Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം വെള്ളി വചനവായന

സെപ്റ്റംബർ 04 വെള്ളി

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(കർത്താവ് ഹൃദയരഹസ്യങ്ങൾ വെളിപ്പെടുത്തും)

സഹോദരരേ, ക്രിസ്‌തുവിൻ്റെ ദാസൻമാരും ദൈവരഹസ്യങ്ങളുടെ കാര്യസ്‌ഥൻമാരുമായാണ് ഞങ്ങളെ പരിഗണിക്കേണ്ടത്. കാര്യസ്‌ഥൻമാർക്ക് വിശ്വസ്‌തത കൂടിയേ തീരു. നിങ്ങളോ, ഏതെങ്കിലും ന്യായാസനമോ എന്നെ വിചാരണ ചെയ്യുന്നെങ്കിൽ അതു ഞാൻ കാര്യമാക്കുന്നില്ല. ഞാനും എന്നെ വിധിക്കുന്നില്ല. ഞാൻ ഏതെങ്കിലും തരത്തിൽ കുറ്റക്കാരനാണെന്ന് എനിക്കു ബോധ്യമില്ല. എന്നാൽ, അതുകൊണ്ടുമാത്രം ഞാൻ നീതിമത്കരിക്കപ്പെട്ടുവെന്ന് അർഥമില്ല. എന്നെ വിധിക്കുന്നവൻ കർത്താവാണ്. അതിനാൽ, മുൻകുട്ടി നിങ്ങൾ വിധി പ്രസ്‌താവിക്കരുത്. കർത്താവ് വരുന്നതുവരെ കാത്തിരിക്കുവിൻ. അന്‌ധകാരത്തിൽ മറഞ്ഞിരിക്കുന്നവ വെളിച്ചത്തുകൊണ്ടുവരുന്നവനും ഹൃദയരഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനും അവനാണല്ലോ. അപ്പോൾ ഓരോരുത്തർക്കും ദൈവത്തിൽനിന്നു പ്രശംസ ലഭിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

നീതിമാൻമാരുടെ രക്ഷ‌ കർത്താവിൽ നിന്നാണ്.

ദൈവത്തിൽ വിശ്വാസമർപ്പിച്ചു നൻമ ചെയ്യുക; അപ്പോൾ ഭൂമി യിൽ സുരക്ഷിതനായി വസിക്കാം. കർത്താവിൽ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങൾ സാധിച്ചുതരും.

നീതിമാൻമാരുടെ രക്ഷ‌ കർത്താവിൽ നിന്നാണ്.

നിന്റെ ജീവിതം കർത്താവിനു ഭരമേൽപിക്കുക, കർത്താവിൽ വിശ്വാസമർപ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും. അവിടുന്നു പ്രകാശംപോലെ നിനക്കു നീതി നടത്തിത്തരും; മദ്ധ്യാഹ്നം പോലെ നിൻെറ അവകാശവും.

നീതിമാൻമാരുടെ രക്ഷ‌ കർത്താവിൽ നിന്നാണ്.

തിൻമയിൽനിന്ന് അകന്നു നൻമ ചെയ്യുക, എന്നാൽ, നിനക്കു സ്ഥിരപ്രതിഷ്ഠ ലഭിക്കും. കർത്താവു നീതിയെ സ്നേഹിക്കുന്നു; അവിടുന്നു തന്റെ വിശുദ്‌ധരെ പരിത്യജിക്കുകയില്ല; നീതിമാൻമാർ എന്നേക്കും പരിപാലിക്കപ്പെടും.

നീതിമാൻമാരുടെ രക്ഷ‌ കർത്താവിൽ നിന്നാണ്.

നീതിമാൻമാരുടെ രക്‌ഷ കർത്താവിൽ നിന്നാണ്; കഷ്ടകാലത്ത് അവരുടെ അഭയകേന്ദ്രം അവിടുന്നാണ്, കർത്താവ് അവരെ സഹായിക്കുകയും വിമോചിപ്പിക്കുകയും ചെയ്യുന്നു; അവിടുന്ന് അവരെ ദുഷ്‌ടരിൽനിന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യും.

നീതിമാൻമാരുടെ രക്ഷ‌ കർത്താവിൽ നിന്നാണ്.

അല്ലേലൂയാ!

അല്ലേലൂയാ! (യോഹ 8 : 12) കർത്താവ് അരുൾചെയ്യുന്നു. ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരുമ്പോൾ അവർ ഉപവസിക്കും)

അക്കാലത്ത്, നിയമജ്ഞരും ഫരിസേയരും യേശുവിനോടു പറഞ്ഞു: യോഹന്നാന്റെ ശിഷ്യർ പലപ്പോഴും ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഫരിസേയരുടെ ശിഷ്യരും അങ്ങനെതന്നെ. എന്നാൽ, നിൻ്റെ ശിഷ്യർ തിന്നുകൂടിച്ചു നടക്കുന്നു. യേശു അവരോടു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴരെക്കൊണ്ട് ഉപവസിപ്പിക്കാൻ നിങ്ങൾക്കു കഴിയുമോ? എന്നാൽ, മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരും; അപ്പോൾ അവർ ഉപവസിക്കും. അവൻ അവരോട് ഒരു ഉപമയും പറഞ്ഞു: ആരും പുതിയ വസ്ത്രത്തിൽ നിന്നു കഷണം കീറിയെടുത്ത് പഴയവസ്ത്രത്തോടു ചേർക്കാറില്ല. അങ്ങനെ ചെയ്താൽ പുതിയ വസ്ത്രം കീറുന്നു എന്നു മാത്രമല്ല, പുതിയ കഷണം പഴയതിനോട് ചേരാതെ വരുകയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോല്ക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താൽ, പുതിയ വീഞ്ഞ് പഴയ തോല്ക്കുടങ്ങൾ ഭേദിച്ച് ഒഴുകിപ്പോവുകയും തോല്ക്കുടങ്ങൾ നശിക്കുകയും ചെയ്യും. പുതിയ വീഞ്ഞ് പുതിയ തോല്ക്കുടങ്ങ ളിലാണ് ഒഴിച്ചുവയ്‌ക്കേണ്ടത്. പഴയവീഞ്ഞു കുടിച്ച് ഒരുവനും പുതിയത് ഇഷ്‌ടപ്പെടുകയില്ല. പഴയതാണു മെച്ചം എന്നല്ലേ പറയുന്നത്?

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.