Word of God

ആണ്ടുവട്ടം ഇരുപതാം വാരം ബുധൻ വചനവായന

ഓഗസ്റ്റ് 19 ബുധൻ

ഒന്നാം വായന

എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(എൻ്റെ ആടുകൾ അവർക്കു ഭക്‌ഷണമായിത്തീരാതിരിക്കാൻ ഞാൻ അവയെ അവരുടെ വായിൽനിന്നു രക്ഷിക്കും)

കർത്താവ് എന്നോട് അരുൾചെയ്‌തു: മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയൻമാർക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കർത്താവ് അരുൾചെയ്യുന്നു. തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേലിന്റെ ഇടയൻമാരേ, നിങ്ങൾക്കു ദുരിതം! ഇടയൻമാർ ആടുകളെയല്ലേ പോറ്റേണ്ടത്? നിങ്ങൾ മേദസ്‌സു ഭക് ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാൽ, നിങ്ങൾ ആടുകളെ പോറ്റുന്നില്ല. ദുർബലമായതിന് നിങ്ങൾ ശക്‌തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരിയെക്കൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്‌തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങൾ അവയോടു പെരുമാറി. ഇടയനില്ലാഞ്ഞതിനാൽ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങൾക്ക് അവ ഇരയായിത്തീർന്നു. എന്റെ ആടുകൾ ചിതറിപ്പോയി; മലകളിലും ഉയർന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകൾ ചിതറിപ്പോയി. അവയെ തെരയാനോ അന്വേഷിക്കാനോ ആരുമുണ്ടായില്ല.

ആകയാൽ, ഇടയൻമാരേ, കർത്താവിന്റെ വചനം ശ്രവിക്കുവിൻ. ദൈവമായ കർത്താവ് അരുൾചെയ്യുന്നു: ഞാനാണേ. ഇടയൻമാരില്ലാഞ്ഞതിനാൽ എൻ്റെ ആടുകൾ വന്യമൃഗങ്ങൾക്ക് ഇരയായിത്തീർന്നു. എൻ്റെ ഇടയൻമാർ എൻ്റെ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവർ തങ്ങളെത്തന്നെ പോറ്റി. ആകയാൽ ഇടയൻമാരേ, കർത്താവിൻെറ വചനം ശ്രവിക്കുവിൻ. ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ഇടയൻമാർക്കെതിരാണ്. എന്റെ ആടുകൾക്ക് ഞാൻ അവരോടു കണക്കു ചോദിക്കും; അവരുടെ മേയ്ക്കലിനു ഞാൻ അറുതിവരുത്തും. ഇനിമേൽ ഇടയൻമാർ തങ്ങളെത്തന്നെ പോറ്റുകയില്ല. എന്റെ ആടുകൾ അവർക്കു ഭക്‌ഷണമായിത്തീരാതിരിക്കാൻ ഞാൻ അവയെ അവരുടെ വായിൽനിന്നു രക്‌ഷിക്കും. ദൈവമായ കർത്താവ് അരുൾചെയ്യുന്നു: ഇതാ, ഞാൻ തന്നെ എൻ്റെ ആടുകളെ അന്വേഷിച്ചു കണ്ടുപിടിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‌ത്തകിടിയിൽ അവിടന്ന് എനിക്കുവിശ്രമമരുളുന്നു. പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു. അവിടന്ന് എനിക്ക് ഉന്മേഷം നല്‌കുന്നു.

കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

തന്റെ നാമത്തെപ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു. മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദൺഡും എനിക്ക് ഉറപ്പേകുന്നു.

കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

എന്റെ ശത്രുക്കളുടെ മുൻപിൽ അവിടന്ന് എനിക്കു വിരുന്നൊരുക്കുന്നു; എൻ്റെ ശിരസ്‌സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എൻ്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു. അവിടത്തെ നൻമയും കരുണയും ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും; കർത്താവിൻ്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.

കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.

അല്ലേലൂയാ !

അല്ലേലൂയാ! (ഹെബ്രാ 4:12). ദൈവത്തിൻ്റെ വചനം സജീ വവും ഊർജസ്വലവുമാണ്; ഹൃദയത്തിൻ്റെ വിചാരങ്ങളെയും നിയോ ഗങ്ങളെയും വിവേചിക്കുന്നതുമാണ്. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഞാൻ നല്ലവനായതുകൊണ്ട് നീ എന്തിന് അസൂയപ്പെടുന്നു?)

