Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം ബുധൻ വചനവായന

സെപ്റ്റംബർ 03 വ്യാഴം

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(സമസ്തവും നിങ്ങളുടേതാകുന്നു; നിങ്ങൾ ക്രിസ്‌തുവിന്റെതും, ക്രിസ്തു ദൈവത്തിന്റേതുമാണ്)

സഹോദരരേ, ആരും ആത്‌മവഞ്ചന ചെയ്യാതിരിക്കട്ടെ. ആരെങ്കിലും ഈ ലോകത്തിൽ ജ്‌ഞാനിയെന്നു വിചാരിക്കുന്ന പക്ഷം, യഥാർഥ ജ്‌ഞാനിയാകേണ്ടതിന് തന്നത്തന്നെ ഭോഷനാക്കട്ടെ. എന്തെന്നാൽ, ഈ ലോകത്തിൻ്റെ വിജ്‌ഞാനം ദൈവത്തിനു ഭോഷത്തമാണ്. അവൻ ബുദ്‌ധിശാലികളെ അവരുടെ തന്ത്രങ്ങളിൽത്തന്നെ കുടുക്കുന്നു എന്നും ബുദ്‌ധിശാലികളുടെ ആലോചനകൾ വ്യർഥങ്ങളാണെന്നു കർത്താവ് അറിയുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നു. അതിനാൽ, മനുഷ്യരുടെ പേരിൽ നിങ്ങൾ അഭിമാനിക്കേണ്ടാ. എല്ലാം നിങ്ങളുടെ സ്വന്തമാണ്, പൗലോസും അപ്പോളോസും കേപ്പായും ലോകവും ജീവനും മരണവും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതുതന്നെ. നിങ്ങളാകട്ടെ, ക്രിസ്തുവിന്റേതും, ക്രിസ്‌തു ദൈവത്തിന്റേതും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഭൂമിയും അതിലെ സമസ്‌ത വസ്‌തുക്കളും കർത്താവിന്റേതാണ്.

ഭൂമിയും അതിലെ സമസ്‌ത വസ്‌തുക്കളും ഭൂതലവും അതിലെ നിവാസികളും കർത്താവിന്റെതാണ്. സമുദ്രങ്ങൾക്കു മുകളിൽ അതിന്റെ അടിസ്‌ഥാനമുറപ്പിച്ചതും നദിക്കു മുകളിൽ അതിനെ സ്ഥാപിച്ചതും അവിടന്നാണ്.

ഭൂമിയും അതിലെ സമസ്‌ത വസ്‌തുക്കളും കർത്താവിന്റേതാണ്.

കർത്താവിന്റെ മലയിൽ ആരു കയറും? അവിടത്തെ വിശുദ്ധസ്‌ഥലത്ത് ആരു നില്ക്കും? കളങ്കമറ്റ കൈകളും നിർമലമായ ഹൃദയവും ഉള്ളവൻ, മിഥ്യയുടെമേൽ മനസ്‌സു പതിക്കാത്തവനും കള്ളസത്യം ചെയ്യാത്തവനും തന്നെ.

ഭൂമിയും അതിലെ സമസ്‌ത വസ്‌തുക്കളും കർത്താവിന്റേതാണ്.

അവന്റെമേൽ കർത്താവ് അനുഗ്രഹം ചൊരിയും; രക്‌ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. ഇപ്രകാര മുള്ളവരാണ് അവിടത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണ് യാക്കോബിൻ്റെ ദൈവത്തെ തേടുന്നത്.

ഭൂമിയും അതിലെ സമസ്‌ത വസ്‌തുക്കളും കർത്താവിന്റേതാണ്.

അല്ലേലൂയാ!

അല്ലേലൂയാ! (മത്താ 4 : 19). കർത്താവ് അരുൾചെയ്യുന്നു: എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്ന വരാക്കും. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(എല്ലാം ഉപേക്ഷിച്ച് അവർ അവിടത്തെ അനുഗമിച്ചു)

അക്കാലത്ത്, ദൈവവചനം ശ്രവിക്കാൻ ജനങ്ങൾ യേശുവിനു ചുറ്റും തിങ്ങിക്കൂടി. അവൻ ഗനേസറത്തുതടാകത്തിന്റെ തീരത്തു നില്ക്കുകയായിരുന്നു. രണ്ടു വള്ളങ്ങൾ കരയോടടുത്തു കിടക്കുന്നത് അവൻ കണ്ടു. മീൻപിടിത്തക്കാർ അവയിൽ നിന്നിറങ്ങി വലകഴുകുകയായിരുന്നു. ശിമയോന്റേതായിരുന്നു വള്ളങ്ങളിൽ ഒന്ന്. യേശു അതിൽ കയറി. കരയിൽനിന്ന് അല്പം അകലേക്കു വള്ളം നീക്കാൻ അവനോട് യേശു ആവശ്യപ്പെട്ടു. അതിൽ ഇരുന്ന് അവൻ ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ചു തീർന്നപ്പോൾ അവൻ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീൻപിടിക്കാൻ വലയിറക്കുക. ശിമയോൻ പറഞ്ഞു: ഗുരോ, രാത്രി മുഴുവൻ അദ്ധ്വാനിച്ചിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാൻ വലയിറക്കാം. വലയിറക്കിയപ്പോൾ വളരെയേറെ മത്‌സ്യങ്ങൾ അവർക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവർ മറ്റേ വള്ളത്തിൽ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവർ വന്ന് രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു. ശിമയോൻ പത്രോസ് ഇതു കണ്ടപ്പോൾ യേശുവിന്റെ കാല്ക്കൽ വീണ്, കർത്താവേ, എന്നിൽനിന്ന് അകന്നുപോകണമേ, ഞാൻ പാപിയാണ് എന്നുപറഞ്ഞു. എന്തെന്നാൽ, തങ്ങൾക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അദ്ഭുതപ്പെട്ടു. അതുപോലെതന്നെ, അവന്റെ പങ്കുകാരായ സെബദീപുത്രന്മാർ – യാക്കോബും യോഹന്നാനും-വിസ്‌മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോൾ മുതൽ മനുഷ്യരെപ്പിടിക്കുന്നവനാകും. വള്ളങ്ങൾ കരയ്ക്കടുപ്പിച്ചശേഷം എല്ലാം ഉപേക്‌ഷിച്ച് അവർ അവനെ അനുഗമിച്ചു.

കർത്താവിന്റെ വചനം

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.