സെപ്റ്റംബർ 24 വ്യാഴം
ഒന്നാം വായന
സഭാപ്രസംഗകന്റെ പുസ്‌തകത്തിൽനിന്ന്
(സൂര്യനുകീഴേ പുതുതായി ഒന്നുമില്ല)
പ്രസംഗകൻ പറയുന്നു: മിഥ്യകളിൽ മിഥ്യ, സകലവും മിഥ്യ, മിഥ്യകളിൽ മിഥ്യ! സൂര്യനു താഴേ മനുഷ്യന് അധ്വാനംകൊണ്ട് എന്തുഫലം? തലമുറകൾ വരുന്നു, പോകുന്നു. ഭൂമിയാകട്ടെ, എന്നേല്ക്കും നിലനില്ക്കുന്നു. സൂര്യനുദിക്കുന്നു, അസ്തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു. കാറ്റു തെക്കോട്ടു വീശുന്നു; തിരിഞ്ഞു വടക്കോട്ടു വീശുന്നു. വീണ്ടും തെക്കോട്ട്, അങ്ങനെ അതു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു. നദികൾ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാൽ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കു തുടരുന്നു. സകലവും മനുഷ്യനു ക്ലേശഭൂയിഷ്ഠം; അതു വിവരിക്കുക മനുഷ്യന് അസാധ്യം; കണ്ടിട്ടു കണ്ണിനോ കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല. ഉണ്ടായതുതന്നെ വീണ്ടും ഉണ്ടാകുന്നു. ചെയ്‌തതുതന്നെ വീണ്ടും ചെയ്യുന്നു. സുര്യനു കീഴേ പുതുതായൊന്നുമില്ല. പുതിയത് എന്നുപറയാൻ എന്തുണ്ട്? യുഗങ്ങൾക്കു മുൻപുതന്നെ അതുണ്ടായിരുന്നു. കഴിഞ്ഞതൊന്നും ആരും ഓർക്കുന്നില്ല. വരാനിരിക്കുന്നവയെ അവയ്ക്കുശേഷം വരാനിരിക്കുന്നവർ ഓർമിക്കുകയില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
മനുഷ്യനെ അവിടന്നു പൊടിയിലേക്കു മടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിൻ എന്ന് അങ്ങു പറയുന്നു. ആയിരം വത്സരം അങ്ങയുടെ ദൃഷ്ട്‌ടിയിൽ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്.
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
അവിടന്നു മനുഷ്യനെ, ഉണരുമ്പോൾ മാഞ്ഞുപോകുന്ന സ്വപ്നം പോലെ തുടച്ചുമാറ്റുന്നു; പ്രഭാതത്തിൽ മുളനീട്ടുന്ന പുല്ലുപോലെയാണവൻ. പ്രഭാതത്തിൽ അതു തഴച്ചുവളരുന്നു; സായാഹ്‌നത്തിൽ അതു വാടിക്കരിയുന്നു,
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
ഞങ്ങളുടെ ആയുസ്‌സിന്റെ ദിനങ്ങൾ എണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്‌ഞാനപൂർണമാകട്ടെ! കർത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാൾ വൈകും? അങ്ങയുടെ ദാസരോട് അലിവു തോന്നണമേ!
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ ഞങ്ങൾ സന്തോഷിച്ചുല്ലസിക്കട്ടെ. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ കൃപ ഞങ്ങളുടെമേൽ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികൾ ഫലമണിയിക്കണമേ! ഞങ്ങളുടെ പ്രവൃത്തികൾ സുസ്ഥിരമാക്കണമേ!
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 14:6). കർത്താവ് അരുൾചെയ്യുന്നു. വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ യോഹന്നാനെ ശിരച്ഛേദം ചെയ്‌തു; പിന്നെ ആരെപ്പറ്റിയാണു ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്?)
അക്കാലത്ത്, സംഭവിച്ചതെല്ലാം കേട്ട് ഹേറോദേസ് രാജാവു പരിഭ്രാന്തനായി. എന്തെന്നാൽ, യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു എന്നു ചിലരും ഏലിയാ പ്രത്യക്ഷ്പ്പെട്ടിരിക്കുന്നു എന്നു മറ്റു ചിലരും പണ്ടത്തെ പ്രവാചകൻമാരിൽ ഒരുവൻ ഉയിർത്തുവന്നിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞിരുന്നു. ഹേറോദേസ് പറഞ്ഞു: ഞാൻ യോഹന്നാനെ ശിരശ്ഛേദം ചെയ്തു. പിന്നെ ആരെക്കുറിച്ചാണ് ഞാൻ ഇക്കാര്യങ്ങൾ കേൾക്കുന്നത്? അവൻ ആരാണ്? അവനെ കാണാൻ ഹേറോദേസ് ആഗ്രഹിച്ചു.



