Word of God

ദിവ്യകാരുണ്യതിരുനാൾ(കർത്താവിന്റെ തിരുശരീരത്തിന്റെയും തിരുരക്തത്തിന്റെയും തിരുനാൾ)

ജൂൺ 07 ഞായർ

ഒന്നാം വായന

നിയമാവർത്തന പുസ്‌തകത്തിൽൽനിന്ന്

(നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും അപരിചിതമായിരുന്ന മന്നാ ഭക്ഷണമായി ദൈവം തന്നു)

അക്കാലത്ത്, മോശ ഇസ്രായേല്യരോടു പറഞ്ഞു: നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ എളിമപ്പെടുത്താനും തന്റെ കല്‌പനകൾ അനുസരിക്കുമോ ഇല്ലയോ എന്നറിയാൻ നിങ്ങളെ പരീക്ഷിച്ച് നിങ്ങളുടെ ഹൃദയവിചാരങ്ങൾ മനസ്സിലാക്കാനും വേണ്ടി ഈ നാല്പതുസംവത്‌സരം മരുഭൂമിയിലൂടെ നിങ്ങളെ നയിച്ച വഴിയെല്ലാം നിങ്ങൾ ഓർക്കണം. അവിടന്നു നിങ്ങളെ എളിമപ്പെടുത്തുകയും വിശപ്പറിയാൻ വിടുകയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കൻമാർക്കും അപരിചിതമായിരുന്ന മന്നാ കൊണ്ട് നിങ്ങളെ സംതൃപ്തരാക്കുകയും ചെയ്തത്, അപ്പം കൊണ്ടു മാത്രമല്ല, കർത്താവിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് മനുഷ്യൻ ജീവിക്കുന്നതെന്നു നിങ്ങൾക്കു മനസ്സിലാക്കിത്തരാൻ വേണ്ടിയുമാണ്. നിങ്ങൾ അഹങ്കരിക്കുകയും അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽ നിന്ന് നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കർത്താവിനെ വിസ്മരിക്കുകയും ചെയ്യാതിരിക്കാൻ ശ്രദ്‌ധിക്കുവിൻ. ആഗ്നേയസർപ്പങ്ങളും തേളുകളും നിറഞ്ഞ വിശാലവും ഭയാനകവുമായ മണലരണ്യത്തിലൂടെ അവിടന്നാണ് നിങ്ങളെ നയിച്ചത്. വെള്ളമില്ലാത്ത, ഉണങ്ങിവരണ്ട, ആ ഭൂമിയിൽ നിങ്ങൾക്കുവേണ്ടി, കരിമ്പാറയിൽ നിന്ന് അവിടന്നു ജലമൊഴുക്കി. നിങ്ങളുടെ പിതാക്കൻമാർക്ക് അപരിചിതമായിരുന്ന മന്നാ മരുഭൂമിയിൽ വച്ച് നിങ്ങൾക്കു ഭക്‌ഷണമായി നല്‌കി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ജറുസലെമേ, കർത്താവിനെ സ്തുതിക്കുക (അല്ലെങ്കിൽ: അല്ലേലൂയാ!)

ജറുസലെമേ, കർത്താവിനെ സ്‌തുതിക്കുക; സീയോനേ, നിന്റെ ദൈവത്തെ പുകഴ്ത്തുക. നിന്റെ കവാടങ്ങളുടെ ഓടാമ്പലുകൾ അവിടന്നു ബലപ്പെടുത്തുന്നു; നിൻെറ കോട്ടയ്ക്കുള്ളിലുള്ള മക്കളെ അവിടന്ന് അനുഗ്രഹിക്കുന്നു.

ജറുസലെമേ, കർത്താവിനെ സ്തുതിക്കുക

അവിടന്നു നിന്റെ അതിർത്തികളിൽ സമാധാനം സ്ഥാപിക്കുന്നു; അവിടന്നു വിശിഷ്‌ടമായ ഗോതമ്പുകൊണ്ട് നിന്നെ തൃപ്തയാക്കുന്നു. അവിടന്നു ഭൂമിയിലേക്കു കല്പന അയയ്ക്കുന്നു; അവിടത്തെ വചനം പാഞ്ഞുവരുന്നു.

ജറുസലെമേ, കർത്താവിനെ സ്തുതിക്കുക

അവിടന്ന് യാക്കോബിനു തന്റെ കല്‌പനയും ഇസ്രായേലിനു തന്റെ ചട്ടങ്ങളും പ്രമാണങ്ങളും വെളിപ്പെടുത്തുന്നു. മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടന്ന് ഇങ്ങനെ ചെയ്തിട്ടില്ല; അവിടത്തെ പ്രമാണങ്ങൾ അവർക്ക് അജ്‌ഞാതമാണ്; കർത്താവിനെ സ്‌തുതിക്കുവിൻ.

ജറുസലെമേ, കർത്താവിനെ സ്തുതിക്കുക

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(അപ്പം ഒന്നേയുള്ളൂ. അതിനാൽ, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്)

സഹോദരരേ, നാം ആശീർവദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്‌തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? അപ്പം ഒന്നേയുള്ളൂ. അതിനാൽ, പലരായിരിക്കുന്ന നാം ഒരു ശരീരമാണ്. എന്തെന്നാൽ, ഒരേ അപ്പത്തിൽ നാം ഭാഗഭാക്കുകളാണ്.

കർത്താവിന്റെ വചനം.

അല്ലേലൂയാ !

അല്ലേലൂയാ! (Jn. 6:51) കർത്താവ് അരുൾചെയ്യുന്നു: സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്; ആരെങ്കിലും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(എൻ്റെ ശരീരം യഥാർഥഭക്ഷണവും എൻ്റെ രക്തം യഥാർഥപാനീയവുമാണ്)

അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾ ചെയ്തു: സ്വർഗത്തിൽനിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.ആരെങ്കിലും ഈ അപ്പത്തിൽനിന്നു ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും. ലോകത്തിൻ്റെ ജീവനുവേണ്ടി ഞാൻ നല്‌കുന്ന അപ്പം എന്റെ ശരീരമാണ്. ഇതെപ്പറ്റി യഹൂദർക്കിടയിൽ തർക്കമുണ്ടായി. ‘തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാൻ ഇവന് എങ്ങനെ കഴിയും’ എന്ന് അവർ ചോദിച്ചു. യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്കു ജീവൻ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്‌ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും. എന്തെന്നാൽ, എന്റെ ശരീരം യഥാർഥഭക്ഷണമാണ്. എന്റെ രക്തം യഥാർഥപാനീയവുമാണ്. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. ജീവിക്കുന്നവനായ പിതാവ് എന്നെ അയച്ചു; ഞാൻ പിതാവുമൂലം ജീവിക്കുന്നു. അതുപോലെ, എന്നെ ഭക്‌ഷിക്കുന്നവൻ ഞാൻമൂലം ജീവിക്കും. ഇത് സ്വർഗത്തിൽനിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കൻമാർ മന്നാ ഭക്‌ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.