ജൂലൈ 27 തിങ്കൾ
ഒന്നാം വായന
ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(ഈ ദുഷ്ടജനത ഒന്നിനും കൊള്ളാത്ത ഈ അരക്കച്ചപോലെ ആയിത്തീരും)
കർത്താവ് എന്നോട് ഇപ്രകാരം അരുൾചെയ്‌തു: നീ പോയി ഒരു ചണവസ്ത്രം വാങ്ങിക്കൊണ്ടുവന്ന് അരയിൽ ചുറ്റുക. അതു വെള്ളത്തിൽ മുക്കരുത്. കർത്താവിന്റെ വാക്കനുസരിച്ച് ഞാൻ ഒരു ചണവസ്ത്രം വാങ്ങി ഉടുത്തു. കർത്താവ് വീണ്ടും എന്നോട് അരുൾചെയ്തു: നീ വാങ്ങി ഉടുത്ത വസ്ത്രം യൂഫ്രട്ടീസ് തീരത്തു കൊണ്ടുപോയി അവിടെ ഒരു പാറയിടുക്കിൽ ഒളിച്ചുവയ് ക്കുക. കർത്താവ് കല്പിച്ചതനുസരിച്ച് ഞാൻ അത് യൂഫ്രട്ടീസിന്റെ തീരത്ത് ഒളിച്ചുവച്ചു. അനേകദിവസങ്ങൾക്കുശേഷം കർത്താവ് എന്നോട് അരുൾചെയ്തു: നീ യൂഫ്രട്ടീസ് തീരത്തുചെന്ന് എന്റെ കല്പനപ്രകാരം ഒളിച്ചുവച്ചിരിക്കുന്ന അരക്കച്ച അവിടെനിന്ന് എടുക്കുക. ഞാൻ അവിടെച്ചെന്ന് അരക്കച്ച ഒളിച്ചുവച്ചിരുന്ന സ്‌ഥലം കുഴിച്ച് അതു പുറത്തെടുത്തു. ആ വസ്ത്രം ഒന്നിനും കൊള്ളാത്തവിധം ജീർണിച്ചുപോയിരുന്നു.
അപ്പോൾ എനിക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി. കർത്താവ് അരുൾചെയ്യുന്നു: യൂദായുടെ അഹങ്കാരത്തെയും ജറുസലേമിന്റെ ഔദ്‌ധത്യത്തെയും ഞാൻ ഇതേവിധം നശിപ്പിക്കും. എന്റെ വാക്കു കേൾക്കാതെ തന്നിഷ്ടപ്രകാരം നടക്കുകയും അന്യദേവൻമാരുടെ പുറകേപോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്‌ത ഈ ദുഷ്ടജനത ഒന്നിനും കൊള്ളാത്ത
ഈ അരക്കച്ചപോലെ ആയിത്തീരും. അരക്കച്ച അരയോടു ചേർന്നിരിക്കുന്നതുപോലെ ഇസ്രായേൽഭവനവും യൂദാഭവനവും എന്നോടു ചേർന്നിരിക്കണമെന്നു ഞാൻ ആഗ്രഹിച്ചു. ഇത് അവർ എന്റെ ജനവും കീർത്തിയും അഭിമാനവും മഹത്ത്വവുമായി നില കൊള്ളേണ്ടതിനായിരുന്നു. എന്നാൽ അവർ അതു കൂട്ടാക്കിയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.
നിനക്കു ജൻമം നല്കിയ ശിലയെ നീ അവഗണിച്ചു; നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്‌മരിച്ചു. കർത്താവ് അതു കാണുകയും തന്റെ പുത്രീപുത്രൻമാരുടെ പ്രകോപനം നിമിത്തം അവരെ വെറുക്കുകയും ചെയ്തു.
നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.
അവിടന്നു പറഞ്ഞു: അവരിൽനിന്ന് എന്റെ മുഖം ഞാൻ മറയ്ക്കും; അവർക്ക് എന്തു സംഭവിക്കുമെന്ന് എനിക്കു കാണണം; അവർ വക്രവും അവിശ്വസ്‌തവും ആയ തലമുറയാണ്.
നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.
ദൈവമല്ലാത്തതിനെക്കൊണ്ട് അവർ എന്നിൽ അസൂയ ഉണർത്തി. മിഥ്യാമൂർത്തികളാൽ അവർ എന്നെ പ്രകോപിപ്പിച്ചു; അതിനാൽ, ജനതയല്ലാത്തവരെക്കൊണ്ട് അവരിൽ ഞാൻ അസൂയ ഉണർത്തും; ഭോഷൻമാരുടെ ഒരു ജനതയെക്കൊണ്ട് അവരെ ഞാൻ പ്രകോപിപ്പിക്കും.
നിനക്കു രൂപമേകിയ ദൈവത്തെ നീ വിസ്മരിച്ചു.
അല്ലേലൂയാ !
അല്ലേലൂയാ! (യാക്കാ 1 : 18). തൻ്റെ സൃഷ്‌ടികളിൽ ആദ്യ ഫലമാകേണ്ടതിന് സത്യത്തിൻ്റെ വചനത്താൽ, നമുക്കു ജൻമം നല്‌കാൻ അവിടന്ന് തിരുമനസ്‌സായി അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അത് മറ്റു ചെടികളെക്കാൾ വലുതായി, ആകാശപ്പറവകൾ വന്ന് അതിന്റെ ശിഖരങ്ങളിൽ ചേക്കേറാൻ തക്കവിധം മരമായിത്തീരുന്നു)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് ഒരുപമ അരുൾചെയ്തു: സ്വർഗരാജ്യം ഒരുവൻ വയലിൽ പാകിയ കടുകുമണിക്കു സദൃശം. അത് എല്ലാ വിത്തിനെയുംകാൾ ചെറുതാണ്; എന്നാൽ, വളർന്നു കഴിയുമ്പോൾ അത് മറ്റു ചെടികളെക്കാൾ വലുതായി, ആകാശപ്പറവകൾ വന്ന് അതിന്റെ ശിഖരങ്ങളിൽ ചേക്കേറാൻ തക്കവിധം മരമായിത്തീരുന്നു.
മറ്റൊരു ഉപമ അവൻ അവരോട് അരുൾചെയ്തു: മൂന്ന് ഇടങ്ങഴി മാവിൽ അതു പുളിക്കുവോളം ഒരു സ്ത്രീ ചേർത്ത പുളിപ്പിനു സദൃശമാണ് സ്വർഗരാജ്യം. ഇതെല്ലാം യേശു ഉപമ കൾ വഴിയാണ് ജനക്കൂട്ടത്തോട് അരുൾചെയ്തത്. ഉപമകളിലൂടെയല്ലാതെ അവൻ ഒന്നും അവരോടു പറഞ്ഞിരുന്നില്ല. ഞാൻ ഉപമകൾ വഴി സംസാരിക്കും, ലോകസംസ്‌ഥാപനം മുതൽ നിഗൂഢമായിരുന്നവ ഞാൻ പ്രസ്‌താവിക്കും എന്ന പ്രവാചകവചനം പൂർത്തിയാകാനായിരുന്നു ഇത്.



