സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റീജിയണിന്റെ നേതൃത്വത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസി വർഷത്തിന്റെ സമാപനാഘോഷവും ക്രിസ്മസ് ആഘോഷവും ശുശ്രൂഷാസംഗമവും സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. സംഘാടക സമിതി ചെയർമാനായി മോൺ. വി.പി. ജോസിനെയും വൈസ് ചെയർമാനായി ഫാ. അൽഫോൻസ് ലിഗോരിയെയും ജനറൽ കൺവീനറായി പോൾ പി.ആറിനെയും ജോയിന്റ് ജനറൽ കൺവീനർമാരായി സിൽവിസ്റ്റർ ഡി., അനിൽ ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.
ഡിസംബർ 27 ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ന് നെയ്യാറ്റിൻകര ലോഗോസ് സെന്ററിൽ നടക്കുന്ന ആഘോഷപരിപാടികൾ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആത്മീയ ചൈതന്യവും ക്രിസ്തുമസിന്റെ സ്നേഹസന്ദേശവും പങ്കുവെക്കുന്ന സംഗമമായി മാറും. സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ സ്വീകരണം, രജിസ്ട്രേഷൻ, വേദി ക്രമീകരണം, പ്രചാരണം, ഭക്ഷണവിതരണം, ഗതാഗതം തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ സമിതികൾ ഏകോപിപ്പിക്കും.
ലിറ്റർജി, റിസപ്ഷൻ, പ്രോഗ്രാം, രജിസ്ട്രേഷൻ, മത്സരം, മൊബിലൈസേഷൻ, പബ്ലിസിറ്റി, ഡെക്കറേഷൻ, സ്റ്റേജ് ആൻഡ് സൗണ്ട്, വോളണ്ടിയർ ആൻഡ് പാർക്കിംഗ്, മീഡിയ, ഫുഡ്, ഗ്രീൻ പ്രോട്ടോക്കോൾ, മെഡിക്കൽ, ഫിനാൻസ് തുടങ്ങി 15 ഉപസമിതികൾക്കും രൂപം നൽകി.
റീജിയണിലെ വൈദികർ, സന്യസ്തർ, ഇടവകകളിലെയും ഉപഇടവകകളിലെയും പ്രതിനിധികൾ, ബി.സി.സി. കോർഡിനേറ്റർമാർ, വിവിധ സംഘടനകളുടെ ഭാരവാഹികൾ, മതബോധന ഹെഡ്മാസ്റ്റർമാർ, ശുശ്രൂഷാസമിതി സെക്രട്ടറിമാർ, മീഡിയ കമ്മീഷൻ പ്രതിനിധികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
ആഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം, ഉപന്യാസരചന മത്സരം, ഷോർട്ട് ഫിലിം മത്സരം, കരോൾഗാന മത്സരം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾ റീജിയണിലെ ഇടവകകളുടെയും ഉപഇടവകകളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കും.
ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃക ലോകത്തിന് സമ്മാനിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതസന്ദേശം പുതുഹൃദയങ്ങളോടെ ഏറ്റുവാങ്ങാനും ക്രിസ്തുമസിന്റെ സമാധാനവും സന്തോഷവും പങ്കുവെക്കാനും ഈ സംഗമം അവസരമൊരുക്കും.



