Word of God

ആണ്ടുവട്ടം മുപ്പത്തിനാലാം വാരം വെള്ളി വചനവായന

നവംബർ 27 വെള്ളി

ഒന്നാം വായന

വെളിപാടിന്റെ പുസ്‌തകത്തിൽനിന്ന്

(മരിച്ചവർ താന്താങ്ങളുടെ പ്രവൃത്തികൾക്കനുസൃതം വിധിക്കപ്പെട്ടു. പുതിയ ജറുസലേം സ്വർഗത്തിൽനിന്ന് ഇറങ്ങുന്നത് ഞാൻ കണ്ടു)

ഞാൻ, യോഹന്നാൻ, സ്വർഗത്തിൽനിന്ന് ഒരു ദൂതൻ ഇറ ങ്ങുന്നതു കണ്ടു. അവന്റെ കൈയിൽ പാതാളത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും ഉണ്ട്. അവൻ ഒരു ഉഗ്ര സർപ്പത്തെ -സാത്താനും പിശാചുമായ പുരാതന സർപ്പത്തെ പിടിച്ച് ആയിരം വർഷത്തേക്കു ബന്‌ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞ്, വാതിൽ അടച്ചു മുദ്രവച്ചു. ആയിരം വർഷം തികയുവോളം ജനതകളെ അവൻ വഞ്ചിക്കാതിരിക്കുന്നതിനു വേണ്ടിയാണിത്. തദനന്തരം അല്‌പസമയത്തേക്ക് അതിനെ അഴിച്ചുവിടേണ്ടിയിരിക്കുന്നു. പിന്നെ ഞാൻ കുറെ സിംഹാസനങ്ങൾ കണ്ടു. അവയിൽ ഇരുന്നവർക്കു വിധിക്കാൻ അധികാരം നല്‌കപ്പെട്ടിരുന്നു. കൂടാതെ, യേശുവിനും ദൈവവചനത്തിനും നല്കിയ സാക്ഷ്യത്തെപ്രതി ശിരഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും മൃഗത്തെയോ അതിന്റെ സാദ്യശ്യത്തെയോ ആരാധിക്കുകയും നെറ്റിയിലും കൈയിലും അതിന്റെ മുദ്ര സ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാൻ കണ്ടു. അവർ ജീവൻ പ്രാപിക്കുകയും ആയിരം വർഷം ക്രിസ്‌തുവിനോടുകൂടെ വാഴുകയും ചെയ്തു‌.

ഞാൻ വെൺമയേറിയ ഒരു വലിയ സിംഹാസനവും അതിൽ ഇരിക്കുന്നവനെയും കണ്ടു. അവൻെറ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിയകന്നു. അവയ്ക്ക് ഒരു സങ്കേതവും ലഭിച്ചില്ല. മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പിൽ നില്ക്കുന്നതു ഞാൻ കണ്ടു. ഗ്രന്ഥ‌ങ്ങൾ തുറക്കപ്പെട്ടു; മറ്റൊരുഗ്രന്ഥവും തുറക്കപ്പെട്ടു. അതു ജീവൻഗ്രന്ഥമാണ്. ഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികൾക്കനുസൃതം, മരിച്ചവർ വിധിക്കപ്പെട്ടു. തന്നിലുണ്ടായിരുന്ന മൃതരെ സമുദ്രം വിട്ടുകൊടുത്തു. മരണവും പാതാളവും തങ്ങളിലുണ്ടായിരുന്നവരെയും വിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ പ്രവൃത്തികൾക്കനുസൃതം വിധിക്കപ്പെട്ടു. മൃത്യുവും പാതാളവും അഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം-അഗ്നിത്തടാകം. ജീവന്റെ ഗ്രന്ഥത്തിൽപേരെഴുതപ്പെടാത്തവരെല്ലാം അഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു.

ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ഞാൻ കണ്ടു. ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും കടന്നുപോയി. കടലും അപ്രത്യക്‌ഷമായി. വിശുദ്‌ധനഗരമായ പുതിയ ജറുസലേം, ഭർത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ, സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന്, ഇറങ്ങിവരുന്നതു ഞാൻ കണ്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഇതാ, ദൈവത്തിൻ്റെ കൂടാരം മനുഷ്യരോടുകൂടെ

എന്റെ ആത്മാവു കർത്താവിൻ്റെ അങ്കണത്തിലെത്താൻ വാഞ്ഛിച്ചു തളരുന്നു; എന്റെ മനസ്‌സും ശരീരവും ജീവിക്കുന്നവനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.

ഇതാ, ദൈവത്തിൻ്റെ കൂടാരം മനുഷ്യരോടുകൂടെ

എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കർത്താവേ, കുരികിൽപ്പക്‌ഷി ഒരു സങ്കേതവും മീവൽപ്പക്ഷി കുഞ്ഞിന് ഒരു കൂടും അങ്ങയുടെ ബലിപീഠത്തിങ്കൽ കണ്ടെത്തുന്നുവല്ലോ.

ഇതാ, ദൈവത്തിൻ്റെ കൂടാരം മനുഷ്യരോടുകൂടെ

എന്നേക്കും അങ്ങയെ സ്‌തുതിച്ചുകൊണ്ട് അങ്ങയുടെ ഭവനത്തിൽ വസിക്കുന്നവർ ഭാഗ്യവാൻമാർ അങ്ങിൽ ശക്തി കണ്ടെത്തിയവർ ഭാഗ്യവാൻമാർ; അവർ കൂടുതൽ കൂടുതൽ ശക്തി യാർജിക്കുന്നു.

ഇതാ, ദൈവത്തിൻ്റെ കൂടാരം മനുഷ്യരോടുകൂടെ

അല്ലേലൂയാ!

അല്ലേലൂയാ! (ലൂക്കാ 21 : 28) നിങ്ങൾ ശിരസ്‌സുയർത്തി നില്ക്കുവിൻ, എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഇക്കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്‌സിലാക്കിക്കൊള്ളുവിൻ)

അക്കാലത്ത്, യേശു ശിഷ്യൻമാരോട് ഒരു ഉപമ പറഞ്ഞു: അത്തിമരത്തെയും മറ്റു മരങ്ങളെയും നോക്കുവിൻ. അവ തളിർക്കുമ്പോൾ വേനല്ക്കാലം അടുത്തിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നു. അതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിക്കൊള്ളുവിൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല. ആകാശവും ഭൂമിയും കടന്നുപോകും. എന്നാൽ, എന്റെ വാക്കുകൾ കടന്നുപോവുകയില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.