ആഗസ്റ്റ് 01 ശനി
ഒന്നാം വായന
ജറെമിയാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(ഈ വാക്കുകൾ നിങ്ങളോടു പറയാൻ സത്യമായും കർത്താവാണ് എന്നെ അയച്ചിരിക്കുന്നത്)
അക്കാലത്ത്, പുരോഹിതൻമാരും പ്രവാചകൻമാരും പ്രഭുക്കൻമാരോടും ജനത്തോടുമായി പറഞ്ഞു: ഇവൻ മരണത്തിന് അർഹനാണ്, എന്തെന്നാൽ, ഇവൻ ഈ നഗരത്തിനെതിരായി പ്രവചിച്ചിരിക്കുന്നു; നിങ്ങൾതന്നെ കേട്ടതാണല്ലോ.
അപ്പോൾ പ്രഭുക്കൻമാരോടും ജനത്തോടുമായി ജറെമിയാ പറഞ്ഞു: നിങ്ങൾ കേട്ട വാക്കുകൾ ഈ നഗരത്തിനും ഈ ആലയത്തിനുമെതിരായി പ്രവചിക്കാൻ കർത്താവാണ് എന്നെ നിയോഗിച്ചത്. നിങ്ങളുടെ മാർഗങ്ങളും ചെയ്തികളും നന്നാക്കുവിൻ; നിങ്ങളുടെ ദൈവമായ കർത്താവിന്റെ വാക്കുകൾ അനുസരിക്കുവിൻ. നിങ്ങൾക്കെതിരായി പ്രഖ്യാപിച്ച അനർഥങ്ങളെക്കുറിച്ച് അപ്പോൾ അവിടന്ന് അനുതപിക്കും. ഞാനിതാ നിങ്ങളുടെ കൈകളിലാണ്. നീതിയും യുക്തവും എന്നു നിങ്ങൾക്കു തോന്നുന്നത് ചെയ്തുകൊള്ളുക. എന്നാൽ ഇതറിഞ്ഞുകൊള്ളുവിൻ, നിങ്ങൾ എന്നെ കൊന്നാൽ നിങ്ങളുടെയും ഈ നഗരത്തിൻെറയും നഗരവാസികളുടെയുംമേൽ നിഷ്കളങ്കരക്തമായിരിക്കും പതിക്കുന്നത്. എന്തെന്നാൽ, ഈ വാക്കുകൾ നിങ്ങളോടു പറയാൻ സത്യമായും കർത്താവാണ് എന്നെ അയച്ചിരിക്കുന്നത്.അപ്പോൾ പ്രഭുക്കൻമാരും ജനവും പുരോഹിതൻമാരോടും പ്രവാചകൻരോടും പറഞ്ഞു: ഇവൻ മരണശിക്ഷയ്ക്കർഹനല്ല. എന്തെന്നാൽ, നമ്മുടെ ദൈവമായ കർത്താവിന്റെ നാമത്തിലാണ് ഇവൻ സംസാരിച്ചത്. ജനം ജറെമിയായെ വധിക്കാതെ ഷാഫാന്റെ പുത്രൻ അഹിക്കാം അവനെ രക്ഷിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!
രക്ഷയുടെ വാഗ്ദാനത്തിൽ അങ്ങ് വിശ്വസ്തനാണല്ലോ, ഞാൻ ചേറിൽ മുങ്ങിപ്പോകാതെ എന്നെ രക്ഷിക്കണമേ! ശത്രുക്കളിൽനിന്നും സമുദ്രത്തിൻ്റെ ആഴത്തിൽനിന്നും എന്നെ മോചിപ്പിക്കണമേ! ജലം എന്റെ മേൽ കവിഞ്ഞൊഴുകാതിരിക്കട്ടെ! ആഴങ്ങൾ എന്നെ വിഴുങ്ങാതിരിക്കട്ടെ! പാതാളം എന്നെ മൂടിക്കളയാതിരിക്കട്ടെ!
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!
