ഒക്ടോബർ 17 ശനി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(അവിടന്ന് ക്രിസ്തുവിനെ സഭയ്ക്ക് തലവനായി നിയമിച്ചു.സഭ അവന്റെ ശരീരമാണ്)
സഹോദരരേ, കർത്താവായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെയും എല്ലാ വിശുദ്ധരോടും നിങ്ങൾ പ്രകടിപ്പിക്കുന്ന സ്നേഹത്തെയും കുറിച്ചു കേട്ടനാൾ മുതൽ, എൻ്റെ പ്രാർഥനകളിൽ നിങ്ങളെ അനുസ്മരിക്കുകയും നിങ്ങളെപ്രതി ദൈവത്തിനു കൃതജ്ഞതയർപ്പിക്കുകയും ചെയ്യുന്നതിൽനിന്ന് ഞാൻ വിരമിച്ചിട്ടില്ല. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്ത്വത്തിന്റെ പിതാവുമായവൻ ജ്ഞാനത്തിന്റെയും വെളിപാടിൻെറയും ആത്മാവിനെ നിങ്ങൾക്കു പ്രദാനം ചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂർണമായ അറിവിലേക്കു നിങ്ങളെ നയിക്കട്ടെ! ഏതുതരത്തിലുള്ള പ്രത്യാശയിലേക്കാണ് അവിടന്നു നിങ്ങളെ വിളിച്ചിരിക്കുന്നതെന്ന് അറിയാനും വിശുദ്ധർക്ക് അവകാശമായി അവിടന്നു വാഗ്ദാനം ചെയ്തിരിക്കുന്ന മഹത്ത്വത്തിന്റെ സമ്യദ്ധി മനസ്സിലാക്കാനും നിങ്ങളുടെ ആന്തരിക നേത്രങ്ങൾ അവിടുന്നു പ്രകാശിപ്പിക്കട്ടെ. അതുവഴി അവൻെറ പ്രാഭവ പൂർണമായ പ്രവർത്തനത്തിനനുസൃതമായി വിശ്വാസികളായ നമ്മിലേക്കു പ്രവഹിക്കുന്ന അവന്റെ അപരിമേയമായ ശക്തിയുടെ മഹനീയത എത്രമാത്രമെന്നു വ്യക്തമാകട്ടെ. ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും സ്വർഗത്തിൽ അവിടത്തെ വലത്തുവശത്ത് ഇരുത്തുകയും ചെയ്തപ്പോൾ അവനിൽ പ്രവർത്തിച്ചത് ഈ ശക്തിയാണ്. അങ്ങനെ, ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങൾക്കും അധികാരങ്ങൾക്കും ശക്തികൾക്കും പ്രഭുത്വങ്ങൾക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങൾക്കുമുപരി അവനെ ഉപവിഷ്ടനാക്കി. അവിടന്ന് എല്ലാ വസ്തുക്കളെയും അവന്റെ പാദങ്ങൾക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളിൽ അവനെ സഭയ്ക്ക തലവനായി നിയമിക്കുകയും ചെയ്തു. സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂർത്തിയാക്കുന്ന അവന്റെ പൂർണതയുമാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമേ, അങ്ങ് സ്വന്തം കരവേലകൾക്കുമേൽ മനുഷ്യന് ആധിപത്യം നല്കി.
കർത്താവേ, ഞങ്ങളുടെ കർത്താവേ, ഭൂമിയിലെങ്ങും അവിടത്തെ നാമം എത്ര മഹനീയം! അങ്ങയുടെ മഹത്ത്വം ആകാശങ്ങൾക്കുമീതേ പ്രകീർത്തിക്കപ്പെടുന്നു. ശത്രുക്കളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാൻ അവിടന്നു ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങൾ കൊണ്ടു സുശക്തമായ കോട്ടകെട്ടി.
ദൈവമേ, അങ്ങ് സ്വന്തം കരവേലകൾക്കുമേൽ മനുഷ്യന് ആധിപത്യം നല്കി.
അങ്ങയുടെ വിരലുകൾ വാർത്തെടുത്ത വാനിടത്തെയും അവിടന്നു സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാൻ കാണുന്നു.അവിടത്തെ ചിന്തയിൽ വരാൻമാത്രം മർത്ത്യന് എന്തു മേൻമയുണ്ട്? അവിടത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?
ദൈവമേ, അങ്ങ് സ്വന്തം കരവേലകൾക്കുമേൽ മനുഷ്യന് ആധിപത്യം നല്കി.
അവിടന്ന് അവനെ ദൈവദൂതൻമാരെക്കാൾ അല്പം മാത്രം താഴ്ത്തി; മഹത്ത്വവും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചു. അങ്ങു സ്വന്തം കരവേലകൾക്കുമേൽ അവന് ആധിപത്യം നല്കി; എല്ലാറ്റിനെയും അവന്റെ പാദത്തിൻ കീഴിലാക്കി.
ദൈവമേ, അങ്ങ് സ്വന്തം കരവേലകൾക്കുമേൽ മനുഷ്യന് ആധിപത്യം നല്കി.
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 15 : 26b-27b). കർത്താവ് അരുൾചെയ്യുന്നു: സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നല്കും. നിങ്ങളും സാക്ഷ്യം നല്കും. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എന്താണു പറയേണ്ടതെന്ന് ആ സമയത്ത് പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു. ഞാൻ നിങ്ങളോടു പറയുന്നു, മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ആരെയും ദൈവത്തിന്റെ ദൂതൻമാരുടെ മുമ്പിൽ മനുഷ്യപുത്രനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവൻ ദൈവത്തിന്റെ ദൂതൻമാരുടെ മുമ്പിലും തള്ളിപ്പറയപ്പെടും. മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല. സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപൻമാരുടെയും മുമ്പിലും അവർ നിങ്ങളെ കൊണ്ടുപോകുമ്പോൾ, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തുപറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ. എന്താണു പറയേണ്ടതെന്ന് ആ സമയത്ത് പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.



