Word of God

കർത്താവിന്റെ രൂപാന്തരണതിരുനാൾ വ്യാഴം വചനവായന

ഓഗസ്റ്റ് 06 വ്യാഴം

ഒന്നാം വായന

ദാനിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളാഭമായിരുന്നു)

ഞാൻ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങൾ നിരത്തി, പുരാതനനായവൻ ഉപവിഷ്‌ടനായി. അവന്റെ വസ്ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിർമലമായ ആട്ടിൻരോമം പോലെ! തീജ്ജ്വാലകളായിരുന്നു അവന്റെ സിംഹാസനം; അതിന്റെ ചക്രങ്ങൾ കത്തിക്കാളുന്ന അഗ്നി. അവന്റെ മുൻപിൽനിന്ന് അഗ്‌നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേർ അവനെ സേവിച്ചു; പതിനായിരംപതിനായിരം പേർ അവന്റെ മുൻപിൽനിന്നു. ന്യായാധിപസഭ ന്യായവിധിക്ക് ഉപവിഷ്ടമായി. ഗ്രന്ഥങ്ങൾ തുറക്കപ്പെട്ടു. നിശാദർശനത്തിൽ ഞാൻ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവൻ വരുന്നു. അവനെ പുരാതനനായവന്റെ മുൻപിൽ ആനയിച്ചു. എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അവനു നല്‌കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല. അവൻ രാജത്വം അനശ്വരമാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവു വാഴുന്നു; അവിടന്നു ഭൂമി മുഴുവന്റെയും അധിപനാണ്.

കർത്താവു വാഴുന്നു; ഭൂമി സന്തോഷിക്കട്ടെ! ദീപസമൂഹങ്ങൾ ആനന്ദിക്കട്ടെ!
മേഘങ്ങളും കൂരിരുട്ടും അവിടത്തെ ചുറ്റും ഉണ്ട്; നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്‌ഥാനമാണ്.

കർത്താവു വാഴുന്നു; അവിടന്നു ഭൂമി മുഴുവന്റെയും അധിപനാണ്.

കർത്താവിന്റെ മുൻപിൽ, ഭൂമി മുഴുവന്റെയും അധിപനായ കർത്താവിന്റെ മുൻപിൽ, പർവതങ്ങൾ മെഴുകുപോലെ ഉരുകുന്നു.ആകാശം അവിടത്തെ നീതി പ്രഘോഷിക്കുന്നു; എല്ലാ ജനതകളും അവിടത്തെ മഹത്ത്വം ദർശിക്കുന്നു.

കർത്താവു വാഴുന്നു; അവിടന്നു ഭൂമി മുഴുവന്റെയും അധിപനാണ്.

കർത്താവേ, അങ്ങ് ഭൂമിമുഴുവൻ്റെയും അധിപനാണ്; എല്ലാദേവൻമാരെയുംകാൾ ഉന്നതനാണ്.

കർത്താവു വാഴുന്നു; അവിടന്നു ഭൂമി മുഴുവന്റെയും അധിപനാണ്.

രണ്ടാം വായന

വി. പത്രോസ് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്

(സ്വർഗത്തിൽനിന്ന് ഈ വാക്കുകൾ മുഴങ്ങുന്നതു ഞങ്ങൾ കേട്ടതാണ്)

പ്രിയപ്പെട്ടവരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയെയും പ്രത്യാഗമനത്തെയും കുറിച്ചു ഞങ്ങൾ നിങ്ങളെ അറിയിച്ചത്, കൗശലപൂർവം മെനഞ്ഞെടുത്ത കല്പിത കഥകൾ വിശ്വസിച്ചതുകൊണ്ടല്ല; ഞങ്ങൾ അവന്റെ ശക്തി പ്രാഭവത്തിന്റെ ദൃക്‌സാക്ഷികളായതുകൊണ്ടാണ്. പിതാവായ ദൈവത്തിൽനിന്നു ബഹുമാനവും മഹത്ത്വവും അവൻ സ്വീകരിച്ചു. ഇവൻ എൻ്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന സ്വരം മഹിമപ്രാഭവത്തിൽനിന്ന് അവന്റെ അടുത്തുവരുകയും ചെയ്‌തു. സ്വർഗത്തിൽനിന്നുണ്ടായ ആ സ്വരം ഞങ്ങൾ കേട്ടു. എന്തന്നാൽ, ഞങ്ങളും അവൻെറ കൂടെ വിശുര്‌ധമലയിൽ ഉണ്ടായിരുന്നു. ഇങ്ങനെ പ്രവാചകവചനത്തെപ്പറ്റി ഞങ്ങൾക്ക് കൂടുതൽ ഉറപ്പുലഭിച്ചിരിക്കുന്നു. പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്‌ഷത്രം നിങ്ങളുടെ ഹൃദയങ്ങളിൽ ഉദിക്കുകയും ചെയ്തുന്നതുവരെ, ഇരുളിൽ പ്രകാശിക്കുന്ന ദീപം എന്നപോലെ പ്രവാചകവചനം നിങ്ങൾ ശ്രദ്‌ധിക്കേണ്ടതാണ്.

കർത്താവിന്റെ വചനം.

അല്ലേലൂയാ !

അല്ലേലൂയാ! (Mt. 17 : 5c) ഇവൻ എൻ്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവന്റെ വാക്കു ശ്രവിക്കുവിൻ. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവൻ്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി)

അക്കാലത്ത്, യേശു, പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി. അവൻ അവരുടെ മുമ്പിൽവച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവൻെറ വസ്ത്രം പ്രകാശംപോലെ ധവളമായി. മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവർ കണ്ടു. പത്രോസ് യേശുവിനോടു പറഞ്ഞു: കർത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കിൽ ഞങ്ങൾ ഇവിടെ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം – ഒന്നു നിനക്ക്, ഒന്നുമോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ശോഭയേറിയ ഒരുമേഘംവന്ന് അവരെ ആവരണം ചെയ്തു‌. മേഘത്തിൽനിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിൻ. ഇതുകേട്ട ക്ഷണത്തിൽ ശിഷ്യൻമാർ കമിഴ്ന്നുവീണു; അവർ അത്യധികം ഭയപ്പെട്ടിരുന്നു. യേശു സമീപിച്ച് അവരെ സ്‌പർശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്ക്കുവിൻ, ഭയപ്പെടേണ്ടാ. അവർ കണ്ണുകളുയർത്തിനോക്കിയപ്പോൾ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല. മലയിൽ നിന്ന് ഇറങ്ങുമ്പോൾ യേശു അവരോട് ആജ്‌ഞാപിച്ചു: മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടുന്നതുവരെ നിങ്ങൾ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുത്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.