ആമുഖം
ക്രൈസ്തവ ആരാധനയുടെ നിയമാനുസൃതമായ രണ്ടു പ്രകടനങ്ങളാണ് ആരാധനക്രമവും ജനപ്രിയഭക്തിയും. ആരാധനാക്രമാനുഷ്ഠാനങ്ങൾ രണ്ടായി തിരിച്ചിരിക്കുന്നു: കൂദാശകളും കൂദാശാനുകരണങ്ങളും. ക്രിസ്തു സ്ഥാപിച്ചതും സ്ഥാപിക്കാൻ ആഗ്രഹിച്ചതുമായ (intend) ഏഴു കൂദാശകളും സഭ സ്ഥാപിച്ച കൂദാശാനുകരണങ്ങളുമാണ് ആരാധനക്രമത്തിന്റെ ഉള്ളടക്കം. ജനപ്രിയഭക്തി ഈ ആരാധനക്രമാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ വിശ്വാസികളെ സഹായിക്കുന്നു. ആരാധനക്രമാനുഷ്ഠാനങ്ങളിലൂടെയും ജനപ്രിയ ഭക്ത്യാഭ്യാസങ്ങളിലൂടെയും ത്രീത്വൈക ദൈവത്തിന് ആരാധനയും പരിശുദ്ധ കന്യകമറിയത്തിനും വിശുദ്ധർക്കും ഭക്ത്യാദരങ്ങളും നല്കുന്നു.
പദോത്പത്തി
പരിശുദ്ധ മാതാവിനെ അനുസ്മരിച്ചും മാതൃക അനുകരിച്ച് മാധ്യസ്ഥ്യം തേടിയും ചെയ്യുന്ന അനേകം പ്രാർഥനകൾ സഭയിൽ നിലവിലുണ്ട്. അവയിൽ ഏറ്റവും അധികം അറിയപ്പെടുന്നതും പ്രചാരത്തിലുള്ളതും ജപമാല പ്രാർഥനയാണ്. ജപമാല ‘കൊന്ത’ എന്നും അറിയപ്പെടുന്നു. എണ്ണുക എന്നർഥമുള്ള ‘കൊന്താരേ’ എന്ന പോർച്ചുഗീസ് വാക്കിൽനിന്നാണ് കൊന്ത എന്ന വാക്കിന്റെ ഉത്ഭവം. റോസറി (rosary) എന്ന ഇംഗ്ലീഷ് വാക്ക് ‘റൊസാരിയും’ എന്ന ലത്തീൻ വാക്കിൽനിന്ന് വരുന്നു. ‘റോസാപ്പൂക്കൾ നിറഞ്ഞ പൂന്തോട്ടം’ എന്നാണ് ഈ ലത്തീൻ വാക്കിന്റെ വാച്ച് അർഥം. റോസാപ്പൂക്കൾകൊണ്ടുതീർത്ത മാല എന്നർഥം പിന്നീട് ഈ വാക്കിന് ഉണ്ടായി. പതിനാറാം നൂറ്റാണ്ടിന്റെ പകുതിയോടയാണ് മാതാവിന്റെ ബഹുമാനാർഥം മാതാവിന്റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ടുള്ള ഒരു പ്രാർഥന എന്ന അർഥത്തിൽ ‘റോസറി’ എന്ന പേര് യൂറോപ്യൻ ഭാഷകളിൽ പ്രചാരത്തിൽ വന്നത്. പ്രാർഥനയുടെ പൂന്തോട്ടം അഥവാ പ്രാർഥനാരാമം എന്ന് ഈ വാക്കിനെ വിശേഷിപ്പിക്കാം.
ജപമാല പ്രാർഥനയുടെ ഉത്ഭവവും വളർച്ചയും
ഏതാണ്ട് നാലാം നൂറ്റാണ്ടോടെയാണ് ജപമാല പ്രാർഥനയുടെ തുടക്കം എന്ന് കരുതപ്പെടുന്നു. സന്ന്യാസികൾ യാമപ്രാർഥനയുടെ ഭാഗമായി ദിവസംതോറും 150 സങ്കീർത്തനങ്ങൾ ചൊല്ലുമായിരുന്നു. എന്നാണ്, എഴുത്തും വായനയും അറിയാത്ത സാധാരണ ജനങ്ങൾ സങ്കീർത്തനങ്ങൾക്കുപകരം യേശു പഠിപ്പിച്ച പ്രാർഥന (കർതൃപ്രാർഥന) 150 തവണ ചൊല്ലുന്ന ഒരു പതിവ് നിലവിൽ വന്നു. അത് എണ്ണാനായി 150 കെട്ടുകൾ ഉള്ള ചരട് ഉപയോഗിച്ചിരുന്നു.