ഞാൻ പീഡിതനും വേദന തിന്നുന്നവനുമാണ്; ദൈവമേ, അങ്ങയുടെ രക്ഷ എന്നെ സമുദ്ധരിക്കട്ടെ! ഞാൻ ദൈവത്തിന്റെ നാമം പാടി സ്തുതിക്കും, കൃതജ്ഞതാസ്തോത്രത്തോടെ ഞാൻ അവിടത്തെ മഹത്ത്വപ്പെടുത്തും.
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!
പീഡിതർ അതു കണ്ട് ആഹ്ളാദിക്കട്ടെ! ദൈവത്തെ അനേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങൾ ഉൻമേഷഭരിതമാകട്ടെ! കർത്താവ് ദരിദ്രന്റെ പ്രാർഥന കേൾക്കുന്നു; ബന്ധിതരായ സ്വന്തം ജനത്തെ അവിടന്നു നിന്ദിക്കുകയില്ല.
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!
അല്ലേലൂയാ !
അല്ലേലൂയാ! (മത്താ 5 : 10). നീതിക്കുവേണ്ടി പീഡനം ഏല്ക്കു ന്നവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഹേറോദേസ് ആളയച്ച് യോഹന്നാൻ്റെ തല വെട്ടിയെടുത്തു; യോഹന്നാന്റെ ശിഷ്യർ യേശുവിനെ വിവരമറിയിച്ചു)
അക്കാലത്ത്, സാമന്തരാജാവായ ഹേറോദേസ് യേശുവിന്റെ കീർത്തിയെപ്പറ്റി കേട്ടിട്ട്, തന്റെ സേവകൻമാരോടു പറഞ്ഞു: ഇവൻ സ്നാപകയോഹന്നാനാണ്. മരിച്ചവരിൽനിന്ന് അവൻ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, ഈ ശക്തി ഇവനിൽ പ്രവർത്തിക്കുന്നത്. ഹേറോദേസ് യോഹന്നാനെ ബന്ധിച്ച് കാരാഗൃഹത്തിൽ അടച്ചിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇതു ചെയ്തത്. എന്തെന്നാൽ, യോഹന്നാൻ അവനോടു പറഞ്ഞിരുന്നു: അവളെ നീ സ്വന്തമാക്കുന്നത് നിയമാനുസൃതമല്ല. ഹേറോദേസിന് അവനെ വധിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അവൻ ജനങ്ങളെ ഭയപ്പെട്ടു. എന്തെന്നാൽ, അവർ യോഹന്നാനെ പ്രവാചകനായി പരിഗണിച്ചിരുന്നു.
ഹേറോദേസിൻെറ ജൻമദിനത്തിൽ ഹേറോദിയായുടെ പുത്രി രാജസദസ്സിൽ നൃത്തം ചെയ്ത് അവനെ സന്തോഷിപ്പിച്ചു. തൻമൂലം അവൾ ചോദിക്കുന്നതെന്തും നല്കാമെന്നു രാജാവ് അവളോട് ആണയിട്ടു വാഗ്ദാനം ചെയ്തു. അവൾ അമ്മയുടെ നിർദേശമനുസരിച്ചു പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയിൽവച്ച് എനിക്കു തരുക. രാജാവു ദുഃഖിതനായി; എങ്കിലും തന്റെ ശപഥത്തെയും അതിഥികളെയും പരിഗണിച്ച് അത് അവൾക്കു നല്കാൻ അവൻ ആജ്ഞാപിച്ചു. അവൻ കാരാഗൃഹത്തിൽ ആളയച്ച് യോഹന്നാൻെറ തല വെട്ടിയെടുത്തു. അത് ഒരു തളികയിൽവച്ച് പെൺകുട്ടിക്കു നല്കി. അവൾ അത് അമ്മയുടെ അടുത്തേക്കുകൊണ്ടുപോയി. അവന്റെ ശിഷ്യർ ചെന്ന് മൃതശരീരമെടുത്തു സംസ്കരിച്ചു. അനന്തരം, അവർ യേശുവിനെ വിവരമറിയിച്ചു.




