ജൂൺ 08 തിങ്കൾ
ഒന്നാം വായന
രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന്
(ഏലിയാ ഇസ്രായേലിൻ്റെ ദൈവമായ കർത്താവിനെ സേവിച്ചു)
അക്കാലത്ത്, ഗിലയാദിലെ തിഷ്ബെയിൽ നിന്നുള്ള ഏലിയാ പ്രവാചകൻ ആഹാബിനോടു പറഞ്ഞു: ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കർത്താവാണേ, വരും കൊല്ലങ്ങളിൽ ഞാൻ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല. കർത്താവ് ഏലിയായോട് അരുൾചെയ്തു: നീ പുറപ്പെട്ട് ജോർദാനു കിഴക്കുള്ള കെറീത്ത് അരുവിക്കു സമീപം ഒളിച്ചുതാമസിക്കുക. നിനക്ക് അരുവിയിൽനിന്നു വെള്ളം കുടിക്കാം. ഭക്ഷ്ണം തരുന്നതിന് കാക്കകളോട് ഞാൻ കല്‌പിച്ചിട്ടുണ്ട്. അവൻ കർത്താവിന്റെ കല്‌പനയനുസരിച്ച് ജോർദാനു കിഴക്കുള്ള കെറീത്ത് നീർച്ചാലിനരികേ ചെന്നു താമസിച്ചു. കാക്കകൾ കാലത്തും വൈകീട്ടും അവന് അപ്പവും മാംസവും കൊണ്ടുവന്നു കൊടുത്തു. അരുവിയിൽനിന്ന് അവൻ വെള്ളം കുടിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നമ്മുടെ സഹായം കർത്താവിൽനിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്ന്.
പർവതങ്ങളിലേക്കു ഞാൻ കണ്ണുകൾ ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും? എനിക്കു സഹായം കർത്താവിൽനിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്ന്.
നമ്മുടെ സഹായം കർത്താവിൽനിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്ന്.
നിൻ്റെ കാൽ വഴുതാൻ അവിടന്നു സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല. ഇസ്രായേലിൻെറ പരിപാലകൻ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
നമ്മുടെ സഹായം കർത്താവിൽനിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്ന്.
കർത്താവാണു നിൻ്റെ കാവല്ക്കാരൻ; നിനക്കു തണലേകാൻ അവിടന്നു നിന്റെ വലത്തുഭാഗത്തുണ്ട്. പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല.
നമ്മുടെ സഹായം കർത്താവിൽനിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്ന്.
സകല തിൻമകളിലും നിന്നു കർത്താവ് നിന്നെ കാത്തുകൊള്ളും; അവിടന്നു നിൻ്റെ ജീവൻ സംരക്ഷിക്കും. കർത്താവു നിന്റെ വ്യാപാരങ്ങൾ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
നമ്മുടെ സഹായം കർത്താവിൽനിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്ന്.
അല്ലേലൂയാ !
അല്ലേലൂയാ! (മത്താ 5:12a). നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. അല്ലേലൂയാ!
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ)
അക്കാലത്ത്, ജനക്കൂട്ടത്തെക്കണ്ടപ്പോൾ യേശു മലയിലേക്കു കയറി, അവൻ ഇരുന്നപ്പോൾ ശിഷ്യൻമാർ അടുത്തെത്തി. അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി: ആത്‌മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. വിലപിക്കുന്നവർ ഭാഗ്യവാൻമാർ; അവർ ആശ്വസിപ്പിക്കപ്പെടും. ശാന്തശീലർ ഭാഗ്യവാൻമാർ; അവർ ഭൂമി അവകാശമാക്കും. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ; അവർക്കു സംത്യപ്‌തി ലഭിക്കും. കരുണയുള്ളവർ ഭാഗ്യവാൻമാർ; അവർക്കു കരുണ ലഭിക്കും. ഹ്യദയശുദ്‌ധിയുള്ളവർ ഭാഗ്യവാൻമാർ; അവർ ദൈവത്തെ കാണും. സമാധാനം സ്‌ഥാപിക്കുന്നവർ ഭാഗ്യവാൻമാർ; അവർ ദൈവപുത്രൻമാരെന്നു വിളിക്കപ്പെടും. നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിൻമകളും നിങ്ങൾ ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാൻമാർ; നിങ്ങൾ ആനന്ദിച്ചാഹ്ളാദിക്കുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുമ്പുണ്ടായിരുന്ന പ്രവാചകൻമാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്.




