Word of God

ആണ്ടുവട്ടം ഇരുപത്തഞ്ചാം വാരം വെള്ളി വചനവായന

സെപ്റ്റംബർ 24 വെള്ളി

ഒന്നാം വായന

സഭാപ്രസംഗകന്റെ പുസ്‌തകത്തിൽനിന്ന്

(ആകാശത്തിൻകീഴുള്ള സമസ്‌തവും അതാതിനുള്ള സമയത്തു കടന്നുപോകുന്നു)

എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിൻ കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. ജനിക്കാൻ ഒരു കാലം, മരിക്കാനൊരു കാലം, നടാനൊരു കാലം, നട്ടതു പറിക്കാൻ ഒരു കാലം. കൊല്ലാൻ ഒരു കാലം, സൗഖ്യമാക്കാൻ ഒരു കാലം, തകർക്കാൻ ഒരു കാലം, പണിതുയർത്താൻ ഒരു കാലം, കരയാൻ ഒരു കാലം, ചിരിക്കാൻ ഒരു കാലം, വിലപിക്കാൻ ഒരു കാലം, നൃത്തം ചെയ്യാൻ ഒരു കാലം. കല്ലുപെറുക്കിക്കളയാൻഒരുകാലം, കല്ലുപെറുക്കിക്കൂട്ടാൻ ഒരു കാലം, ആലിംഗനം ചെയ്യാൻ ഒരു കാലം. ആലിംഗനം ചെയ്യാതിരിക്കാൻ ഒരു കാലം, സമ്പാദിക്കാൻ ഒരു കാലം, നഷ്‌ടപ്പെടുത്താൻ ഒരു കാലം, സൂക്ഷിച്ചുവയ്ക്കാൻ ഒരു കാലം, എറിഞ്ഞുകളയാൻ ഒരു കാലം. കീറാൻ ഒരു കാലം, തുന്നാൻ ഒരു കാലം, മൗനം പാലിക്കാൻ ഒരു കാലം, സംസാരിക്കാൻ ഒരു കാലം. സ്നേഹിക്കാൻ ഒരു കാലം, ദ്വേഷിക്കാൻ ഒരു കാലം, യുദ്‌ധത്തിന് ഒരു കാലം, സമാധാനത്തിന് ഒരു കാലം.

അധ്വാനിക്കുന്നവന് അവന്റെ അധ്വാനം കൊണ്ടെന്തു ഫലം? ദൈവം മനുഷ്യമക്കൾക്കു നല്‌കിയ ശ്രമകരമായ ജോലി ഞാൻ കണ്ടു. അവിടന്ന് സമസ്‌തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്‌ടിച്ചു. മനുഷ്യമനസ്സിൽ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം അവിടന്ന് നിക്ഷേപിച്ചിരിക്കുന്നു; എന്നാൽ ദൈവത്തിന്റെ പ്രവൃത്തികൾ ആദ്യന്തം ഗ്രഹിക്കാൻ അവനു കഴിവില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

എൻ്റെ അഭിയശിലയായ കർത്താവു വാഴ്ത്തപ്പെടട്ടെ.

എന്റെ അഭയശിലയായ കർത്താവു വാഴ്ത്തപ്പെടട്ടെ! അവിടന്നാണ് എന്റെ അഭയശിലയും ദുർഗവും ശക്തികേന്ദ്രവും; എന്റെ വിമോചകനും പരിചയും ആയ അങ്ങിൽ ഞാൻ ആശ്രയിക്കുന്നു; അവിടന്നു ജനതകളെ കീഴടക്കുന്നു.

എൻ്റെ അഭിയശിലയായ കർത്താവു വാഴ്ത്തപ്പെടട്ടെ

കർത്താവേ, അവിടത്തെ ചിന്തയിൽ വരാൻ മർത്യന് എന്തു മേൻമയുണ്ട്? അവിടത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുതന് എന്ത് അർഹതയുണ്ട്? മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യനാണ്; അവൻ ദിനങ്ങൾ മാഞ്ഞുപോകുന്ന നിഴൽ പോലെയാകുന്നു.

എൻ്റെ അഭിയശിലയായ കർത്താവു വാഴ്ത്തപ്പെടട്ടെ

അല്ലേലൂയാ!

അല്ലേലൂയാ! (മർക്കോ 10:45). മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി നല്‌കാനുമത്രേ. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നീ ദൈവത്തിന്റെ ക്രിസ്‌തു ആണ്. മനുഷ്യപുത്രൻ വളരെയേറെ സഹിക്കും)

അക്കാലത്ത്, യേശു തനിയേ പ്രാർഥിക്കുകയായിരുന്നു. ശിഷ്യൻമാരും അവന്റെ കൂടെ ഉണ്ടായിരുന്നു. അപ്പോൾ അവൻ ചോദിച്ചു: ഞാൻ ആരെന്നാണു ജനങ്ങൾ പറയുന്നത്? അവർ മറുപടി നല്കി: ചിലർ സ്‌നാപകയോഹന്നാനെന്നും മറ്റു ചിലർ ഏലിയാ എന്നും വേറെ ചിലർ പൂർവപ്രവാചകൻമാരിൽ ഒരാൾ ഉയിർത്തിരിക്കുന്നു എന്നും പറയുന്നു. അപ്പോൾ അവൻ ചോദിച്ചു: ഞാൻ ആരെന്നാണു നിങ്ങൾ പറയുന്നത്? പത്രോസ് ഉത്തരം നല്‌കി: നീ ദൈവത്തിന്റെ ക്രിസ്‌തു ആണ്. ഇക്കാര്യംആരോടും പറയരുതെന്നു കർശനമായി നിരോധിച്ചതിനുശേഷം അവൻ അരുൾചെയ്തു: മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പുരോഹിത പ്രമുഖൻമാർ, നിയമജ്ഞർ എന്നിവരാൽ തിരസ്ക്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.