ഓഗസ്റ്റ് 14 വെള്ളി
ഒന്നാം വായന
എസെക്കിയേൽ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്
(ഞാൻ നിന്നെ അണിയിച്ച ഭൂഷണങ്ങൾകൊണ്ട് നിൻ്റെ സൗന്ദര്യം പൂർണമായി; എന്നാൽ, നീ വേശ്യയായിത്തീർന്നു.
കർത്താവ് എന്നോട് അരുൾചെയ്‌തു: മനുഷ്യപുത്രാ, ജറുസലെമിനെ അവളുടെ ക്ലേച്‌ഛതകൾ ബോധ്യപ്പെടുത്തുക. ദൈവമായ കർത്താവ് ജറുസലേമിനോട് അരുൾചെയ്യുന്നു: നിന്റെ പിതൃദേശവും ജനനസ്‌ഥലവും കാനാനാണ്. നിൻെറ പിതാവ് അമോറ്യനും മാതാവ് ഹിത്യയുമാണ്. നീ ജനിച്ച ദിവസം നിന്റെ പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല. നിന്നെ കുളിപ്പിച്ചു ശുദ്ധിവരുത്തിയില്ല. ദേഹത്ത് ഉപ്പു പുരട്ടുകയോ പിള്ളക്കച്ചയിൽ പൊതിയുകയോ ചെയ്തിരുന്നില്ല. ഇവയിലൊന്നെങ്കിലും ചെയ്യാൻ ആർക്കും ദയതോന്നിയില്ല. ജനിച്ച ദിവസംതന്നെ, നീ വെറുക്കപ്പെടുകയും വെളിമ്പ്രദേശത്ത് ഉപേക്‌ഷിക്കപ്പെടുകയും ചെയ്തു.
ഞാൻ നിന്റെ യടുക്കലൂടെ കടന്നുപോയപ്പോൾ നീ ചോരയിൽക്കിടന്നുരുളുന്നതു കണ്ട് നിന്നോടു പറഞ്ഞു: ജീവിക്കുക, വയലിലെ ചെടിപോലെ വളരുക. നീ വളർന്ന് പൂർണ യൗവനം പ്രാപിച്ചു. നിൻ്റെ മാറിടം വളർന്നു. മുടി തഴച്ചു. എങ്കിലും നീ നഗ്നയും അനാവൃതയുമായിരുന്നു. ഞാൻ വീണ്ടും നിന്റെ യടുക്കലൂടെ കടന്നുപോയപ്പോൾ നിന്നെ നോക്കി. നിനക്ക് വിവാഹ പ്രായമായെന്ന് ഞാൻ മനസ്‌സിലാക്കി, എൻ്റെ മേലങ്കികൊണ്ട് നിന്റെ നഗ്നത ഞാൻ മറച്ചു. ഞാൻ നിന്നോടു സ്നേഹവാഗ്ദാനത്തോടെ ഒരു ഉടമ്പടി ചെയ്‌തു. അങ്ങനെ നീ എന്റേതായിത്തീർന്നു. ദൈവമായ കർത്താവ് അരുൾചെയ്യുന്നു: ഞാൻ നിന്നെ കുളിപ്പിച്ച് രക്തം കഴുകിക്കളഞ്ഞ് തൈലം പൂശി. ഞാൻ നിന്നെ ചിത്രത്തുന്നലുള്ള വസ്ത്രങ്ങൾ ധരിപ്പിച്ചു; തുകല്ച്ചെരുപ്പുകൾ അണിയിച്ചു. ചണച്ചരട് അരയിൽ കെട്ടുകയും പട്ടുടുപ്പ് അണിയിക്കുകയും ചെയ്തു. ഞാൻ നിന്നെ ആഭരണങ്ങൾകൊണ്ട് അലങ്കരിച്ചു. കൈകളിൽ വളയും കഴുത്തിൽ മാലയുമിട്ടു. ഞാൻ നിന്നെ മൂക്കുത്തിയും കമ്മലുകളും ധരിപ്പിച്ചു. നിന്റെ തലയിൽ മനോഹരമായ കിരീടം ചാർത്തി. സ്വർണവും വെള്ളിയുംകൊണ്ട് നീ അലംകൃതയായി. നേർത്ത ചണവും പട്ടും ചിത്രത്തുന്നലുള്ള വസ്ത്രവുമായിരുന്നു നിൻെറ വേഷം. നേർത്ത മാവും തേനും എണ്ണയുമായിരുന്നു നിൻെറ ആഹാരം. നീ അതീവസുന്ദരിയായി വളർന്ന് രാജകീയപ്രൗഢിയാർജിച്ചു. സൗന്ദര്യംകൊണ്ട് നീ ജനതകളുടെയിടയിൽ പ്രശസ്തയായി. എന്തെന്നാൽ, ഞാൻ നല്‌കിയ കാന്തി അതിന് പൂർണത നല്കി ദൈവമായ കർത്താവ് അരുൾചെയ്യുന്നു.