ഏ.ഡി 431ൽ കന്യകമറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ചതോടെ മരിയ ഭക്തിക്കും മാതാവിനോടുള്ള പ്രാർഥനകൾക്കും സഭയിൽ പ്രാധാന്യം കൂടി. കാലക്രമത്തിൽ 150 തവണ കർതൃപ്രാർഥന ആവർത്തിക്കുന്നതിനുപകരം ഈ പ്രാർഥനയെ 3 ഗണങ്ങളായിതിരിച്ച് ഓരോ ഗണത്തിലും അഞ്ച് തവണ കതൃപ്രാർഥനയും ഓരോ കതൃപ്രാർഥനയ്ക്കുശേഷവും 10 തവണ മാതാവിനോടുള്ള പ്രാർഥനയും ചൊല്ലുന്ന പതിവ് നിലവിൽ വന്നു.
അന്ത്യോക്യായിലെ പാത്രിയർക്കീസായ സെവേരൂസ് ആണ് ഏ.ഡി. 513 -ൽ ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർഥന ചിട്ടപ്പെടുത്തിയത് എന്ന് കരുതപ്പെടുന്നു. സുവിശേഷത്തിൽ നിന്നെടുത്ത രണ്ട് വാക്കുകൾ സമന്വയിപ്പിച്ചതാണ് ഈ പ്രാർഥനയുടെ ആദ്യ ഭാഗം -ദൂതന്റെ ആശംസയും എലിസബത്തിന്റെ ഉദ്ഘോഷണവും (ലൂക്കാ 1:30-42). രണ്ടാം ഭാഗമാകട്ടെ (പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ) പ്രസിദ്ധനായ ഈശോ സ്വഭാവ വൈദികനായ പീറ്റർ കനീഷ്യസ് (1521-1597) കൂട്ടിച്ചേർത്തതാണെന്നും കരുതപ്പെടുന്നു. ആദ്യഭാഗം ദൈവവചനം ഉരുവിടുകയും രണ്ടാം ഭാഗം കത്തോലിക്കാ സഭയുടെ വിശ്വാസം ഏറ്റുപറഞ്ഞ് പരിശുദ്ധ മറിയത്തോട് സഹായം യാചിക്കുകയും ചെയ്യുന്നു.
1241 -ൽ വിശുദ്ധ ഡോമിനിക്കിന് പരിശുദ്ധ അമ്മതന്നെ പ്രത്യക്ഷപ്പെട്ട് ജപമാല നല്കി എന്നും ജപമാല പ്രാർഥന ചൊല്ലാൻ നിർദേശിച്ചു എന്നും ഒരു പാരമ്പര്യമുണ്ട്. അൽബിജേൻസിയനിസം എന്ന പാഷണ്ഡതയ്ക്കെതിരെ പോരാടാനും അവരെ മാനസാന്തരപ്പെടുത്താനുമുള്ള വിശുദ്ധ ഡൊമിനിക്കിന്റെ പരിശ്രമങ്ങളിൽ സ്ഥിരതയോടെ നിലനില്ക്കാനുള്ള ശക്തിയുടെ കേന്ദ്രമായും കൃപയായുമാണ് പരിശുദ്ധ മറിയം ജപമാല നല്കിയത്. ‘ദൈവം ഭൂമുഖം നവീകരിക്കാൻ തീരുമാനിച്ചപ്പോൾ മാലാഖയുടെ അഭിവാദനമാണ് ആദ്യം ഭൂമിയിലേക്ക് അയച്ചുകൊണ്ട് അവിടന്ന് അതിന് ആരംഭം കുറിച്ചത്. അതിനാൽ, മാലാഖയുടെ അഭിവാദനം ഉൾക്കൊള്ളുന്ന നൂറ്റമ്പത് പ്രാർഥനകളും പതിനഞ്ച് സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർഥനയും വഴി സമൃദ്ധമായ ഭലമുളവാക്കാൻ’ മറിയം ആഹ്വാനം ചെയ്യുകയും ചെയ്തു. പതിന്നാലാം നൂറ്റാണ്ടിന്റെ പകുതിയോടെ പാറയുടെ അലൻ (Alan of the Rock) എന്ന ഡൊമിനിക്കൻ സന്ന്യാസിക്ക് യേശുതന്നെ പ്രത്യക്ഷപ്പെട്ട് ജപമാല ചൊല്ലി പ്രാർഥിക്കാൻ നിർദേശം നല്കിയതായും പറയപ്പെടുന്നു.
