ഓഗസ്റ്റ് 22 ശനി
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(നമുക്ക് ഒരു പുത്രൻ നല്കപ്പെട്ടിരിക്കുന്നു)
അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു. അങ്ങ് ജനതയെ വർധിപ്പിച്ചു; അവർക്ക് അത്യധികമായ ആനന്ദം നല്‌കി. വിളവെടുപ്പിൽ സന്തോഷിക്കുന്നവരെപ്പോലെയും കവർച്ചവസ്‌തു പങ്കുവയ്ക്കുമ്പോൾ ആനന്ദിക്കുന്നവരെപ്പോലെയും അവർ അങ്ങയുടെ മുൻപിൽ ആഹ്ളാദിക്കുന്നു. അവൻ വഹിച്ചിരുന്ന നുകവും അവന്റെ ചുമലിലെ ദണ്‌ഡും മർദകന്റെ വടിയും മിദിയാൻെ നാളിലെന്നപോലെ അങ്ങ് തകർത്തുകളഞ്ഞിരിക്കുന്നു. അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിന്റെ ചെരിപ്പും രക്തം പുരണ്ട വസ്ത്രവും വിറകു പോലെ അഗ്നിയിൽ ദഹിക്കും; എന്തെന്നാൽ, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രൻ നല്‌കപ്പെട്ടിരിക്കുന്നു. ആധിപത്യം അവൻ്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിൻ്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ.
കർത്താവിൻ്റെ ദാസരേ, അവിടത്തെ സ്‌തുതിക്കുവിൻ! കർത്താവിന്റെ നാമം സ്‌തുതിക്കുവിൻ! കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
കർത്താവിൻ്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ.
ഉദയം മുതൽ അസ്‌തമയംവരെ കർത്താവിൻ്റെ നാമം വാഴ്ത്തപ്പെടട്ടെ! കർത്താവു സകല ജനതകളുടെയുംമേൽ വാഴുന്നു; അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു.
കർത്താവിൻ്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ.
നമ്മുടെ ദൈവമായ കർത്താവിനു തുല്യനായി ആരുണ്ട്? അവിടന്ന് ഉന്നതത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അവിടന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു.
കർത്താവിൻ്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ.
അവിടന്നു ദരിദ്രനെ പൊടിയിൽനിന്ന് ഉയർത്തുന്നു; അഗതിയെ ചാരക്കൂനയിൽനിന്ന് ഉദ്‌ധരിക്കുന്നു. അവരെ പ്രഭുക്കൻ മാരോടൊപ്പം, തന്റെ ജനത്തിന്റെ പ്രഭുക്കൻമാരോടൊപ്പം ഇരുത്തുന്നു.
കർത്താവിൻ്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ.
അല്ലേലുയാ 1
അല്ലേലൂയാ! (cf. ലൂക്കാ 1:28). ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി! കർത്താവ് നിന്നോടുകൂടെ! നീ സ്ത്രീകളിൽ അനുഗൃഹീതയാണ്. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും)
അക്കാലത്ത്, ഗ്രബ്രിയേൽദുതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നുപേരുള്ള പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി. കർത്താവ് നിന്നോടുകൂടെ! ഈ വചനം കേട്ട് അവൾ ഏറെ അസ്വസ്‌ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അർഥം എന്ന് അവൾ ചിന്തിച്ചു. ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവൻ വലിയവനായിരിക്കും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവൻെറ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതൻ മറുപടി പറഞ്ഞു: പരിശുദ്‌ധാത്‌മാവ് നിൻമേൽ വരും; അത്യുന്നതൻ്റെ ശക്തി നിൻമേൽ ആവസിക്കും. ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്‌ധൻ, ദൈവപുത്രൻ എന്നുവിളിക്കപ്പെടും. ഇതാ, നിൻ്റെ ചാർച്ചക്കാരി വൃദ്‌ധയായ എലിസബത്തും ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്‌ധ്യയെന്നു പറഞ്ഞിരുന്ന അവൾക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കർത്താവിന്റെ ദാസി! നിൻെറ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുമ്പിൽ നിന്നു മറഞ്ഞു.



