Word of God

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ വചന വായന

ഓഗസ്റ്റ് 09 ഞായർ

ഒന്നാം വായന

രാജാക്കന്മാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന്

(മലയിൽ കർത്താവിൻ്റെ സിന്നിധിയിൽ നില്ക്കുക)

അക്കാലത്ത്, ഏലിയാ, ഹോറെബ് മലയിലെ ഒരു ഗുഹയിൽ വസിച്ചു. അവിടെവച്ച് കർത്താവിന്റെ സ്വരം അവൻ ശ്രവിച്ചു: ഏലിയാ, നീ ഇവിടെ എന്തുചെയ്യുന്നു? നീ ചെന്ന് മലയിൽ കർത്താവിന്റെ സന്നിധിയിൽ നില്ക്കുക, അവിടന്ന് അരുൾചെയ്തു‌. കർത്താവു കടന്നുപോയി. അവിടത്തെ മുൻപിൽ മലകൾ പിളർന്നും പാറകൾ തകർത്തും കൊണ്ട് കൊടുങ്കാറ്റടിച്ചു; കൊടുങ്കാറ്റിൽ കർത്താവില്ലായിരുന്നു. കാറ്റുകഴിഞ്ഞ് ഭൂകമ്പമുണ്ടായി. ഭൂകമ്പത്തിലും കർത്താവില്ലായിരുന്നു. ഭൂകമ്പത്തിനുശേഷം അഗ്നിയുണ്ടായി. അഗ്‌നിയിലും കർത്താവില്ലായിരുന്നു. അഗ്നി അടങ്ങിയപ്പോൾ ഒരു മൃദുസ്വരംകേട്ടു. അപ്പോൾ ഏലിയാ മേലങ്കി കൊണ്ടു മുഖം മറച്ചു, പുറത്തേക്കുവന്ന്, ഗുഹാമുഖത്തുനിന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ!

കർത്താവായ ദൈവം അരുൾ ചെയ്യുന്നതു ഞാൻ കേൾക്കും; അവിടന്ന് തന്റെ ജനത്തിനു സമാധാനമരുളും; അവിടത്തെ ഭയപ്പെടുന്നവർക്ക് രക്ഷ സമീപസ്‌ഥമാണ്; മഹത്ത്വം നമ്മുടെ ദേശത്തു കുടികൊള്ളും.

കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ!

കാരുണ്യവും വിശ്വസ്തതയും തമ്മിൽ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്പരം ചുംബിക്കും. ഭൂമിയിൽ വിശ്വസ്തത മുളയെടുക്കും; നീതി ആകാശത്തു നിന്നു ഭൂമിയെ കടാക്ഷിക്കും.

കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ!

കർത്താവു നൻമ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‌കും. നീതി അവിടത്തെ മുൻപിൽ നടന്ന് അവിടത്തേക്കു വഴിയൊരുക്കും.

കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ചൊരിയണമേ!

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്

(എന്റെ സഹോദരരെപ്രതി ശാപഗ്രസ്‌തനാകാൻപോലും ഞാൻ ആഗ്രഹിക്കും)

സഹോദരരേ, ഞാൻ ക്രിസ്‌തുവിനെ മുൻനിർത്തി സത്യം പറയുന്നു; വ്യാജം പറയുകയല്ല. എന്റെ മനസ്‌സാക്‌ഷിയും പരിശുദ്ധാത്മാവാൽ പ്രചോദിതമായി എനിക്കു സാക്‌ഷ്യം നല്കുന്നു. എനിക്കു ദുഃഖവും ഹൃദയത്തിൽ അടങ്ങാത്ത വേദനയുമുണ്ട്. വംശമുറയനുസരിച്ചുതന്നെ എനിക്കുറ്റവരായ സഹോദരങ്ങൾക്ക് ഉപകരിക്കുമെങ്കിൽ, ശപിക്കപ്പെട്ടവനും ക്രിസ്തുവിൽ നിന്നു വിച്ഛേദിക്കപ്പെട്ടവനുമാകാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ഇസ്രായേൽമക്കളാണ്. പുത്രസ്‌ഥാനവും മഹത്ത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ്. പൂർവപിതാക്കൻമാരും അവരുടേത്; ക്രിസ്തുവും വംശമുറയ്ക്ക് അവരിൽനിന്നുള്ളവൻതന്നെ. അവൻ സർവാധിപനായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമാണ്. ആമേൻ.

കർത്താവിന്റെ വചനം.
അല്ലേലൂയാ !

അല്ലേലൂയാ! (Ps.130 : 5) കർത്താവിനെ ഞാൻ കാത്തിരിക്കുന്നു. അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാൻ കല്പിക്കുക)

ജനസഞ്ചയത്തെ പിരിച്ചുവിടുമ്പോഴേക്കും തനിക്കുമുമ്പേ വഞ്ചിയിൽ കയറി മറുകരയ്ക്കു പോകാൻ യേശു ശിഷ്യൻമാരെ നിർബന്ധിച്ചു. അവൻ ജനക്കൂട്ടത്തെ പിരിച്ചുവിട്ടതിനുശേഷം ഏകാന്തതയിൽ പ്രാർഥിക്കാൻ മലയിലേക്കുകയറി. രാത്രിയായപ്പോഴും അവൻ അവിടെ തനിച്ച് ആയിരുന്നു. ഇതിനിടെ വഞ്ചി കരയിൽനിന്ന് ഏറെദൂരം അകന്നുകഴിഞ്ഞിരുന്നു. കാറ്റ് പ്രതികൂലമായിരുന്നതിനാൽ തിരമാലകളിൽപ്പെട്ട് അതു വല്ലാതെ ഉലഞ്ഞു. രാത്രിയുടെ നാലാംയാമത്തിൽ അവൻ കടലിനുമീതേ നടന്ന് അവരുടെ അടുത്തേക്കു ചെന്നു. അവൻ കടലിനുമീതേ നടക്കുന്നതുകണ്ട് ശിഷ്യൻമാർ പരിഭ്രാന്തരായി, ഇതാ, ഭൂതം എന്നുപറഞ്ഞ്, ഭയം നിമിത്തം നിലവിളിച്ചു. ഉടനേ അവൻ അവരോടു സംസാരിച്ചു: ധൈര്യമായിരിക്കുവിൻ, ഞാനാണ്, ഭയപ്പെടേണ്ടാ, പത്രോസ് അവനോടു പറഞ്ഞു: കർത്താവേ, അങ്ങാണെങ്കിൽ ഞാൻ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാൻ കല്പ്‌പിക്കുക. വരൂ, അവൻ പറഞ്ഞു. പത്രോസ് വഞ്ചിയിൽ നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു ചെന്നു. എന്നാൽ, കാറ്റ് ആഞ്ഞടിക്കുന്നതുകണ്ട് അവൻ ഭയന്നു. ജലത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ അവൻ നിലവിളിച്ചു പറഞ്ഞു: കർത്താവേ, രക്ഷിക്കണേ! ഉടനേ യേശു കൈനീട്ടി അവനെ പിടിച്ചുകൊണ്ടു പറഞ്ഞു: അല്‌പവിശ്വാസീ, നീ സംശയിച്ചതെന്ത്? അവർ വഞ്ചിയിൽ കയറിയപ്പോൾ കാറ്റു ശമിച്ചു. വഞ്ചിയിലുണ്ടായിരുന്നവർ അവനെ ആരാധിച്ചുകൊണ്ട് ‘സത്യമായും നീ ദൈവപുത്രനാണ്’ എന്നുപറഞ്ഞു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.