ഓഗസ്റ്റ് 20 വ്യാഴം
ഒന്നാം വായന
എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(നിങ്ങൾക്കു ഞാൻ നവമായ ഹൃദയം തരും; നവചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും)
കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ജനതകളുടെയിടയിൽ നിങ്ങൾ അശുദ്‌ധമാക്കിയ എന്റെ ശ്രേഷ്‌ഠനാമത്തിന്റെ പരിശുദ്‌ധി ഞാൻ തെളിയിക്കും. തങ്ങളുടെ കൺമുമ്പിൽവച്ച് നിങ്ങളിലൂടെ എൻെറ പരിശുദ്‌ധി ഞാൻ വെളിപ്പെടുത്തുമ്പോൾ, ഞാനാണ് കർത്താവ് എന്ന് ജനതകൾ അറിയും, ദൈവമായകർത്താവ് അരുൾചെയ്യുന്നു. ജനതകളുടെയിടയിൽനിന്നും സകല ദേശങ്ങളിൽനിന്നും ഒരുമിച്ചുകൂട്ടി സ്വദേശത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുവരും. ഞാൻ നിങ്ങളുടെമേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിലുംനിന്ന് നിങ്ങൾ ശുദ്‌ധീകരിക്കപ്പെടും. സകലവിഗ്രഹങ്ങളിലുംനിന്ന് നിങ്ങളെ ഞാൻ നിർമലരാക്കും. ഒരു പുതിയ ഹൃദയം നിങ്ങൾക്കു ഞാൻ നല്‌കും; ഒരു പുതു ചൈതന്യം നിങ്ങളിൽ ഞാൻ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തിൽനിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹ്യദയം നല് കും. എന്റെ ആത്‌മാവിനെ ഞാൻ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങളെ എന്റെ കല്‌പനകൾ കാക്കുന്നവരും നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്‌ധയുള്ളവരുമാക്കും. നിങ്ങളുടെ പിതാക്കൻമാർക്ക് ഞാൻ കൊടുത്ത ദേശത്ത് നിങ്ങൾ വസിക്കും. നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ഞാൻ നിങ്ങളുടെമേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിലും നിന്ന് നിങ്ങൾ ശുദ്‌ധീകരിക്കപ്പെടും.
ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ! അങ്ങയുടെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്‌ധാത്‌മാവിനെ എന്നിൽനിന്ന് എടുത്തുകളയരുതേ!
ഞാൻ നിങ്ങളുടെമേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിലുംനിന്ന് നിങ്ങൾ ശുദ്‌ധീകരിക്കപ്പെടും.
അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്‌കി എന്നെ താങ്ങണമേ! അപ്പോൾ അതിക്രമികളെ ഞാൻ അങ്ങയുടെ വഴി പഠിപ്പിക്കും; പാപികൾ അങ്ങിലേക്കു തിരിച്ചുവരും.
ഞാൻ നിങ്ങളുടെമേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിലുംനിന്നു നിങ്ങൾ ശുദ്‌ധീകരിക്കപ്പെടും.
ബലികളിൽ അങ്ങു പ്രസാദിക്കുന്നില്ല; ഞാൻ ദഹനബലി അർപ്പിച്ചാൽ അങ്ങു സന്തുഷ്‌ടനാവുകയുമില്ല. ഉരുകിയ മനസ്സാണു ദൈവത്തിനു സ്വീകാര്യമായ ബലി; ദൈവമേ, നുറുങ്ങിയ ഹൃദയം അങ്ങു നിരസിക്കുകയില്ല.
ഞാൻ നിങ്ങളുടെമേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിലുംനിന്ന് നിങ്ങൾ ശുദ്‌ധീകരിക്കപ്പെടും.
അല്ലേലൂയാ!
അല്ലേലൂയാ! (സങ്കീ 95:7c + 8b). ഇന്ന്, നിങ്ങൾ ഹൃദയം കഠിനമാക്കരുത്, അവിടത്തെ സ്വരം ശ്രവിക്കുവിൻ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിൻ)
അക്കാലത്ത്, യേശു ഉപമകൾവഴി അവരോടു സംസാരിച്ചു: സ്വർഗരാജ്യം, തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിനു സദൃശം. വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാൻ അവൻ ഭൃത്യൻമാരെ അയച്ചു; എന്നാൽ, വരാൻ അവർ വിസമ്മതിച്ചു. വീണ്ടും അവൻ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്‌ജമായിരിക്കുന്നു; എൻെറ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നു പറയുവിൻ. എന്നാൽ, ക്ഷണിക്കപ്പെട്ടവർ അതു വകവയ്ക്കാതെ, ഒരുവൻ വയലിലേക്കും വേറൊരുവൻ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. മറ്റുള്ളവർ ആ ഭ്യത്യൻമാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു. രാജാവു ക്രുദ്‌ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി. അനന്തരം, അവൻ ഭൃത്യൻമാരോടു പറഞ്ഞു: വിവാഹവിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാൽ ക്‌ഷണിക്കപ്പെട്ടവർ അയോഗ്യരായിരുന്നു. അതിനാൽ, നിങ്ങൾ വഴിക്കവലകളിൽച്ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിൻ. ആ ഭ്യത്യൻമാർ നിരത്തുകളിൽച്ചെന്ന് ദുഷ്ടരും ശിഷ്ടരും ഉൾപ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
അതിഥികളെക്കാണാൻ രാജാവ് എഴുന്നള്ളിയപ്പോൾ, വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. രാജാവ് അവനോടു ചോദിച്ചു: സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവൻ മൗനം അവലംബിച്ചു. അപ്പോൾ രാജാവ് പരിചാരകൻമാരോടു പറഞ്ഞു: അവനെ കൈ കാലുകൾ കെട്ടി പുറത്തെ അന്‌ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. എന്തെന്നാൽ, വിളിക്കപ്പെട്ടവർ വളരെ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.




