Word of God

തപസ്സുകാലം : അഞ്ചാം വാരം മാർച്ച് 28 വചനവായന

മാർച്ച് 28 ശനി

ഒന്നാം വായന

എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(ഞാൻ അവരെ ഒരൊറ്റ ജനതയാക്കും)

ദൈവമായ കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇതാ, ചിതറിപ്പോയിരിക്കുന്ന ജനതകളുടെയിടയിൽ നിന്ന് ഇസ്രായേൽ ജനത്തെ ഞാൻ കൊണ്ടുവരും; എല്ലാ ദിക്കുകളിലും നിന്ന് ഞാൻ അവരെ ഒന്നിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും. സ്വദേശത്ത് ഇസ്രായേലിൻ്റെ മലകളിൽ ഞാൻ അവരെ ഒരൊറ്റ ജനതയാക്കും. ഒരു രാജാവ് അവരുടെമേൽ ഭരണം നടത്തും. ഇനിയൊരിക്കലും അവർ രണ്ടു ജനതകളായിരിക്കുകയില്ല; രണ്ടു രാജ്യങ്ങളായി ഭിന്നിച്ചുനില്ക്കുകയുമില്ല. തങ്ങളുടെ വിഗ്രഹങ്ങളാലോ ശ്ലേച്ഛപ്രവൃത്തികളാലോ മറ്റേതെങ്കിലും അപരാധങ്ങളാലോ അവർ മേലിൽ തങ്ങളെത്തന്നെ മലിനപ്പെടുത്തുകയില്ല. അവർ പാപംചെയ്‌ത എല്ലാ വസതികളിലുംനിന്ന് അവരെ ഞാൻ രക്‌ഷിച്ച് നിർമലരാക്കും. അങ്ങനെ അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവുമായിരിക്കും. എന്റെ ദാസനായ ദാവീദ് അവർക്ക് രാജാവായിരിക്കും. അവർക്കെല്ലാംകൂടി ഒരിടയനേ ഉണ്ടായിരിക്കുകയുള്ളു. അവർ എന്റെ നിയമങ്ങൾ അനുസരിക്കുകയും കല്‌പനകൾ ശ്രദ്‌ധാപൂർവം പാലിക്കുകയും ചെയ്യും. ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്തതും നിങ്ങളുടെ പിതാക്കൻമാർ അധിവസിച്ചതുമായ ദേശത്ത് അവർ വസിക്കും അവരും അവരുടെ സന്തതി പരമ്പരയും ആ ദേശത്ത് നിത്യമായി വസിക്കും: എൻ്റെ ദാസാനായ ദാവീദ് എന്നേക്കും അവരുടെ രാജാവായിരിക്കും. സമാധാനത്തിന്റെ ഒരു ഉടമ്പടി അവരുമായി ഞാനുണ്ടാക്കും. അത് നിത്യമായ ഉടമ്പടിയായിരിക്കും. അവരെ ഞാൻ അനുഗ്രഹിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യും. അവരുടെ മധ്യേ എന്റെ ആലയം ഞാൻ എന്നേക്കുമായി സ്‌ഥാപിക്കും. എന്റെ വാസസ്‌ഥലം അവരുടെ മധ്യേ ആയിരിക്കും; ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവുമായിരിക്കും. എന്റെ ആലയം അവരുടെ മധ്യേ നിത്യമായി സ്‌ഥിതിചെയ്യുമ്പോൾ ഇസ്രായേലിനെ വിശുദ്‌ധീകരിക്കുന്ന കർത്താവു ഞാനാണ് എന്ന് ജനതകൾ അറിയും.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

ഇടയൻ ആട്ടിൻകൂട്ടത്തെയെന്നപോലെ കർത്താവു നമ്മെ പാലിക്കും.

ജനതകളേ, കർത്താവിൻെറ വചനം കേൾക്കുവിൻ, വിദൂര ദ്വീപുകളിൽ അതു പ്രഘോഷിക്കുവിൻ, ഇസ്രായേലിനെ ചിതറിച്ചവൻ അവരെ ഒരുമിച്ചുകൂട്ടുകയും ഇടയൻ ആട്ടിൻകുട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും എന്നുപറയുവിൻ.

ഇടയൻ ആട്ടിൻകൂട്ടത്തെയെന്നപോലെ കർത്താവു നമ്മെ പാലിക്കും.

കർത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു. ബലിഷ്ഠകരങ്ങളിൽനിന്ന് അവനെ രക്ഷിച്ചിരിക്കുന്നു. ആഹ്ലാദാരവത്തോടെ അവർ സീയോൻ മലയിലേക്കു വരും. കർത്താവിന്റെ വിശിഷ്ടദാനങ്ങളായ ധാന്യം, വിഞ്ഞ്, എണ്ണ, ആടുമാടുകൾ എന്നിവയാൽ അവർ സന്തുഷ്ടരാകും.