ജപമാല പ്രാർഥനയോടൊപ്പം രക്ഷാകര രഹസ്യങ്ങളെക്കുറിച്ചുള്ള ധ്യാനങ്ങൾ കൂട്ടിച്ചേർത്തത് 1458 -ൽ പോളണ്ടിലെ ഒരു കാർത്തൂസിയൻ സന്ന്യാസിയായ പ്രഷ്യയിലെ ഡൊമിനിക് (Dominic of Prussia) ആയിരുന്നു. പതിനാറാം നൂറ്റാണ്ടിലാണ് ജപമാല പ്രാർഥനയ്ക്ക് ഇന്ന് നിലവിലുള്ള രൂപവും ഭാവവും കൈവന്നത്. വലിയൊരു മരിയഭക്തനും ഡൊമിനിക്കൻ സന്ന്യാസിയുമായിരുന്ന പീയൂസ് അഞ്ചാമൻ പാപ്പ1569 -ൽ ജപമാല പ്രാർഥന സഭയുടെ പൊതുവായ പ്രാർഥനയായി നിർദേശിച്ചു.
ജപമാല മാസാചരണത്തിന്റെ തുടക്കം
1571 -ൽ യൂറോപ്പിനെയാകെ കീഴടക്കാനും ഇസ്ലാമികവത്ക്കരിക്കാനുമായി ഓട്ടോമൻ സാമ്രാജ്യം ഒരു മുന്നേറ്റം നടത്തി. അവരെ നേരിട്ടത് സ്പെയിൻ, വെനീസ് രാജ്യങ്ങളുടെ നാവികസേനയാണ്. വിശുദ്ധസഖ്യം (Holy League) എന്നറിയപ്പെട്ടിരുന്ന ഈ സഖ്യശക്തികളെ വിളിച്ചുകൂട്ടിയതും നേതൃത്വം നല്കിയതും പീയൂസ് അഞ്ചാമൻ പാപ്പ ആയിരുന്നു. പീയൂസ് അഞ്ചാമൻ പാപ്പ എല്ലാ സന്ന്യാസ സമൂഹങ്ങളോടും വിശ്വാസികളോടും, പൊതുവായ ജപമാലയർപ്പണം ഉൾപ്പെടെ, ജപമാല ചൊല്ലിക്കൊണ്ട് ഈ ആപത്കരമായ കടന്നുകയറ്റത്തെ പ്രതിരോധിക്കണമെന്ന് ആഹ്വാനം ചെയ്തു. ഓട്ടോമാൻ സൈന്യത്തെക്കാൾ വളരെ ചെറുതായിരുന്ന വിശുദ്ധ സഖ്യത്തിന്റെ നാവികസേന പാപ്പ ആശീർവദിച്ചുനല്കിയ പതാകയും ഏന്തിയാണ് യുദ്ധത്തിന് ഇറങ്ങിയത്. പാശ്ചാത്യസഖ്യത്തെ സംബന്ധിച്ച് ഇതൊരു ജീവൻ മരണ പോരാട്ടമായിരുന്നു. അവർ മാതാവിനോട് പ്രാർഥിച്ചു. ജപമാല അവരുടെ ആയുധമായിരുന്നു. അങ്ങനെ ഒക്ടോബർ മാസം ഏഴാം തീയതി ലെപ്പാന്തോ (Lepanto) യുദ്ധത്തിൽ വച്ച് തുർക്കികളെ ക്രൈസ്തവർ അദ്ഭുതകരമായി പരാജയപ്പെടുത്തി. വിജയം നല്കിയ പരിശുദ്ധ അമ്മയോടുള്ള നന്ദി സൂചകമായി ഒക്ടോബർ ഏഴാം തീയതി ‘വിജയ മാതാവിന്റെ’ തിരുനാളായി ആഘോഷിക്കാൻ പിയൂസ് അഞ്ചാമൻ പാപ്പാ ആവശ്യപ്പെട്ടു. പിന്നീട് 1716 -ൽ ക്ലെമെന്റ് പതിനൊന്നാമൻ പാപ്പ ഒക്ടോബർ ഏഴാം തീയതി ‘ജപമാല രാജ്ഞി’യുടെ തിരുനാളായി മാറ്റുകയും സാർവത്രിക സഭ മുഴുവൻ ഈ തിരുനാൾ ആചരിക്കാൻ നിർദേശിക്കുകയും ചെയ്തു. 1884 -ൽ ലിയോ പതിമൂന്നാമൻ പാപ്പ ‘മുൻവർഷത്തിൽ’ (Superiore Anno) എന്ന തിരുവെഴുത്ത് വഴി ഒക്ടോബർ മാസം മുഴുവൻ ജപമാല മാസമായി പ്രഖ്യാപിച്ചു.
