ഓഗസ്റ്റ് 18 ചൊവ്വ
ഒന്നാം വായന
എസെക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ നിന്ന്
(നീ മനുഷ്യനത്രേ; ദൈവമല്ലാതിരിക്കേ, നീ നിന്റെ ഹൃദയം ദൈവഹൃദയത്തിനുതുല്യം വിലമതിച്ചു)
കർത്താവ് എന്നോട് അരുൾ ചെയ്തു. മനുഷ്യപുത്രാ, ടയിർ രാജാവിനോടു പറയുക: ദൈവമായ കർത്താവ് അരുൾചെയ്യുന്നു, അഹങ്കാരത്തള്ളൽ കൊണ്ടു നീ പറഞ്ഞു: ഞാൻ ദേവനാണ്; സമുദ്രമധ്യേ ദേവൻമാരുടെ സിംഹാസനത്തിൽ ഞാൻ ഇരിക്കുന്നു. എന്നാൽ നീ ദൈവത്തെപ്പോലെ ബുദ്ധിമാനെന്ന് തന്നത്താൻ കണക്കാക്കുന്നെങ്കിലും നീ ദൈവമല്ല, മനുഷ്യൻ മാത്രമാണ്. തീർച്ചയായും നീ ദാനിയേലിനെക്കാൾ ബുദ്ധിമാനാണ്. ഒരു രഹസ്യവും നിന്നിൽനിന്നു മറഞ്ഞിരിക്കുന്നില്ല. ബുദ്ധികൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു; പൊന്നും വെള്ളിയും നിന്റെ ഭൺഡാരത്തിൽ സംഭരിച്ചു. വ്യാപാരത്തിലുള്ള നിന്റെ വലിയ അറിവുമൂലം നീ സമ്പത്തു വർധിപ്പിച്ചു. ധനംമൂലം അഹങ്കരിച്ചു. ആകയാൽ, ദൈവമായ കർത്താവ് അരുൾചെയ്യുന്നു: നീ നിന്നെത്തന്നെ ദൈവത്തെപ്പോലെ ജ്ഞാനിയായി കണക്കാക്കി. അതിനാൽ ജനതകളിൽവച്ച് ഏറ്റവും ഭീകരൻമാരായവരെ ഞാൻ നിൻമേൽ അയയ്ക്കും. നിന്റെ ജ്ഞാനത്തിൻ്റെ മനോഹാരിതയ്ക്കു നേരേ അവർ വാളൂരും. അവർ നിന്റെ തേജസ്സ് കെടുത്തിക്കളയും. അവർ നിന്നെ പാതാളത്തിലേക്കു തള്ളിയിടും. വധിക്കപ്പെട്ടവനെപ്പോലെ നീ സമുദ്രമധ്യേ മരിക്കും. നിന്നെ കൊല്ലുന്നവന്റെ മുമ്പിൽവച്ച്, ഞാൻ ദേവനാണ് എന്ന് നീ ഇനിയുംപറയുമോ? നിന്നെ മുറിവേല്പിക്കുന്നവൻെറ കൈകളിൽ നീ ദേവനല്ല, വെറും മനുഷ്യനാണ്. അപരിച്ഛേദിതനെപ്പോലെ നീ വിദേശികളുടെ കരത്താൽ മരിക്കും. കർത്താവായ ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാൻ തന്നെ.
അവരെ ഞാൻ ചിതറിച്ചുകളയും, ജനതകളുടെ ഇടയിൽനിന്ന് അവരുടെ ഓർമപോലും തുടച്ചുനീക്കും എന്നു ഞാൻ പറയുമായിരുന്നു.
മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാൻ തന്നെ.
എന്നാൽ, ശത്രു പ്രകോപനപരമായി പെരുമാറുകയും എതിരാളികൾ അഹങ്കാരോൻമത്തരായി, ഞങ്ങളുടെ കരം വിജയിച്ചിരിക്കുന്നു, കർത്താവല്ല ഇതു ചെയ്തത് എന്നുപറയുകയും ചെയ്തേക്കുമെന്ന് ഞാൻ ഭയപ്പെട്ടു. ആലോചനയില്ലാത്ത ഒരു ജനമാണവർ; വിവേകവും അവർക്കില്ല.
മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാൻ തന്നെ.
ഇസ്രായേലിന്റെ അഭയം അവരെ വിറ്റുകളയുകയും കർത്താവ് അവരെ കൈവെടിയുകയും ചെയ്തിരുന്നില്ലെങ്കിൽ, ആയിരം പേരെ അനുധാവനം ചെയ്യാൻ ഒരാൾക്കെങ്ങനെ കഴിയുമായിരുന്നു? പതിനായിരങ്ങളെ തുരത്താൻ രണ്ടുപേർക്ക് എങ്ങനെ സാധിക്കുമായിരുന്നു?
മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാൻ തന്നെ.
അവരുടെ വിനാശകാലം ആസന്നമായി, അവരുടെമേൽ പതിക്കാനിരിക്കുന്ന നാശം അതിവേഗം അടുത്തുവരുന്നു. കർത്താവു തൻ്റെ ജനത്തിനുവേണ്ടി നീതി നടത്തും; തന്റെ ദാസരോടു കരുണ കാണിക്കും.
മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാൻ തന്നെ.
അല്ലേലൂയാ !
അല്ലേലൂയാ! (2 കോറി 8:9). കർത്താവായ യേശുക്രിസ്തു സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ദരിദ്രനായി – തന്റെ ദാരിദ്ര്യ ത്താൽ നിങ്ങൾ സമ്പന്നരാകാൻവേണ്ടിത്തന്നെ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ധനവാൻ സ്വർഗത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്)
അക്കാലത്ത്, യേശു ശിഷ്യൻമാരോട് അരുൾചെയ്തു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ധനവാനു സ്വർഗരാജ്യത്തിൽ പ്രവേശിക്കുക ദുഷ്കരമാണ്. വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു: ധനവാൻ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പം, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ്. ശിഷ്യൻമാർ ഇതുകേട്ട് വിസ്മയഭരിതരായി അവനോടു ചോദിച്ചു: അങ്ങനെയെങ്കിൽ രക്ഷപ്പെടാൻ ആർക്കു സാധിക്കും? യേശു അവരെ നോക്കിപ്പറഞ്ഞു: മനുഷ്യർക്ക് ഇത് അസാധ്യമാണ്; എന്നാൽ, ദൈവത്തിന് എല്ലാം സാധ്യമാണ്.അപ്പോൾ പത്രോസ് പറഞ്ഞു: ഇതാ, ഞങ്ങൾ എല്ലാം ഉപേക്ഷിച്ച് നിന്നെ അനുഗമിച്ചിരിക്കുന്നു. ഞങ്ങൾക്കെന്താണു ലഭിക്കുക? യേശു അവരോടു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. പുനർജീവിതത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്ത്വത്തിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ ഇസ്രായേലിൻെറ പന്ത്രണ്ടുഗോതങ്ങളെ വിധിച്ചുകൊണ്ട് പന്ത്രണ്ടു സിംഹാസനങ്ങളിൽ ഇരിക്കും. എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരൻമാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ആർക്കും നൂറിരട്ടി ലഭിക്കും; അവൻ നിത്യജീവൻ അവകാശമാക്കുകയും ചെയ്യും. എന്നാൽ, മുമ്പൻമാർ പലരും പിമ്പൻമാരും പിമ്പൻമാർ മുമ്പൻമാരുമാകും.