എന്നാൽ, നീ നിൻെറ സൗന്ദര്യത്തിൽ മതിമറന്നു. നിൻെറ കീർത്തിയുടെ ബലത്തിൽ നീ വേശ്യാവൃത്തിയിലേർപ്പെട്ടു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയിൽ മുഴുകി. എങ്കിലും നിന്റെ യൗവനത്തിൽ നിന്നോടു ചെയ്ത ഉടമ്പടി ഞാൻ ഓർമിക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി സ്‌ഥാപിക്കുകയും ചെയ്യും. അങ്ങനെ നിന്റെ പ്രവൃത്തികൾക്ക് ഞാൻ മാപ്പുനല്കുമ്പോൾ നീ അവയെയോർത്ത് ലജ്‌ജിച്ചു മൗനം ഭജിക്കും ദൈവമായ കർത്താവ് അരുൾചെയ്യുന്നു.
കർത്താവിന്റെ വചനം.
(അല്ലെങ്കിൽ)
എസെക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(നീയുമായി ഞാൻ ഒരു ഉടമ്പടി സ്ഥാപിക്കും)
ദൈവമായ കർത്താവ് അരുൾചെയ്യുന്നു: നീ പ്രവർത്തിച്ചതുപോലെ നിന്നോടും ഞാൻ പ്രവർത്തിക്കും. നീ ഉടമ്പടി ലംഘിച്ച് പ്രതിജ്ഞ അവഹേളിച്ചു. എങ്കിലും നിന്റെ യൗവനത്തിൽ നിന്നോടു ചെയ്ത ഉടമ്പടി ഞാൻ ഓർമിക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി സ്‌ഥാപിക്കുകയും ചെയ്യും. നിൻെറ പ്രവത്തികൾ അപ്പോൾ നീ ഓർമിക്കും. നിൻ്റെ മുത്തതും ഇളയതുമായ സഹോദരിമാരെ ഉടമ്പടിപ്രകാരമല്ലാതെതന്നെ നിനക്കു ഞാൻ പുത്രിമാരായി നല്‌കും. അവരെ സ്വീകരിക്കുമ്പോൾ നീ ലജ്ജിക്കും. നീയുമായി ഞാൻ ഒരു ഉടമ്പടി സ്‌ഥാപിക്കും. ഞാനാണ് കർത്താവ് എന്ന് അപ്പോൾ നീ അറിയും. അങ്ങനെ നിന്റെ പ്രവൃത്തികൾക്ക് ഞാൻ മാപ്പുനല്കുമ്പോൾ നീ അയോർത്ത് ലജ്‌ജിച്ചു മൗനം ഭജിക്കും ദൈവമായ കർത്താവ് അരുൾചെയ്യുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു.
ദൈവമാണ് എൻ്റെ രക്ഷ്, ഞാൻ അങ്ങിൽ ആശ്രയിക്കും; ഞാൻ ഭയപ്പെടുകയില്ല. എന്തെന്നാൽ, ദൈവമായ കർത്താവ് എന്റെ ബലവും എന്റെ ഗാനവും ആണ്. അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു. രക്ഷയുടെ കിണറ്റിൽനിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.
