സുനിൽ ഡി.ജെ.
വ്ളാത്താങ്കര: വ്ളാത്താങ്കര മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടന നഗരിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 09 ഞായറാഴ്ച തീർത്ഥാടന കേന്ദ്രം വികാരി ഫാ. ജോയി സി.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ്. ഉഷാകുമാരി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മരിയൻ തീർത്ഥാടന ജനറൽ കൺവീനർ ചെങ്കൽ വിൻസെന്റ്, ഇടവക കൗൺസിൽ സെക്രട്ടറി ലാൽ സി.വി., തീർത്ഥാടന പ്രാഥമിക ശുശ്രൂഷ കൺവീനർ മരിയതങ്കം എന്നിവർ സംസാരിച്ചു. നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയും മറ്റ് എട്ട് സ്ഥാപനങ്ങളും മെഡിക്കൽ ക്യാമ്പിന് പങ്കാളികളായി.
രാവിലെ 7.30ന് പരേതർക്ക് വേണ്ടിയുള്ള ദിവ്യബലിയും വിശേഷാൽ പ്രാർത്ഥനയും നടന്നു. 11ന് കിടപ്പുരോഗികളെ വിൻസെന്റ് ഡീ പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിൽ പള്ളിയിൽ എത്തിക്കുകയും അവർക്കായി ദിവ്യബലി അർപ്പിച്ച് പ്രത്യേക പ്രാർത്ഥനകൾ നടന്നു. വൈകുന്നേരം 6.00 നടന്ന ദിവ്യബലിക്ക് ശേഷം ഫാദർ അലോഷ്യസ് കുളങ്ങരയുടെ നേതൃത്വത്തിൽ വ്ളാത്താങ്കര ബൈബിൾ കൺവെൻഷൻ ആരംഭിച്ചു. ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 13 ന് സമാപിക്കും.




