Word of God

ആണ്ടുവട്ടം ഇരുപത്താറാം വാരം ശനി വചനവായന

ഒക്ടോബർ 03 ശനി

ഒന്നാം വായന

ജോബിന്റെ പുസ്ത‌കത്തിൽനിന്ന്

(ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു. അതിനാൽ ഞാൻ എന്നത്തന്നെ വെറുക്കുന്നു)

അക്കാലത്ത്, ജോബ് കർത്താവിനോടു പറഞ്ഞു: അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെ ഒരു ഉദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു. അറിവില്ലാതെ ഉപദേശം മറച്ചുവയ്ക്കുന്നവൻ ആരാണ് എന്ന് അങ്ങ് ചോദിച്ചു.എനിക്കു മനസ്‌സിലാകാത്ത അദ്‌ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞുപോയി. അങ്ങയെക്കുറിച്ച് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു. അതിനാൽ ഞാൻ എന്നത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും കിടന്ന് ഞാൻ പശ്ചാത്തപിക്കുന്നു.

കർത്താവ് അവൻെറ ശേഷിച്ച ജീവിതം മുൻപിലത്തേതിനെക്കാൾ ധന്യമാക്കി, അവന് പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും ആയിരം ഏർ കാളകളും ആയിരം പെൺകഴുതകളും ഉണ്ടായി. അവന് ഏഴു പുത്രൻമാരും മൂന്നു പുത്രിമാരും ഉണ്ടായി. മൂത്തവൾ ജമിമാ, രണ്ടാമത്തവൾ കെസിയാ, മൂന്നാമത്തവൾ കേരൻഹാപ്പുക്. ജോബിൻെറ പുത്രിമാരെപ്പോലെ സുന്ദരിമാരായ സ്ത്രീകൾ ആ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല. പിതാവ് അവർക്കും സഹോദരൻമാർക്കൊപ്പം അവകാശം കൊടുത്തു. അതിനുശേഷം ജോബ് നൂറ്റിനാല്പതുവർഷം ജീവിക്കുകയും മക്കളും മക്കളുടെ മക്കളുമായി നാലു തലമുറവരെ കാണുകയും ചെയ്തു. അങ്ങനെ ജോബ് പൂർണായുസ്സ് പ്രാപിച്ച് വൃദ്‌ധനായി മരിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, ഈ ദാസൻ്റെ മേൽ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ.

അങ്ങയുടെ കല്പ‌നകളിൽ ഞാൻ വിശ്വസിക്കുന്നതുകൊണ്ട് അറിവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ! ദുരിതങ്ങൾ എനിക്കുപകാരമായി; തൻമൂലം ഞാൻ അങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ.

കർത്താവേ, ഈ ദാസൻ്റെ മേൽ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ.

കർത്താവേ, അങ്ങയുടെ വിധികൾ ന്യായയുക്തമാണെന്നും വിശ്വസ്തതമൂലമാണ് അവിടന്ന് എന്നെ കഷ്ട്‌ടപ്പെടുത്തിയതെന്നും ഞാനറിയുന്നു. അവിടന്നു നിശ്ചയിച്ചപ്രകാരം ഇന്നും എല്ലാം നിലനില്ക്കുന്നു; എന്തെന്നാൽ, സകലതും അങ്ങയെ സേവിക്കുന്നു.

കർത്താവേ, ഈ ദാസൻ്റെ മേൽ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ.

ഞാൻ അങ്ങയുടെ ദാസനാണ്; എനിക്ക് അറിവു നല്‌കണമേ ! ഞാൻ അങ്ങനെ അങ്ങയുടെ കല്‌പന ഗ്രഹിക്കട്ടെ! അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം പരക്കുന്നു; എളിയവർക്ക് അത് അറിവു പകരുന്നു.

കർത്താവേ, ഈ ദാസൻ്റെ മേൽ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ.

അല്ലേലൂയാ!

അല്ലേലൂയാ! (മത്താ 11:25). ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോ ഷിക്കുവിൻ)

അക്കാലത്ത്, എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്ന് യേശുവിനോടു പറഞ്ഞു: കർത്താവേ, നിന്റെ നാമത്തിൽ പിശാചുക്കൾ പോലും ഞങ്ങൾക്കു കീഴ്പ്പെടുന്നു. അവൻ പറഞ്ഞു: സാത്താൻ സ്വർഗത്തിൽനിന്ന് ഇടിമിന്നൽപോലെ നിപതിക്കുന്നതു ഞാൻ കണ്ടു. ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിൻ്റെ സകല ശക്‌തികളുടെയും മീതേ ചവിട്ടി നടക്കാൻ നിങ്ങൾക്കു ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എന്നാൽ, പിശാചുക്കൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ.

ആ സമയംതന്നെ പരിശുദ്‌ധാത്‌മാവിൽ ആനന്‌ദിച്ച്, അവൻ പറഞ്ഞു: സ്വർഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടത്തെ ഞാൻ സ്‌തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് ഇവ ജ്ഞാനികളിൽനിന്നും ബുദ്‌ധിമാൻമാരിൽനിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്കു വെളിപ്പെടുത്തുകയും ചെയ്തു‌. അതേ, പിതാവേ, അതായിരുന്നു അവിടത്തെ അഭീഷ്‌ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്‌പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്താനാഗ്രഹിക്കുന്നുവോ അവനുമല്ലാതെ, മറ്റാരും ഗ്രഹിക്കുന്നില്ല. അവൻ ശിഷ്യൻമാരുടെ നേരേ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ, ഞാൻ പറയുന്നു, അനേകം പ്രവാചകൻമാരും രാജാക്കൻമാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.