അക്കാലത്ത്, യേശു ശിഷ്യൻമാരോട് ഒരു ഉപമ അരുൾചെയ്‌തു: സ്വർഗരാജ്യം, തന്റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാൻ അതിരാവിലേ പുറപ്പെട്ട വീട്ടുടമസ്‌ഥനു സദ്യശം. ദിവസം ഒരു ദനാറ വീതം വേതനം നല്‌കാമെന്ന കരാറിൽ അവൻ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു. മൂന്നാം മണിക്കൂറിൽ അവൻ പുറത്തേക്കിറങ്ങിയപ്പോൾ ചിലർ ചന്തസ്‌ഥലത്ത് അലസരായി നില്ക്കുന്നതുകണ്ട് അവരോടു പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ; ന്യായമായ വേതനം നിങ്ങൾക്കു ഞാൻ തരാം. അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി. ആറാം മണിക്കൂറിലും ഒമ്പതാം മണിക്കൂറിലും പുറത്തേക്കിറങ്ങിയപ്പോഴും അവൻ ഇതുപോലെതന്നെ ചെയ്തു. ഏകദേശം പതിനൊന്നാം മണിക്കൂറിൽ അവൻ പുറത്തേക്കിറങ്ങിയപ്പോഴും അവിടെ ചിലർ നില്ക്കുന്നതുകണ്ട് അവരോടു ചോദിച്ചു: നിങ്ങൾ ദിവസം മുഴുവൻ അലസരായി നില്ക്കുന്നതെന്ത്? ഞങ്ങളെ ആരും വേലയ്ക്കു വിളിക്കാത്തതുകൊണ്ട് എന്ന് അവർ മറുപടി നല്കി. അവൻ പറഞ്ഞു: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ. വൈകുന്നേരമായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്‌ഥൻ കാര്യസ്‌ഥനോടു പറഞ്ഞു: ജോലിക്കാരെ വിളിച്ച്, അവസാനം വന്നവർക്കു തുടങ്ങി ആദ്യം വന്നവർക്കുവരെ, കൂലി കൊടുക്കുക. പതിനൊന്നാം മണിക്കൂറിൽ വന്നവർക്ക് ഓരോ ദനാറ ലഭിച്ചു. തങ്ങൾക്കു കൂടുതൽ ലഭിക്കുമെന്ന്ആദ്യം വന്നവർ വിചാരിച്ചു. എന്നാൽ, അവർക്കും ഓരോ ദനാറ തന്നെ കിട്ടി. അതു വാങ്ങുമ്പോൾ അവർ വീട്ടുടമസ്‌ഥനെതിരേ പിറുപിറുത്തു-അവസാനം വന്ന ഇവർ ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ; എന്നിട്ടും പകലിൻെറ അധ്വാനവും ചൂടും സഹിച്ച ഞങ്ങളോട് അവരെ നീ തുല്യരാക്കിയല്ലോ. അവൻ അവരിലൊരുവനോട് ഇങ്ങനെ മറുപടി പറഞ്ഞു: സ്നേഹിതാ, ഞാൻ നിന്നോട് ഒരനീതിയും ചെയ്യുന്നില്ല. ഒരു ദനാറയ്ക്കല്ലേ നീ എന്നോടു സമ്മതിച്ചിരുന്നത്? നിനക്ക് അവകാശപ്പെട്ടതു വാങ്ങി ക്കൊണ്ടുപൊയ്കൊള്ളുക. അവസാനം വന്ന ഇവനും നിനക്കു നല്‌കിയതുപോലെതന്നെ കൊടുക്കാനാണ് എനിക്കിഷ്ടം. എന്റെ വസ്തുവകകൾകൊണ്ട് എനിക്കിഷ്ടമുള്ളതു ചെയ്യാൻ പാടില്ലെന്നോ? ഞാൻ നല്ലവനായതുകൊണ്ട് നീ എന്തിന് അസുയപ്പെടുന്നു? ഇപ്രകാരം, പിമ്പൻമാർ മുമ്പൻമാരും മുമ്പൻമാർ പിമ്പൻമാരുമാകും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.