ജൂൺ 10 ബുധൻ
ഒന്നാം വായന
രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന്
(അങ്ങു മാത്രമാണ് ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചു വിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർഥന കേൾക്കണമേ!)
അക്കാലത്ത്, ആഹാബ് ഇസ്രായേൽജനത്തെയും പ്രവാചകൻമാരെയും കാർമൽമലയിൽ ഒരുമിച്ചുകൂട്ടി. ഏലിയാ ജനത്തെ സമീപിച്ചു ചോദിച്ചു: നിങ്ങൾ എത്രനാൾ രണ്ടു വഞ്ചിയിൽ കാൽ വയ്ക്കും? കർത്താവാണു ദൈവമെങ്കിൽ, അവിടത്തെ അനുഗമി ക്കുവിൻ; ബാലാണു ദൈവമെങ്കിൽ അവന്റെ പിന്നാലെ പോകുവിൻ. ജനം ഒന്നും പറഞ്ഞില്ല. ഏലിയാ വീണ്ടും ജനത്തോടു പറഞ്ഞു: കർത്താവിന്റെ പ്രവാചകൻമാരിൽ ഞാനേശേഷിച്ചിട്ടുള്ളു, ഞാൻ മാത്രം. ബാലിനാകട്ടെ, നാനൂറ്റൻപതു പ്രവാചകൻമാരുണ്ട്. ഞങ്ങൾക്കു രണ്ടു കാളയെ തരുവിൻ. ഒന്നിനെ അവർ കഷണങ്ങളാക്കി വിറകിൻമേൽ വയ്ക്കട്ടെ; തീ കൊളുത്തരുത്. മറ്റേതിനെ ഞാനും ഒരുക്കി വിറകിൻമേൽവയ്ക്കാം. ഞാനും തീ കൊളുത്തുകയില്ല. നിങ്ങൾ നിങ്ങളുടെ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുവിൻ. ഞാൻ കർത്താവിൻ്റെ നാമം വിളിച്ചപേക്ഷിക്കാം. അഗ്നനി അയച്ചു പ്രാർഥന കേൾക്കുന്ന ദൈവമായിരിക്കും യഥാർഥദൈവം. വളരെ നല്ല അഭിപ്രായം, ജനം ഒന്നാകെ പ്രതിവചിച്ചു.
ബാലിന്റെ പ്രവാചകൻമാരോട് ഏലിയാ പറഞ്ഞു: ആദ്യം നിങ്ങൾ ഒരു കാളയെ ഒരുക്കിക്കൊള്ളുവിൻ, നിങ്ങൾ അനേകം പേരുണ്ടല്ലോ. നിങ്ങളുടെ ദേവനെ വിളിച്ചപേക്ഷിക്കുവിൻ. എന്നാൽ, തീ കൊളുത്തരുത്. അവർ കാളയെ ഒരുക്കി പ്രഭാതം മുതൽ മധ്യാഹ്നനം വരെ, ബാൽദേവാ ഞങ്ങളുടെ അപേക്ഷ കേൾക്കണമേ എന്നു വിളിച്ചപേക്‌ഷിച്ചു. പ്രതികരണമുണ്ടായില്ല; ആരും ഉത്തരവും നല്‌കിയില്ല. ബലിപീഠത്തിനു ചുറ്റും അവർ ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്നു. ഉച്ചയായപ്പോൾ ഏലിയാ അവരെ പരിഹസിച്ചു പറഞ്ഞു: ഉച്ചത്തിൽ വിളിക്കുവിൻ. ബാൽ ഒരു ദേവനാണല്ലോ. അവൻ ദിവാസ്വപ്നം കാണുകയായിരിക്കാം; ദിനചര്യ അനുഷ്ഠിക്കുകയാവാം; യാത്രപോയതാവാം, അല്ലെങ്കിൽ ഉറങ്ങുകയാവും, വിളിച്ചുണർത്തേണ്ടിയിരിക്കുന്നു. അപ്പോൾ അവർ ശബ്ദമുയർത്തി വിളിച്ചു; ആചാരമനുസരിച്ച് വാളുകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്‌പിച്ചു,രക്തം ഒഴുകി. മധ്യാഹ്നം കഴിഞ്ഞിട്ടും അവർ ഉൻമത്തരായി വിളിച്ചു കൊണ്ടിരുന്നു. ബലിക്കു സമയമായി. എന്നിട്ടും ഒരു ശബ്ദവും ഉണ്ടായില്ല; ആരും ഉത്തരം നല്‌കിയില്ല. ആരും അവരുടെ പ്രാർഥന ശ്രവിച്ചില്ല.
