ജൂൺ 12 വെള്ളി
ഒന്നാം വായന
രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽനിന്ന്
(മലയിൽ കർത്താവിൻ്റെ സന്നിധിയിൽ നില്ക്കുക)
അക്കാലത്ത്, ഏലിയാ ദൈവത്തിൻ്റെ മലയായ ഹൊറെബിലെത്തി ഒരു ഗുഹയിൽ വസിച്ചു. അവിടെവച്ച് കർത്താവിന്റെ സ്വരം അവൻ ശ്രവിച്ചു: നീ ചെന്ന് മലയിൽ കർത്താവിന്റെ സന്നിധിയിൽ നില്ക്കുക, അവിടന്ന് അരുൾചെയ്തു. കർത്താവു കടന്നുപോയി. അവിടത്തെ മുൻപിൽ മലകൾ പിളർന്നും പാറകൾ തകർത്തുംകൊണ്ട് കൊടുങ്കാറ്റടിച്ചു; കൊടുങ്കാറ്റിൽ കർത്താവില്ലായിരുന്നു. കാറ്റുകഴിഞ്ഞു ഭൂകമ്പമുണ്ടായി. ഭൂകമ്പത്തിലും കർത്താവില്ലായിരുന്നു. ഭൂകമ്പത്തിനുശേഷം അഗ്നിയുണ്ടായി. അഗ്നിയിലും കർത്താവില്ലായിരുന്നു. അഗ്നി അടങ്ങിയപ്പോൾ ഒരു മൃദുസ്വരം കേട്ടു. അപ്പോൾ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു പുറത്തേക്കുവന്ന് ഗുഹാമുഖത്തുനിന്നു. അപ്പോൾ അവൻ ഒരു സ്വരം കേട്ടു: ഏലിയാ, നീ ഇവിടെ എന്തു ചെയ്യുന്നു? അവൻ പ്രതിവചിച്ചു: സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതി ഞാൻ അതീവതീക്ഷണതയാൽ ജ്വലിക്കുകയാണ്.
ഇസ്രായേൽജനം അവിടത്തെ ഉടമ്പടി ലംഘിച്ചു. അവർ അങ്ങയുടെ ബലിപീഠങ്ങൾ തകർക്കുകയും അങ്ങയുടെ പ്രവാചകൻമാരെ വാളിനിരയാക്കുകയും ചെയ്തു. ഞാൻ മാത്രമേ ശേഷിച്ചിട്ടുള്ളൂ. എന്റെയും ജീവൻ അവർ വേട്ടയാടുന്നു.
കർത്താവ് കല്പ്പിച്ചു: നീ ദമാസ്കസിനടുത്തുള്ള മരുഭൂമിയിലേക്കു മടങ്ങുക. അവിടെ ഹസായേലിനെ സിറിയാരാജാവായി അഭിഷേകം ചെയ്യുക. നിംഷിയുടെ മകൻ യേഹുവിനെ ഇസ്രായേൽരാജാവായും ആബെമെഹോലായിലെ ഷാഫാത്തിന്റെ മകൻ എലീഷായെ നിനക്കു പകരം പ്രവാചകനായും അഭിഷേകം ചെയ്യുക.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ മുഖം ഞാൻ തേടുന്നു.
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?
കർത്താവേ, അങ്ങയുടെ മുഖം ഞാൻ തേടുന്നു.
കർത്താവേ, ഞാൻ ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുമ്പോൾ അവിടന്നു കേൾക്കണമേ! കാരുണ്യപൂർവം എനിക്ക് ഉത്തരമരുളണമേ! കർത്താവേ, അങ്ങയുടെ മുഖം ഞാൻ തേടുന്നു എന്ന് എന്റെ ഹൃദയം അങ്ങയോടു മന്ത്രിക്കുന്നു.
കർത്താവേ, അങ്ങയുടെ മുഖം ഞാൻ തേടുന്നു.
എന്റെ മുഖം തേടുവിൻ എന്ന് അവിടന്നു കല്പിച്ചു; അങ്ങയുടെ മുഖം എന്നിൽനിന്നു മറച്ചുവയ്ക്കരുതേ! എന്റെ സഹായകനായ ദൈവമേ, അങ്ങയുടെ ദാസനെ കോപത്തോടെ തള്ളിക്കളയരുതേ! എന്റെ രക്ഷകനായ ദൈവമേ, എന്നെ തിരസ്കരിക്കരുതേ!
കർത്താവേ, അങ്ങയുടെ മുഖം ഞാൻ തേടുന്നു.
ജീവിക്കുന്നവരുടെ ദേശത്ത് കർത്താവിന്റെ നൻമ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു. കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ, ദുർബലരാകാതെ ധൈര്യമവലംബിക്കുവിൻ; കർത്താവിനുവേണ്ടി കാത്തിരിക്കുവിൻ.
കർത്താവേ, അങ്ങയുടെ മുഖം ഞാൻ തേടുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! (ഫിലി 2:15a, 16a). ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കുകയും ജീവന്റെ വചനം മുറുകെപ്പിടിക്കുകയും ചെയ്യുവിൻ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യൻമാരോട് അരുൾചെയ്തു: വ്യഭിചാരം ചെയ്യരുത് എന്നു കല്പ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടു ണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹ്യദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുതുകഴിഞ്ഞു. വലത്തുകണ്ണ് നിനക്കു പാപഹേതുവാകുന്നെങ്കിൽ, അതു ചൂഴ്ന്നടുത്ത് എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കിൽ, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തിൽ പതിക്കുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുന്നതാണ്.
ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഉപേക്ഷാപത്രം കൊടുക്കണം എന്നു കല്പിച്ചിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ വ്യഭിചാരിണിയാക്കുന്നു. ഉപേക്ഷിക്കപ്പെട്ടവളെ പരിഗ്രഹിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.




