ജൂലൈ 29 ബുധൻ
ഒന്നാം വായന
വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(നാം പരസ്‌പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും)
പ്രിയപ്പെട്ടവരേ, നമുക്കു പരസ്‌പരം സ്നേഹിക്കാം; എന്തെന്നാൽ, സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്ന ആരും ദൈവത്തിൽനിന്നു ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യുന്നു. സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാണ്. തൻ്റെ ഏകപുത്രൻ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ, ദൈവത്തിന്റെ സ്നേഹം നമ്മുടെയിടയിൽ വെളിപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടന്നു നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്‌തു എന്നതിലാണ് സ്നേഹം. പ്രിയപ്പെട്ടവരേ, ദൈവം നമ്മെ ഇപ്രകാരം സ്നേഹിച്ചെങ്കിൽ നാമും പരസ്‌പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു. ദൈവത്തെ ഒരുവനും ഒരിക്കലും കണ്ടിട്ടില്ല. എന്നാൽ, നാം പരസ്‌പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും. അവിടത്തെ സ്നേഹം നമ്മിൽ പൂർണമാവുകയും ചെയ്യും. ദൈവം തന്റെ ആത്‌മാവിനെ നമുക്കു തന്നിരിക്കുന്നതിനാൽ നാം ദൈവത്തിലും ദൈവം നമ്മിലും വസിക്കുന്നു എന്നു നാം അറിയുന്നു. പിതാവു തന്റെ പുത്രനെ ലോകരക്ഷകനായി അയച്ചു എന്നു ഞങ്ങൾ അറിഞ്ഞിരിക്കുന്നു. ഞങ്ങൾ അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനിൽ ദൈവം വസിക്കുന്നു. അവൻ ദൈവത്തിലും വസിക്കുന്നു. ദൈവത്തിനു നമ്മോടുള്ള സ്നേഹം നാം അറിയുകയും അതിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും,
കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും, അവിടത്തെ സ്തുതികൾ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും. കർത്താവിൽ ഞാൻ അഭിമാനം കൊള്ളുന്നു; പീഡിതർ കേട്ട് ആനന്ദിക്കട്ടെ!
കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും,
എന്നോടൊത്തു കർത്താവിനെ മഹത്ത്വപ്പെടുത്തുവിൻ; നമുക്കൊരുമിച്ച് അവിടത്തെ നാമം സ്‌തുതിക്കാം. ഞാൻ കർത്താവിനെ തേടി, അവിടന്ന് എനിക്കുത്തരമരുളി; സർവ ഭയങ്ങളിലുംനിന്ന് അവിടന്ന് എന്നെ മോചിപ്പിച്ചു.
കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും,
അവിടത്തെ നോക്കിയവർ പ്രകാശിതരായി, അവർ ലജ്‌ജിതരാവുകയില്ല. ഈ എളിയവൻ നിലവിളിച്ചു. കർത്താവു കേട്ടു: എല്ലാ കഷ്ടതകളിലും നിന്ന് അവനെ രക്ഷിക്കുകയും ചെയ്തു
കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും.
കർത്താവിന്റെ ദൂതൻ ദൈവഭക്‌തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു. കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ; അവിടത്തെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.
കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും,
കർത്താവിന്റെ വിശുദ്‌ധരേ, അവിടത്തെ ഭയപ്പെടുവിൻ; അവിടത്തെ ഭയപ്പെടുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. സിംഹക്കുട്ടികൾ ഇരകിട്ടാതെ വിശന്നുവലഞ്ഞേക്കാം; കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും,
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 8:12). കർത്താവ് അരുൾചെയ്യുന്നു: ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല; അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നീ ദൈവപുത്രനായ ക്രിസ്തു ആണെന്ന് ഞാൻ വിശ്വസിക്കുന്നു)
അക്കാലത്ത്, അനേകം യഹൂദർ മർത്തായെയും മറിയത്തെയും അവരുടെ സഹോദരനെപ്രതി ആശ്വസിപ്പിക്കാൻ വന്നിരുന്നു. യേശു വരുന്നുണ്ടെന്നു കേട്ടപ്പോൾ മർത്താ ചെന്ന് അവനെ സ്വീകരിച്ചു. എന്നാൽ, മറിയം വീട്ടിൽത്തന്നെ ഇരുന്നു. മർത്താ യേശുവിനോടു പറഞ്ഞു: കർത്താവേ, നീ ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു. എന്നാൽ, നീ ചോദിക്കുന്നതെന്തും ദൈവം നിനക്കു തരും എന്ന് എനിക്കറിയാം. യേശു പറഞ്ഞു: നിൻ്റെ സഹോദരൻ ഉയിർത്തെഴുന്നേല് ക്കും. മർത്താ പറഞ്ഞു: അന്ത്യദിനത്തിലെ ഉത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കുമെന്ന് എനിക്കറിയാം. യേശു അവളോടു പറഞ്ഞു: ഞാനാണ് ഉത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? അവൾ പറഞ്ഞു: ഉവ്വ്, കർത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവ പുത്രനായ ക്രിസ്തു ആണെന്നു ഞാൻ വിശ്വസിക്കുന്നു.



