Word of God

ആണ്ടുവട്ടം പത്തൊമ്പതാം വാരം ചൊവ്വ വചനവായന

ഓഗസ്റ്റ് 11 ചൊവ്വ

ഒന്നാം വായന

എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്നു്

(ഞാൻ അതു ഭക്ഷിച്ചു; എന്റെ നാവിന് അത് തേൻപോലെ മാധുര്യമുള്ളതായിരുന്നു)

കർത്താവ് അരുൾചെയ്യുന്നു: മനുഷ്യപുത്രാ, ഞാൻ നിന്നോടു പറയുന്നതു കേൾക്കുക. ആ ധിക്കാരികളുടെ ഭവനത്തെപ്പോലെ നീയും ധിക്കാരിയാകരുത്. ഞാൻ നിനക്കു തരുന്നത് വായ്‌തുറന്ന് ഭക്ഷിക്കുക. ഞാൻ നോക്കി. അതാ, നീട്ടിയ ഒരു കരവും അതിൽ ഒരു ലേഖനച്ചൂരുളും. അവൻ അത് എന്റെ മുമ്പിൽ വിടർത്തി. അതിന്റെ അകത്തും പുറത്തും എഴുതിയിരുന്നു. അതിൽ വിലാപങ്ങളും പരിദേവനങ്ങളും ദുരിതങ്ങളും രേഖപ്പെടുത്തിയിരുന്നു.

അവൻ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, നീ കാണുന്ന ഈ ചുരുൾ ഭക്‌ഷിക്കുക. എന്നിട്ട്പോയി ഇസ്രായേൽഭവനത്തോടു സംസാരിക്കുക. ഞാൻ വായ് തുറന്നു. അവൻ ആ ചുരുൾ എനിക്കു ഭക്ഷിക്കാൻ തന്നു. അവൻ പറഞ്ഞു: മനുഷ്യപുത്രാഞാൻ തരുന്ന ഈ ചുരുൾ ഭക്ഷിച്ച് വയറുനിറയ്ക്കുക; ഞാൻ അതു ഭക്ഷിച്ചു. എന്റെ വായിൽ അതു തേൻ പോലെ മധുരിച്ചു. അവൻ വീണ്ടും പറഞ്ഞു: മനുഷ്യപുത്രാ, നീ ഇസ്രായേൽ ഭവനത്തിൽച്ചെന്ന് എന്റെ വാക്കുകൾ അവരെ അറിയിക്കുക.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അങ്ങയുടെ വാക്കുകൾ എനിക്ക് എത്ര മധുരമാണ്!

സമ്പദ് സമൃദ്‌ധിയിലെന്നപോലെ അങ്ങയുടെ കല്‌പനകൾ പിന്തുടരുന്നതിൽ ഞാൻ ആനന്ദിക്കും. അവിടത്തെ കല്പനകളാണ് എന്റെ ആനന്ദം; അവയാണ് എനിക്ക് ഉപദേശം നലകുന്നത്.

കർത്താവേ, അങ്ങയുടെ വാക്കുകൾ എനിക്ക് എത്ര മധുരമാണ്!

ആയിരക്കണക്കിനു പൊൻവെള്ളിനാണയങ്ങളെക്കാൾ അങ്ങയുടെ വദനത്തിൽനിന്നു പുറപ്പെടുന്ന നിയമമാണ് എനിക്ക് അഭികാമ്യം. അങ്ങയുടെ വാക്കുകൾ എനിക്ക് എത്ര മധുരമാണ്! അവ എന്റെ നാവിന് തേനിനെക്കാൾ മധുരമാണ്.

കർത്താവേ, അങ്ങയുടെ വാക്കുകൾ എനിക്ക് എത്ര മധുരമാണ്!

അങ്ങയുടെ കല്പനകളാണ് എന്നേക്കും എൻ്റെ ഓഹരി; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാണ്. അങ്ങയുടെ പ്രമാണങ്ങളോടുള്ള അഭിവാഞ്ഛനിമിത്തം ഞാൻ വായ് തുറന്നു കിതയ്ക്കുന്നു.

കർത്താവേ, അങ്ങയുടെ വാക്കുകൾ എനിക്ക് എത്ര മധുരമാണ്!

അല്ലേലൂയാ! (മത്താ 11:29). ഞാൻ ശാന്തശീലനും വിനീത ഹൃദയ ദയനുമാകയാൽ എൻ്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ, നിങ്ങൾക്ക് ആശ്വാസം ലഭി ക്കും. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഈ കുട്ടികളിലാരെയും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുവിൻ)

അക്കാലത്ത്, ശിഷ്യൻമാർ യേശുവിനെ സമീപിച്ചു ചോദിച്ചു: സ്വർഗരാജ്യത്തിൽ വലിയവൻ ആരാണ്? യേശു ഒരു ശിശുവിനെ വിളിച്ച് അവരുടെ മധ്യേ നിർത്തിക്കൊണ്ട് അരുൾചെയ്‌തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വർഗരാജ്യത്തിലെ ഏറ്റവും വലിയവൻ. ഇതു പോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്‌ഷിച്ചുകൊള്ളുക. നിങ്ങൾക്ക് എന്തു തോന്നുന്നു, ഒരാൾക്ക് നൂറ് ആടുകൾ ഉണ്ടായിരിക്കേ, അതിലൊന്ന് വഴിതെറ്റിപ്പോയാൽ തൊണ്ണൂറ്റൊമ്പതിനെയും മലയിൽ വിട്ടിട്ട്, അവൻ വഴിതെറ്റിയതിനെ അന്വേഷിച്ചുപോകയില്ലേ? കണ്ടെത്തിയാൽ അതിനെക്കുറിച്ച്, വഴിതെറ്റിപ്പോകാത്ത തൊണ്ണുറ്റൊമ്പതിനെക്കുറിച്ച് എന്നതിനെക്കാൾ അവൻ സന്തോഷിക്കുമെന്ന് സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഇതുപോലെ, ഈ ചെറിയവരിൽ ഒരുവൻപോലും നശിച്ചുപോകാൻ എൻറ സ്വർഗസ്ഥ‌നായ പിതാവ് ഇഷ്‌ടപ്പെടുന്നില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.