പല പാപ്പാമാരും ജപമാല പ്രാർഥനയെ പ്രോത്സാഹിപ്പിക്കുകയും അനേകം ദണ്ഡവിമോചനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ ആയിരുന്നു ജപമാല ഭക്തിയുടെ ഏറ്റവും വലിയ പ്രചാരകൻ. പ്രകാശത്തിന്റെ രഹസ്യങ്ങൾ എന്ന പേരിൽ യേശുവിന്റെ പരസ്യ ജീവിതത്തെ ധ്യാനവിഷയമാക്കുന്ന അഞ്ചുരഹസ്യങ്ങൾ അദ്ദേഹം കൂട്ടിച്ചേർത്തു. 2002 -ൽ ‘കന്യക മറിയത്തിന്റെ ജപമാല’ (Rosarium Virginis Mariae) എന്ന അപ്പോസ്തോലിക ലേഖനത്തിലൂടെ ‘പ്രകാശത്തിന്റെ രഹസ്യങ്ങൾ’ ജപമാലയോടൊപ്പം കൂട്ടിച്ചേർത്തുകൊണ്ട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഇപ്രകാരം പറയുന്നുണ്ട്: “ജപമാലയിൽ, ക്രിസ്ത്യാനികൾ പരിശുദ്ധ അമ്മയുടെ വിദ്യാലയത്തിൽ ഇരിക്കുകയും ക്രിസ്തുവിന്റെ മുഖത്തിന്റെ സൗന്ദര്യം ധ്യാനിക്കാനും അവിടുത്തെ സ്നേഹത്തിന്റെ ആഴം അനുഭവിക്കാനും നയിക്കപ്പെടുകയും ചെയ്യുന്നു.”
ജപമാല: ശക്തിയേറിയ പ്രാർഥന
പീഡാസഹനം, കുരിശുമരണം, ഉത്ഥാനം, മഹത്ത്വീകരണം എന്നിവയുൾപ്പെടുന്ന ക്രിസ്തുനാഥന്റെ സമ്പൂർണ ജീവിതം ഉൾച്ചേർന്നിരിക്കുന്ന ക്രിസ്തു കേന്ദ്രീകൃത പ്രാർഥനയാണ് ജപമാല. മറ്റുവാക്കിൽ പറഞ്ഞാൽ, പരിശുദ്ധ അമ്മയോടൊപ്പം ക്രിസ്തുവിന്റെ ജീവിത രഹസ്യങ്ങളെപ്പറ്റി ധ്യാനിക്കലാണ് ജപമാല. തീർച്ചയായും, പരിശുദ്ധ അമ്മയെയും നാം ജപമാലയിലൂടെ ആദരിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നുണ്ട്. “ദൈവത്തിൽനിന്ന് വലിയൊരു ദൗത്യം സ്വീകരിച്ചു എന്ന കാരണത്താൽത്തന്നെ പരിശുദ്ധ അമ്മയുടെ ജീവിതം യേശുക്രിസ്തുവിന്റെ ജീവിത രഹസ്യങ്ങളുമായി ഏറ്റവും അടുപ്പത്തിൽ ബന്ധട്ടിരിക്കുന്നു. അതുപോലെതന്നെ, പരിശുദ്ധ അമ്മയെക്കാൾ കൂടുതൽ അടുപ്പത്തിലോ അവളെക്കാൾ യോഗ്യതയോടെയോ അവതീർണ വചനത്തിന്റെ കാലടികളെ പിന്തുടർന്ന ആരും തന്നെയില്ല” എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ എഴുതുന്നു (‘മെദിയാത്തോർ ദേയി’ 142).
