Word of God

ആണ്ടുവട്ടം ഇരുപതാം വാരം വെള്ളി വചനവായന

ഓഗസ്റ്റ് 21 വെള്ളി

ഒന്നാം വായന

എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(വരണ്ട അസ്ഥികളേ, നിങ്ങൾ കർത്താവിൻ്റെ വചനം കേൾക്കുവിൻ; ഇസ്രായേൽ ജനമേ; ഞാൻ കല്ലറകൾ തുറന്ന് നിങ്ങളെ ഉയർത്തും)

അക്കാലത്ത്, കർത്താവിൻ്റെ കരം എന്റെ മേൽ വന്നു. അവിടുന്നു തന്റെ ആത്മാവാൽ എന്നെ നയിച്ച് അസ്‌ഥികൾ നിറഞ്ഞ ഒരു താഴ്വാരയിൽ കൊണ്ടുവന്നു നിർത്തി. അവിടന്ന് എന്നെ അവയുടെ ചുറ്റും നടത്തി. അവ വളരെയേറെയുണ്ടായിരുന്നു. അവ ഉണങ്ങി വരണ്ടിരുന്നു. അവിടന്ന് എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, ഈ അസ്‌ഥികൾക്ക് ജീവിക്കാനാവുമോ? ഞാൻ പറഞ്ഞു: ദൈവമായ കർത്താവേ, അങ്ങേക്കറിയാമല്ലോ. അവിടന്ന് എന്നോട് അരുൾചെയ്‌തു: ഈ അസ്‌ഥികളോട് നീ പ്രവചിക്കുക, വരണ്ട അസ്‌ഥികളേ, കർത്താവിൻെറ വചനം ശ്രവിക്കുവിൻ എന്ന് അവയോടു പറയുക. ദൈവമായ കർത്താവ് ഈ അസ്‌ഥികളോട് അരുൾചെയ്യുന്നു: ഇതാ, ഞാൻ നിങ്ങളിൽ പ്രാണൻ നിവേശിപ്പിക്കും; നിങ്ങൾ ജീവിക്കും. ഞാൻ നിങ്ങളുടെമേൽ ഞരമ്പുകൾ വച്ചുപിടിപ്പിക്കുകയും മാംസം വളർത്തുകയും ചർമംപൊതിയുകയും നിങ്ങളിൽ പ്രാണൻ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങൾ ജീവൻ പ്രാപിക്കും. ഞാനാണ് കർത്താവ് എന്ന് അപ്പോൾ നിങ്ങൾ അറിയും.

എന്നോടു കല്‌പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ചപ്പോൾ ഒരു ശബ്ദ‌മുണ്ടായി- ഒരു കിരുകിരാ ശബ്ദം. വേർ പെട്ടുപോയ അസ്‌ഥികൾ തമ്മിൽ ചേർന്നു. ഞാൻ നോക്കിയപ്പോൾ ഞരമ്പും മാംസവും അവയുടെമേൽ വന്നിരുന്നു; ചർമം അവയെ പൊതിഞ്ഞിരുന്നു; എന്നാൽ അവയ്ക്ക് പ്രാണൻ ഉണ്ടായിരുന്നില്ല. അവിടന്ന് എന്നോട് അരുൾചെയ്തു: മനുഷ്യപുത്രാ, ജീവശ്വാസത്തോടു പ്രവചിക്കുക. മനുഷ്യപുത്രാ, ജീവശ്വാസത്തോടു പറയുക; ദൈവമായ കർത്താവ് അരുൾചെയ്യുന്നു: ജീവശ്വാസമേ, നീ നാലു വായുക്കളിൽനിന്നു വന്ന് ഈ നിഹതൻമാരുടെ മേൽ വീശുക. അവർക്കു ജീവനുണ്ടാകട്ടെ. അവിടന്നു കല്‌പിച്ചതു പോലെ ഞാൻ പ്രവചിച്ചു. അപ്പോൾ ജീവശ്വാസം അവരിൽ പ്രവേശിച്ചു. അവർ ജീവൻ പ്രാപിച്ചു. വളരെ വലിയ ഒരു സൈന്യംപോലെ അവർ എഴുന്നേറ്റുനിന്നു.