ഇടയൻ ആട്ടിൻകൂട്ടത്തെയെന്നപോലെ കർത്താവു നമ്മെ പാലിക്കും.

അപ്പോൾ കന്യകമാർ നൃത്തംചെയ്ത് ആനന്ദിക്കും. യുവാക്കളും വൃദ്‌ധരും സന്തോഷചിത്തരാകും ഞാൻ അവരുടെ വിലാപം ആഹ്ലാദമാക്കി മാറ്റും, അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും.

ഇടയൻ ആട്ടിൻകൂട്ടത്തെയെന്നപോലെ കർത്താവു നമ്മെ പാലിക്കും.

സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്‌തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്‌തുതി.

(എസെ 18:31). കർത്താവ് അരുൾചെയ്യുന്നു. പശ്ചാത്തപിച്ച് എല്ലാ അതിക്രമങ്ങളിലും നിന്ന് പിന്തിരിയുവിൻ; ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിൻ.

കർത്താവായ യേശുക്രിസ്‌തുവേ, അനന്തമഹിമയുടെ രാജാവേ. അങ്ങേക്കു സ്തുതി.

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനു വെബർ രയശു മരിക്കേണ്ടിയിരിക്കുന്നു)

അക്കാലത്ത്, മറിയത്തിന്റെ അടുക്കൽ വന്നിരുന്ന യഹൂദരിൽ വളരെപ്പേർ അവൻ പ്രവർത്തിച്ചതുകണ്ട് അവനിൽ വിശ്വസിച്ചു. എന്നാൽ, അവരിൽ ചിലർ ചെന്ന് യേശു പ്രവർത്തിച്ച കാര്യങ്ങൾ ഫരിസേയരോടു പറഞ്ഞു. അപ്പോൾ, പുരോഹിത പ്രമുഖൻമാരും ഫരിസേയരും ആലോചനാസംഘം വിളിച്ചുകൂട്ടി പറഞ്ഞു: നാം എന്താണു ചെയ്യേണ്ടത്? ഈ മനുഷ്യൻ വളരെയധികം അടയാളങ്ങൾ പ്രവർത്തിക്കുന്നല്ലോ. അവനെ നാം ഇങ്ങനെ വിട്ടാൽ എല്ലാവരും അവനിൽ വിശ്വസിക്കും. അപ്പോൾ റോമാക്കാർ വന്ന് നമ്മുടെ വിശുദ്‌ധസ്‌ഥലത്തെയും ജനത്തെയും നശിപ്പിക്കും. അവരിൽ ഒരുവനും ആ വർഷത്തെ പ്രധാന പുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു: നിങ്ങൾക്ക് ഒന്നും അറിഞ്ഞു കൂടാ. ജനം മുഴുവൻ നശിക്കാതിരിക്കാനായി, അവർക്കുവേണ്ടി ഒരുവൻ മരിക്കുന്നതു യുക്തമാണെന്നു നിങ്ങൾ മനസ്സിലാക്കുന്നുമില്ല. അവൻ ഇതു സ്വമേധയാ പറഞ്ഞതല്ല; പ്രത്യുത, ആ വർഷത്തെ പ്രധാന പുരോഹിതൻ എന്ന നിലയിൽ, ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു-ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുവേണ്ടിയും. അന്നുമുതൽ അവനെ വധിക്കാൻഅവർ ആലോചിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയിൽ പരസ്യമായി സഞ്ചരിച്ചില്ല. അവൻ പോയി, മരുഭൂമിക്കടുത്തുള്ള എഫ്രായിം പട്ടണത്തിൽ, ശിഷ്യരോടൊത്തു വസിച്ചു.

യഹൂദരുടെ പെസഹാത്തിരുനാൾ അടുത്തിരുന്നു. ഗ്രാമങ്ങളിൽനിന്നു വളരെപ്പേർ തങ്ങളെത്തന്നെ വിശുദ്‌ധീകരിക്കുന്നതിനായി പെസഹായ്ക്കുമുമ്പേ ജറുസലേമിലേക്കു പോയി. അവർ യേശുവിനെ അന്വേഷിച്ചുകൊണ്ട് ദേവാലയത്തിൽവച്ചു പരസ്‌പരം ചോദിച്ചു: നിങ്ങൾ എന്തു വിചാരിക്കുന്നു? അവൻ തിരുനാളിനു വരുകയില്ലെന്നോ?

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.