കർത്താവേ, അങ്ങയുടെ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു
കർത്താവിനു നന്ദിപറയുവിൻ. അവിടത്തെ നാമം വിളിച്ചപേക്ഷിക്കുവിൻ. ജനതകളുടെ ഇടയിൽ അവിടത്തെ പ്രവൃത്തികൾ വിളംബരം ചെയ്യുവിൻ. അവിടത്തെ നാമം ഉന്നതമാണെന്ന് ഉദ്ഘോഷിക്കുവിൻ.
കർത്താവേ, അങ്ങയുടെ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു
കർത്താവിനു സ്‌തുതിപാടുവിൻ. അവിടന്ന് മഹത്ത്വത്തോടെ പ്രവർത്തിച്ചു. ഭൂമിയിലെല്ലാം ഇത് അറിയട്ടെ. സീയോൻവാസികളേ, ആർത്തട്ടഹസിക്കുവിൻ; സന്തോഷത്തോടെ കീർത്തനങ്ങൾ ആലപിക്കുവിൻ. ഇസ്രായേലിന്റെ പരിശുദ്‌ധനായവൻ മഹത്ത്വത്തോടെ നിങ്ങളുടെ മധ്യേ ഉണ്ട്.
കർത്താവേ, അങ്ങയുടെ കോപം നീങ്ങുകയും അങ്ങ് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു
അല്ലേലൂയാ !
അല്ലേലൂയാ! (1 തെസ 2 : 13). ദൈവവചനം മനുഷ്യരുടെ വചനമായല്ല, യഥാർഥ ദൈവത്തിൻ്റെ വചനമായി സ്വീകരിക്കുക. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ഭാര്യയെ ഉപേക്ഷിക്കാൻ മോശ നിങ്ങൾക്ക് അനുമതി നല്കിയത്. ആദിമുതലേ അങ്ങനെയായിരുന്നില്ല)
അക്കാലത്ത്, ഫരിസേയർ അടുത്തുചെന്ന് യേശുവിനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചു: ഏതെങ്കിലും കാരണത്താൽ ഒരുവൻ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? അവൻ മറുപടി പറഞ്ഞു: സ്രഷ്‌ടാവ് ആദിമുതലേ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു എന്നും, ഇക്കാരണത്താൽ പുരുഷൻ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേർന്നിരിക്കും, അവർ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടന്ന് അരുൾചെയ്തിട്ടുണ്ടെന്നും നിങ്ങൾ വായിച്ചിട്ടില്ലേ? തൻമൂലം, പിന്നീടൊരിക്കലും അവർ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാൽ, ദൈവം യോജിപ്പിച്ചതു മനുഷ്യൻ വേർപെടുത്താതിരിക്കട്ടെ. അവർ അവനോടു ചോദിച്ചു: അങ്ങനെയെങ്കിൽ ഉപേക്ഷാപത്രം നല്‌കി ഭാര്യയെ ഉപേക്ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്? അവൻ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ഭാര്യയെ ഉപേക്ഷിക്കാൻ മോശ നിങ്ങൾക്ക് അനുമതി നല്കിയത്. ആദിമുതലേ അങ്ങനെയായിരുന്നില്ല. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു; പരസംഗം മൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താൽ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു വളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു.ശിഷ്യൻമാർ അവനോടു പറഞ്ഞു: ഭാര്യാഭർത്ത്യബന്ധം ഇത്തരത്തിലുള്ളതെങ്കിൽ, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം. അവൻ പറഞ്ഞു: കൃപ ലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. എന്തെന്നാൽ, ഷൺഡരായി ജനിക്കുന്നവരുണ്ട്; മനുഷ്യരാൽ ഷൺഡരാക്കപ്പെടുന്നവരുണ്ട്; സ്വർഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷൺഡരാക്കുന്നവരുണ്ട്. ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ.




