ജൂലൈ 26 ഞായർ
ഒന്നാം വായന
രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽനിന്ന്
(നീതിനിർവഹണത്തിനുവേണ്ട വിവേകം ഞാൻ നിനക്കനുവദിച്ചിരിക്കുന്നു)
അക്കാലത്ത്, അവിടെവച്ച് രാത്രി കർത്താവ് സോളമന് സ്വപ്നത്തിൽ പ്രത്യക്ഷനായി. ദൈവം അവനോട് അരുൾചെയ്തു: നിനക്ക് എന്തു വേണമെന്നു പറഞ്ഞുകൊള്ളുക.സോളമൻ പറഞ്ഞു: എന്റെ ദൈവമായ കർത്താവേ, ഭരണപരിചയമില്ലാത്ത ഒരു ബാലനായിരുന്നിട്ടുപോലും ഈ ദാസനെ എൻ്റെ പിതാവായ ദാവീദിന്റെ സ്ഥഥാനത്ത് രാജാവാക്കിയിരിക്കുന്നു. അങ്ങ് തിരഞ്ഞെടുത്തതും സംഖ്യാതീതവുമായ ഒരു മഹാജനത്തിന്റെ നടുവിലാണ് അങ്ങയുടെ ദാസൻ. ഈ മഹാജനത്തെ ഭരിക്കാൻ ആർക്കു കഴിയും? ആകയാൽ, നൻമയും തിൻമയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ പോരുന്ന വിവേകം ഈ ദാസനു നല്‌കിയാലും. സോളമന്റെ ഈ അപേക്‌ഷ കർത്താവിനു പ്രീതികരമായി. അവിടന്ന് അവനോട് അരുൾചെയ്തു: നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ, നീതിനിർവഹണത്തിനുവേണ്ട വിവേകം മാത്രമാണ് ആവശ്യപ്പെട്ടത്. നിൻ്റെ അപേക്ഷ ഞാൻ സ്വീകരിച്ചിരിക്കുന്നു. ജ്ഞാനവും വിവേകവും ഞാൻ നിനക്കു തരുന്നു. ഇക്കാര്യത്തിൽ നിനക്കു തുല്യനായി ആരും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു!
കർത്താവാണ് എന്റെ ഓഹരി; അവിടത്തെ കല്‌പനകൾ പാലിക്കുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. ആയിരക്കണക്കിനു പൊൻവെള്ളിനാണയങ്ങളെക്കാൾ അങ്ങയുടെ വദനത്തിൽനിന്നു പുറപ്പെടുന്ന നിയമമാണ് എനിക്ക് അഭികാമ്യം.
കർത്താവേ, അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു!
ഈ ദാസന് അങ്ങു നല്‌കിയ വാഗ്ദാനമനുസരിച്ച് അങ്ങയുടെ കാരുണ്യം എന്നെ ആശ്വസിപ്പിക്കട്ടെ! ഞാൻ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെ മേൽ ചൊരിയണമേ! അങ്ങയുടെ നിയമത്തിലാണ് എന്റെ ആനന്ദം.
കർത്താവേ, അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു!
ഞാൻ അങ്ങയുടെ കല്‌പനകളെ സ്വർണത്തെയും തങ്കത്തെയുംകാൾ അധികം സ്നേഹിക്കുന്നു. ആകയാൽ, അങ്ങയുടെ പ്രമാണങ്ങളാണ് എന്റെ പാദങ്ങളെ നയിക്കുന്നത്; കപടമാർഗങ്ങൾ ഞാൻ വെറുക്കുന്നു.
കർത്താവേ, അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു!
അങ്ങയുടെ കല്പനകൾ വിസ്‌മയാവഹമാണ്; ഞാൻ അവ പാലിക്കുന്നു. അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം പരക്കുന്നു; എളിയവർക്ക് അത് അറിവു പകരുന്നു.
കർത്താവേ, അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു!
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(നമ്മൾ തൻ്റെ പുത്രൻ്റെ സാദൃശ്യത്തോട് അനുരൂപരായിരിക്കണമെന്ന് ദൈവം മുൻകൂട്ടി നിശ്ചയിച്ചു)
പ്രിയസഹോദരരേ, ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, അവിടന്നു സകലവും നൻമയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. അവിടന്നു മുൻകൂട്ടി അറിഞ്ഞവരെ തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാക്കാൻ മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇത് തന്റെ പുത്രൻ അനേകം സഹോദരരിൽ ആദ്യ ജാതനാകുന്നതിനു വേണ്ടിയാണ്. താൻ മുൻകൂട്ടി നിശ്ചയിച്ചവരെ അവിടന്നു വിളിച്ചു; വിളിച്ചവരെ നീതിമത്കരിച്ചു; നീതി മത്കരിച്ചവരെ മഹത്ത്വപ്പെടുത്തി.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (cf. Mt. 11:25) ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെടട്ടെ. അല്ലേലൂയാ
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അവൻ സമസ്തവും വിറ്റ്, നിധിയുള്ള വയൽ വാങ്ങുന്നു)
(അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾചെയ്തു: സ്വർഗരാജ്യം, വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം, അതു കണ്ടെത്തുന്നവൻ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വർഗരാജ്യം നല്ല രത്നങ്ങൾ തേടുന്ന വ്യാപാരിക്കു തുല്യം. അവൻ വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോൾ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു).
സ്വർഗരാജ്യം, എല്ലാത്തരം മത്‌സ്യങ്ങളെയും ശേഖരിക്കാൻ കടലിൽ എറിയപ്പെട്ട വലയ്ക്കുതുല്യം. വല നിറഞ്ഞപ്പോൾ അവർ അതു കരയ്ക്കു വലിച്ചു കയറ്റി. അവർ അവിടെയിരുന്ന്, നല്ല മത്സ്യങ്ങൾ പാത്രത്തിൽ ശേഖരിക്കുകയും ചീത്ത മത്സ്യങ്ങൾ പുറത്തേക്ക് എറിയുകയും ചെയ്തു. യുഗാന്തത്തിലും ഇതു പോലെ സംഭവിക്കും. ദൈവദൂതൻമാർ ദുഷ്‌ടൻമാരെ നീതിമാൻമാരിൽനിന്നു വേർതിരിക്കുകയും അഗ്നികുൺഡത്തിലേക്കെറിയുകയും ചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. നിങ്ങൾ ഇതെല്ലാം ഗ്രഹിച്ചുവോ? അവൻ ചോദിച്ചു. ഉവ്വ്, അവർ ഉത്തരം പറഞ്ഞു. അവൻ തുടർന്നു: സ്വർഗരാജ്യത്തിന്റെ ശിഷ്യനായിത്തീർന്ന ഓരോ നിയമജ്‌ഞനും, തന്റെ നിക്ഷേപത്തിൽ നിന്ന് പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യൻ.



