സെപ്റ്റംബർ 02 ബുധൻ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാരാണ്, നിങ്ങളാകട്ടെ, ദൈവത്തിന്റെ വയലും വീടും)
സഹോദരരേ, എനിക്കു നിങ്ങളോട്, ആത്‌മീയമനുഷ്യരോട് എന്നതുപോലെ സംസാരിക്കാൻ സാധിച്ചില്ല. ജഡികമനുഷ്യരോട് എന്നതുപോലെയും ക്രിസ്‌തുവിനെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തിൽ പൈതങ്ങളോട് എന്നതുപോലെയുമാണ് നിങ്ങളോടു ഞാൻ സംസാരിച്ചത്. ഗുരുവായ ഭക്‌ഷണം കഴിക്കാൻ ശക്തരല്ലാതിരുന്നതിനാൽ, നിങ്ങൾക്കു ഞാൻ പാൽ തന്നു. ഇപ്പോഴും നിങ്ങൾ ആ അവസ്‌ഥയിലാണ്. എന്തെന്നാൽ, നിങ്ങൾ ഇപ്പോഴും ജഡികമനുഷ്യർ തന്നെ. നിങ്ങളുടെ ഇടയിൽ അസൂയയും തർക്കവും നിലനില്ക്കുമ്പോൾ നിങ്ങൾ ജഡികരും സാധാരണക്കാരുമല്ലേ? ലൗകികരായതുകൊണ്ടല്ലേ, നിങ്ങളിൽ ചിലർ ഞാൻ പൗലോസിൻെറ ആളാണ് എന്നും ചിലർ ഞാൻ അപ്പോളോസിന്റെ ആളാണ് എന്നും പറഞ്ഞു നടക്കുന്നത്? അപ്പോളോസ് ആരാണ്? പൗലോസ് ആരാണ്? കർത്താവു നിശ്ചയിച്ചു തന്നതനുസരിച്ച് നിങ്ങളെ വിശ്വാസത്തിലേക്കു നയിച്ച ശുശ്രൂഷകർ മാത്രം. ഞാൻ നട്ടു; അപ്പോളോസ് നനച്ചു; എന്നാൽ, ദൈവമാണു വളർത്തിയത്. അതുകൊണ്ട്, നടുന്നവനോ നനയ്ക്കുന്നവനോ അല്ല, വളർത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം. നടുന്നവനും നനയ്ക്കുന്നവനും തുല്യരാണ്. ജോലിക്കു തക്ക കൂലി ഓരോരുത്തർക്കും ലഭിക്കും. ഞങ്ങൾ ദൈവത്തിൻ്റെ കുട്ടുവേലക്കാരാണ്; നിങ്ങളാകട്ടെ ദൈവത്തിന്റെ വയലും വീടും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
കർത്താവു ദൈവമായുള്ള ജനവും അവിടന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്. കർത്താവു സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; അവിടന്ന് എല്ലാ മനുഷ്യരെയും കാണുന്നു.
കർത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
തന്റെ സിംഹാസനത്തിൽനിന്ന് അവിടന്നു ഭൂവാസികളെ വീക്ഷിക്കുന്നു. അവരുടെ ഹൃദയങ്ങൾ രൂപപ്പെടുത്തുന്നവൻ അവരുടെ പ്രവൃത്തികൾ നിരീക്‌ഷിക്കുന്നു.
കർത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
നാം കർത്താവിനുവേണ്ടി കാത്തിരിക്കുന്നു, അവിടന്നാണു നമ്മുടെ സഹായവും പരിചയും. നമ്മുടെ ഹൃദയം കർത്താവിൽ സന്തോഷിക്കുന്നു; എന്തെന്നാൽ, നമ്മൾ അവിടത്തെ വിശുദ്‌ധനാമത്തിൽ ആശ്രയിക്കുന്നു.
കർത്താവു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
അല്ലേലൂയാ!
അല്ലേലൂയാ! (ലൂക്കാ 4:18). ദരിദ്രരെ സുവിശേഷം അറിയി ക്കാനും ബന്ധിതർക്ക് മോചനം പ്രഖ്യാപിക്കാനും കർത്താവ് എന്നെ അയച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(മറ്റു പട്ടണങ്ങളിലും ദൈവരാജ്യത്തിൻ്റെ സുവിശേഷം ഞാൻ പ്രസംഗിക്കേണ്ടിയിരിക്കുന്നു)
അക്കാലത്ത്, യേശു സിനഗോഗിൽനിന്ന് എഴുന്നേറ്റ് ശിമയോൻെറ വീട്ടിലേക്കു പോയി. ശിമയോൻെറ അമ്മായിയമ്മ കലശലായ പനിബാധിച്ചു കിടപ്പായിരുന്നു. ആളുകൾ അവൾക്കുവേണ്ടി അവനോടു സഹായം അപേക്‌ഷിച്ചു. അവൻ അളുടെ അടുത്തെത്തി പനിയെ ശാസിച്ചു; അത് അവളെ വിട്ടു മാറി. ഉടനേ അവൾ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു. വൈകുന്നേരമായപ്പോൾ, വിവിധരോഗങ്ങളാൽ കഷ്‌ടപ്പെട്ടിരുന്നവരെയെല്ലാം അവർ അവന്റെ അടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേൽ കൈവച്ച് അവൻ അവരെ സുഖപ്പെടുത്തി. നീ ദൈവ പുത്രനാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അനേകരിൽ നിന്ന് പിശാചുക്കൾ വിട്ടുപോയി. അവൻ അവയെ ശാസിച്ചു. താൻ ക്രിസ്തുവാണെന്ന് അവയ്ക്ക് അറിയാമായിരുന്നതുകൊണ്ട്, അവൻ അവയെ സംസാരിക്കാൻ അനുവദിച്ചില്ല.
പ്രഭാതമായപ്പോൾ അവൻ ഒരു വിജനസ്ഥലത്തേക്കു പോയി. ജനക്കൂട്ടം അവനെ അന്വേഷിച്ചുചെന്നു. തങ്ങളെ വിട്ടുപോകരുതെന്ന് അവർ അവനെ നിർബന്‌ധിച്ചു. എന്നാൽ, അവൻ പറഞ്ഞു; മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്. അവൻ യൂദയായിലെ സിനഗോഗുകളിൽ പ്രസംഗിച്ചുകൊണ്ടിരുന്നു.