അപ്പോൾ, ഏലിയാ ജനത്തോടു പറഞ്ഞു: അടുത്തുവരുവിൻ: എല്ലാവരും ചെന്നു. കർത്താവിന്റെ തകർന്നുകിടന്നിരുന്ന ബലിപീഠം അവൻ കേടുപോക്കി. നിൻെറ നാമം ഇസ്രായേൽ എന്നായിരിക്കും എന്നു കർത്താവ് ആരോട് അരുൾചെയ്‌തുവോ, ആ യാക്കോബിന്റെ പുത്രൻമാരുടെ ഗോത്രസംഖ്യയനുസരിച്ച് അവൻ പന്ത്രണ്ട് കല്ലെടുത്തു. ആ കല്ലുകൾകൊണ്ട് അവൻ കർത്താവിന് ഒരു ബലിപീഠം നിർമിച്ചു. അതിനുചുറ്റും രണ്ട് അളവു വിത്തുകൊള്ളുന്ന ഒരു ചാലുണ്ടാക്കി. അവൻ വിറക് അടുക്കി കാളയെ കഷണങ്ങളാക്കി അതിൻമേൽ വച്ചു. അവൻ പറഞ്ഞു: നാലു കുടം വെള്ളം ദഹനബലിവസ്‌തുവിലും വിറകിലും ഒഴിക്കുവിൻ. അവൻ തുടർന്നു: വീണ്ടും അങ്ങനെ ചെയ്യുവിൻ; അവർ ചെയ്തു. അവൻ വീണ്ടും പറഞ്ഞു: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യുവിൻ. അവർ അങ്ങനെ ചെയ്‌തു. ബലിപീഠത്തിനു ചുറ്റും വെള്ളമൊഴുകി ചാലിൽ വെള്ളം നിറഞ്ഞു.
ദഹനബലിയുടെ സമയമായപ്പോൾ ഏലിയാ പ്രവാചകൻ അടുത്തുവന്നു പ്രാർഥിച്ചു: അബ്രാഹത്തിന്റെ യും ഇസഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ കർത്താവേ, അങ്ങ് ഇസ്രായേലിൻെറ ദൈവമാണെന്നും ഞാൻ അങ്ങയുടെ ദാസനാണെന്നും അങ്ങയുടെ കല്‌പനയനുസരിച്ചാണു ഞാൻ ഇതു ചെയ് തതെന്നും അങ്ങ് ഇന്നു വെളിപ്പെടുത്തണമേ! കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ! അങ്ങു മാത്രമാണു ദൈവമെന്നും അങ്ങ് ഇവരുടെ ഹൃദയങ്ങളെ തിരിച്ചുവിളിക്കുന്നെന്നും അവർ അറിയുന്നതിന് എന്റെ പ്രാർഥന കേൾക്കണമേ! ഉടനേ കർത്താവിൽനിന്ന് അഗ്‌നി ഇറങ്ങി ബലിവസ്‌തുവും വിറകും കല്ലും മണ്ണും ദഹിപ്പിക്കുകയും ചാലിലെ വെള്ളം വറ്റിക്കുകയും ചെയ്തു. ഇതു കണ്ടു ജനം സാഷ്ടാംഗം വീണ് വിളിച്ചുപറഞ്ഞു: കർത്താവുതന്നെ ദൈവം! കർത്താവുതന്നെ ദൈവം!
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു. അവിടന്നാണ് എന്റെ കർത്താവ്; അങ്ങിൽനിന്നല്ലാതെ എനിക്കു നൻമയില്ല.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു.
അന്യദേവൻമാരെ അനുഗമിക്കുന്നവർ തങ്ങളുടെ ദുരിതം വർധിപ്പിക്കുന്നു; ഞാൻ അവർക്കു രക്‌തംകൊണ്ടു പാനീയബലി അർപ്പിക്കുകയില്ല; ഞാൻ അവരുടെ നാമം ഉച്ചരിക്കുകയില്ല.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു.
കർത്താവാണ് എൻ്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടത്തെ കരങ്ങളിലാണ്. കർത്താവ് എപ്പോഴും എന്റെ കൺമുൻപിലുണ്ട്; അവിടന്ന് എൻ്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങുകയില്ല.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു.
അങ്ങ് എനിക്കു ജീവന്റെ മാർഗം കാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്‌ദത്തിന്റെ പൂർണതയുണ്ട്; അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്.
ദൈവമേ, എന്നെ കാത്തുകൊള്ളണമേ! ഞാൻ അങ്ങിൽ ശരണംവച്ചിരിക്കുന്നു.
അല്ലേലൂയാ !
അല്ലേലൂയാ! (സങ്കീ 25:4b, 5a). എൻ്റെ ദൈവമേ, അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കണമേ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ് ഞാൻ വന്നത്)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യൻമാരോട് അരുൾചെയ്തു: നിയമത്തെയോ പ്രവാചകൻമാരെയോ അസാധുവാക്കാനാണു ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ് ഞാൻ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തിൽനിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്ന് സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളിൽ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗരാജ്യത്തിൽ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാൽ, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ, സ്വർഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും.