അവിടന്ന് എന്നോട് അരുൾചെയ്‌തു: മനുഷ്യപുത്രാ, ഈ അസ്‌ഥികൾ ഇസ്രായേൽഭവനം മുഴുവനുമാണ്. ഞങ്ങളുടെ അസ്‌ഥികൾ വരണ്ടിരിക്കുന്നു; പ്രതീക്‌ഷ നശിച്ചിരിക്കുന്നു. ഞങ്ങൾ തീർത്തും പരിത്യക്‌തരായിരിക്കുന്നു എന്ന് അവർ പറയുന്നു. ആകയാൽ അവരോട് പ്രവചിക്കുക. ദൈവമായ കർത്താവ് അരുൾചെയ്യുന്നു: എന്റെ ജനമേ, ഞാൻ കല്ലറകൾ തുറന്ന് നിങ്ങളെ ഉയർത്തും, ഇസ്രായേൽദേശത്തേക്ക് ഞാൻ നിങ്ങളെ തിരിയെക്കൊണ്ടുവരും. എന്റെ ജനമേ, കല്ലറകൾ തുറന്നു നിങ്ങളെ ഞാൻ ഉയർത്തുമ്പോൾ, ഞാനാണ് കർത്താവ് എന്ന്നിങ്ങൾ അറിയും. എന്റെ ആത്‌മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങൾ ജീവിക്കും. ഞാൻ നിങ്ങളെ നിങ്ങളുടെ സ്വന്തംദേശത്ത് വസിപ്പിക്കും. കർത്താവായ ഞാനാണ് ഇതു പറഞ്ഞതെന്നും പ്രവർത്തിച്ചതെന്നും അപ്പോൾ നിങ്ങൾ അറിയും. കർത്താവ് അരുൾചെയ്യുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിനു നന്‌ദിപറയുവിൻ; അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു.

കർത്താവിനാൽ രക്ഷിക്കപ്പെട്ടവർ ഇങ്ങനെ പറയട്ടെ! കഷ്ടതയിൽനിന്ന് അവിടന്ന് അവരെ രക്‌ഷിച്ചു. ദേശങ്ങളിൽനിന്ന്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കു നിന്നും അവിടന്ന് അവരെ ഒന്നിച്ചുകൂട്ടി.

കർത്താവിനു നന്‌ദിപറയുവിൻ; അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു.

വാസയോഗ്യമായ നഗരത്തിലേക്കു വഴി കണ്ടെത്താതെ, ചിലർ മരുഭൂമിയിൽ അലഞ്ഞുനടന്നു. വിശന്നും ദാഹിച്ചും അവർ വലഞ്ഞു.

കർത്താവിനു നന്‌ദിപറയുവിൻ; അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു.

അപ്പോൾ തങ്ങളുടെ കഷ്‌ടതയിൽ അവർ കർത്താവിനെ വിളിച്ചപേക്ഷിച്ചു; അവരുടെ കഷ്‌ടതയിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു വാസയോഗ്യമായ നഗരത്തിൽ എത്തുവോളം അവരെ അവിടന്നു നേർവഴിക്കു നയിച്ചു.

കർത്താവിനു നന്‌ദിപറയുവിൻ; അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു.

അവർ കർത്താവിന് അവിടത്തെ കാരുണ്യത്തെപ്രതിയും മനുഷ്യമക്കൾക്കായി അവിടന്നു ചെയ്‌ത അദ്‌ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ! എന്തെന്നാൽ, അവിടന്നു ദാഹാർത്തനു തൃപ്തി വരുത്തുകയും വിശപ്പുള്ളവനു വിശിഷ്ടവിഭവങ്ങൾ കൊണ്ടു സംതൃപ്തി ഉളവാക്കുകയും ചെയ്യുന്നു.

കർത്താവിനു നന്‌ദിപറയുവിൻ; അവിടത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു.

അല്ലേലൂയാ!

അല്ലേലൂയാ! (സങ്കീ 25 : 4b + 5a). കർത്താവേ, അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കുക. നിന്നെപ്പോലെ നിന്റെ അയല്ക്കാരനെ സ്നേഹിക്കുക.)

അക്കാലത്ത്, യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോൾ ഫരിസേയർ ഒന്നിച്ചുകൂടി. അവരിൽ ഒരു നിയമപൺഡിതൻ അവനെ പരീക്‌ഷിക്കാൻ ചോദിച്ചു: ഗുരോ, നിയമത്തിലെ അതിപ്രധാനമായ കല്‌പന ഏതാണ്? അവൻ പറഞ്ഞു: നീ നിന്റെ ദൈവമായ കർത്താവിനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്പ‌ന. രണ്ടാമത്തെ കല്പ‌നയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക. ഈ രണ്ടു കല്പ‌നകളിൽ സമസ്തനിയമവും പ്രവാചകൻമാരും അധിഷ്‌ഠിതമായിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.