വിശുദ്ധ ഡോമിനിക്കിന് ലഭിച്ച പ്രത്യക്ഷം പ്രതിഫലിപ്പിക്കുന്ന ചിത്രമാണ് ‘ജപമാല രാജ്ഞി’യുടെ ചിത്രം. ഒരു കൈയിൽ ശിശുവായ യേശുവിനെ വഹിച്ചും മറുകൈയാൽ വിശുദ്ധ ഡോമിനിക്കിന് ജപമാല നല്കിക്കൊണ്ടുമുള്ള ഈ ചിത്രത്തെപ്പറ്റി 2017 -ൽ എമരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പാ ഇപ്രകാരം പറഞ്ഞു: ‘എന്നും കൂടുതൽ വിശ്വസ്തതയോടെ യേശുവിനെ ധ്യാനിക്കാനും അവിടുത്തെ ജീവിതം മനനം ചെയ്യാനും അവിടുത്തെ സ്നേഹിക്കാനും അവിടുത്തെ പിഞ്ചല്ലാനുമായി പരിശുദ്ധ അമ്മ നല്കിയ ഒരു മാർഗമാണ് ജപമാല എന്ന് ഈ പ്രധാനപ്പെട്ട ചിത്രം നമ്മെ ഓർമിപ്പിക്കുന്നു.’
മാതാവിനോടുചേർന്ന് രക്ഷാകര രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കുകയാണ് ജപമാലയുടെ മുഖ്യലക്ഷ്യം. ജപമാല പ്രാർഥനയിൽ ചേർത്തിട്ടുള്ള ധ്യാനവിഷയങ്ങൾ, പീയൂസ് അഞ്ചാമൻ പാപ്പ പറയുന്നതുപോലെ, ‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മുഴുവൻ ജീവിതവും പ്രകാശിപ്പിക്കുന്നവയാണ്’ (‘കോൺസുയേവേരൂന്ത് റൊമാനി പൊന്തിഫിച്ചെസ്’ 1).
അൽബിജേൻസിയനിസം എന്ന പാഷണ്ഡതയാൽ സഭ പീഡിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ‘സ്വർഗത്തിലേക്ക്, ദൈവത്തിന്റെ സ്നേഹപൂർണയായ അമ്മയുടെ, മഹത്ത്വപൂർണയായ കന്യകമറിയത്തിന്റെ, ആ പർവതത്തിലേക്ക് കണ്ണുകൾ ഉയർത്തി’ (‘കോൺസുയേവേരൂന്ത് റൊമാനി പൊന്തിഫിച്ചെസ്’ 1) അവളുടെ സഹായം തേടിയത്. ഇന്നും പലവിധത്തിലും പല അബദ്ധവിശ്വാസങ്ങളാലും തീർഥാടകസഭ കുലുക്കപ്പെടുകയും അനേകം യുദ്ധങ്ങളാലും മനുഷ്യരുടെ ധാർമിക അധ:പതനത്താലും ക്ലേശിപ്പിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ എല്ലാ സഹായവും പുറപ്പെടുന്ന അതേ പർവതത്തിലേക്ക് കണ്ണുകൾ ഉയർത്തി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാൻ നമുക്ക് സാധിക്കണം (‘കോൺസുയേവേരൂന്ത് റൊമാനി പൊന്തിഫിച്ചെസ്’ 2).
ഒരേ പ്രാർഥനതന്നെ അനേകം തവണ ആവർത്തിക്കുന്നത് ചിലപ്പോൾ വിരസമായി തോന്നാം. തന്നെയുമല്ല, പ്രാർഥന ചൊല്ലൽ വെറും യാന്ത്രികമായ ഒരു പ്രവർത്തി മാത്രമായി പരിണമിക്കാനും സാധ്യതയുണ്ട്. അതിനാൽ, യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് മുതൽ വ്യത്യസ്തരായ സകലർക്കുമായി സജ്ജീകരിച്ചിരിക്കുന്നതും മറിയത്തിന് മുൻകൂറായി ലഭിച്ചതുമായ മഹത്തീകരണം (കിരീടധാരണം) വരെയുള്ള രഹസ്യങ്ങളെക്കുറിച്ചുള്ള ഗാഢമായ ധ്യാനം ആയിരിക്കണം ജപമാലയുടെ ആത്മാവ്. പ്രാർഥനയുടെ അർഥം ഗ്രഹിച്ചും ധ്യാനവിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചും പ്രാർഥിക്കുമ്പോൾ വിരസതയെക്കാൾ ഏകാഗ്രതയും ആന്തരിക ശാന്തതയും ലഭ്യമാകും.




