്റിയിൽ അടയാളമിടുക)

കർത്താവ് ഉച്ചത്തിൽ വിളിച്ചുപറയുന്നതു ഞാൻ കേട്ടു: നഗരത്തെ ശിക്‌ഷിക്കുന്നവരേ, സംഹാരായുധങ്ങളേന്തി അടുത്തുവരുവിൻ. ഇതാ, ആറുപേർ വടക്കോട്ടുള്ള മുകളിലത്തെ കവാടത്തിന്റെ ഭാഗത്തുനിന്നു വരുന്നു. ഓരോരുത്തരുടെയും കൈയിൽ മാരകായുധമുണ്ടായിരുന്നു. ചണവസ്ത്രം ധരിച്ച ഒരുവൻ അവരുടെ കൂടെ ഉണ്ടായിരുന്നു. അവന്റെ പാർശ്വത്തിൽ എഴുത്തു സാമഗ്രികളുടെ സഞ്ചി തൂക്കിയിട്ടിരുന്നു. അവർ ഓടു കൊണ്ടുള്ള ബലിപീഠത്തിനു സമീപം ചെന്നുനിന്നു. ഇസ്രായേലിൻെറ ദൈവത്തിൻ്റെ മഹത്ത്വം കെരൂബുകളിൽ നിന്നുയർന്ന് ആലയത്തിന്റെ വാതില്‌പടിക്കലെത്തി; അവിടുന്ന് ചണവസ്ത്രം ധരിച്ച് പാർശ്വത്തിൽ എഴുത്തുസാമഗ്രികളുമായി നിന്നവനെ വിളിച്ചു. കർത്താവ് അവനോട് അരുൾചെയ്തു‌: ജറുസലെം പട്ടണത്തിലൂടെ കടന്നുപോവുക. ആ നഗരത്തിൽ നടമാടുന്ന ക്ലേച് ഛതകളോർത്ത് കരയുകയും നെടുവീർപ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയിൽ അടയാളമിടുക. അവിടന്നു മറ്റുള്ളവരോട് ഞാൻ കേൾക്കേ ആജ്‌ഞാപിച്ചു; അവന്റെ പിന്നാലേ പട്ടണത്തിൽ സഞ്ചരിച്ച് സംഹാരം തുടങ്ങുവിൻ. നിങ്ങളുടെ കണ്ണിൽ അലിവുണ്ടാകരുത്; കരുണ കാണിക്കരുത്. വൃദ്‌ധരെയും യുവാക്കളെയും യുവതികളെയും പൈതങ്ങളെയും സ്ത്രീകളെയും നിശ് ശേഷം വധിക്കുവിൻ. എന്നാൽ അടയാളമുള്ളവരെയാരെയും തൊടരുത്. എന്റെ വിശുദ്‌ധമന്ദിരത്തിൽത്തന്നെ ആരംഭിക്കുവിൻ! അവർ ആലയത്തിനു മുമ്പിലുണ്ടായിരുന്ന ശ്രേഷ്ഠൻമാരിൽത്തന്നെ ആരംഭിച്ചു. അവിടന്ന് അവരോടു കല്‌പിച്ചു: ഈ ആലയത്തെ അശുദ്‌ധമാക്കുക. അങ്കണങ്ങൾ മൃതശരീരങ്ങൾകൊണ്ടു നിറയ്ക്കുക. മുന്നേറുക. അവർ മുന്നേറി, നഗരത്തിൽ സംഹാരം നടത്തി.

കർത്താവിൻെറ മഹത്ത്വം ആലയത്തിൻ്റെ പടിവാതിൽക്കൽ നിന്നു പുറപ്പെട്ട് കെരൂബുകളുടെമീതേ നിന്നു. ഞാൻ നോക്കിനില്ക്കേ കെരൂബുകൾ ചിറകുകൾ വിടർത്തി ഭൂമിയിൽനിന്ന് ഉയർന്നു. അവ പോയപ്പോൾ സമീപത്തായി ചക്രങ്ങളും ഉണ്ടായിരുന്നു. കർത്താവിൻ്റെ ആലയത്തിൻ്റെ കിഴക്കേ കവാടത്തിങ്കൽ അവ നിന്നു. ഇസ്രായേലിൻ്റെ ദൈവത്തിൻ്റെ മഹത്ത്വം അവയുടെ മുകളിൽ നിലകൊണ്ടു. കേബാർനദീതീരത്തു വച്ച് ഇസ്രായേലിൻെറ ദൈവത്തിന്റെ കീഴിലായി ഞാൻ കണ്ട ജീവികൾ തന്നെയാണ് ഇവ. ഇവ കെരൂബുകളാണെന്നു ഞാൻമനസ്‌സിലാക്കി. ഓരോന്നിനും നാലു മുഖങ്ങളും നാലു ചിറകുകകളുമുണ്ടായിരുന്നു. ചിറകുകൾക്കു കീഴിൽ മനുഷ്യകരങ്ങൾക്കു സദൃശമായ രൂപവും. കേബാർ നദീതീരത്തുവച്ച് ഞാൻ കണ്ട ജീവികളുടെ മുഖത്തിന്റെ രൂപംതന്നെയായിരുന്നു ഇവയുടെ മുഖത്തിനും. അവ ഓരോന്നും നേരേ മുമ്പോട്ടു പോയി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിന്റെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു.

കർത്താവിനെ സ്തുതിക്കുവിൻ! കർത്താവിൻ്റെ ദാസരേ, അവിടത്തെ സ്തുതിക്കുവിൻ! കർത്താവിന്റെ നാമം സ്തുതിക്കുവിൻ! കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!

കർത്താവിന്റെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു.

ഉദയം മുതൽ അസ്‌തമയംവരെ കർത്താവിൻ്റെ നാമം വാഴ് ത്തപ്പെടട്ടെ! കർത്താവു സകല ജനതകളുടെയുംമേൽ വാഴുന്നു; അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു.

കർത്താവിന്റെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു.

നമ്മുടെ ദൈവമായ കർത്താവിനു തുല്യനായി ആരുണ്ട്? അവിടന്ന് ഉന്നതത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അവിടന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു.

കർത്താവിന്റെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു.

അല്ലേലൂയാ !

അല്ലേലൂയാ! (2 കോറി 5:19). ദൈവം രമ്യതയുടെ സന്ദേശം ഞങ്ങളെ ഭരമേല്പിച്ചുകൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിന്റെ സഹോദരൻ നിൻ്റെ വാക്കു കേൾക്കുന്നപക്ഷം നീ അവനെ നേടിക്കഴിഞ്ഞു)

അക്കാലത്ത്, യേശു ശിഷ്യൻമാരോട് അരുൾചെയ്തു: നിൻെറ സഹോദരൻ തെറ്റുചെയ്‌താൽ നീയും അവനും മാത്രമായിരിക്കുമ്പോൾ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവൻ നിൻെറ വാക്കു കേൾക്കുന്നെങ്കിൽ നീ നിന്റെ സഹോദരനെ നേടി. അവൻ നിന്നെ കേൾക്കുന്നില്ലെങ്കിൽ രണ്ടോ മൂന്നോ സാക്‌ഷികൾ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്‌ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവൻ അവരെയും അനുസരിക്കുന്നില്ലെങ്കിൽ, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കിൽ, അവൻ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും. വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു: ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗസ്‌ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാൽ, രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.