ഒക്ടോബർ 14 ബുധൻ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(ക്രിസ്തുവിനുള്ളവർ തങ്ങളുടെ ജഡം അതിൻ്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു)
സഹോദരരേ, ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കിൽ നിങ്ങൾ നിയമത്തിനു കീഴല്ല. ജഡത്തിന്റെ വ്യാപാരങ്ങൾ എല്ലാവർക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവർ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാൻ നിങ്ങൾക്കു നല്കിയ താക്കീത് ഇപ്പോഴും ആവർത്തിക്കുന്നു.
ആത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നൻമ, വിശ്വസ്തതത, സൗമ്യശീലം, ആത്മസംയമനം ഇവയാണ്. ഇവയ്ക്കെതിരായി ഒരു നിയമവുമില്ല. യേശു ക്രിസ്തുവിനുള്ളവർ തങ്ങളുടെ ജഡം അതിന്റെ വികാരങ്ങളോടും മോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. നമ്മൾ ആത്മാവിലാണു ജീവിക്കുന്നതെങ്കിൽ, നമുക്ക് ആത്മാവിൽ വ്യാപരിക്കാം.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ പാപികളുടെ വഴിയിൽ വ്യാപരിക്കുകയോ പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ ചെയ്യാത്തവൻ ഭാഗ്യവാൻ. അവന്റെ ആനന്ദം കർത്താവിന്റെ നിയമത്തിലാണ്; രാവും പകലും അവൻ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.
കർത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
നീർച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വൃക്ഷംപോലെയാണ് അവൻ അവന്റെ പ്രവൃത്തികൾ സഫലമാകുന്നു.
കർത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
ദുഷ്ടർ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ് അവർ. കർത്താവ് നീതിമാൻമാരുടെ മാർഗം അറിയുന്നു; ദുഷ് ടരുടെ മാർഗം നാശത്തിൽ അവസാനിക്കും.
കർത്താവേ, അങ്ങയെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 10:27). കർത്താവ് അരുൾചെയ്യുന്നു: എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
ലുക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഫരിസേയരേ, നിങ്ങൾക്കു ദുരിതം; നിയമജ്ഞരേ, നിങ്ങൾക്കു ദുരിതം)
അക്കാലത്ത്, യേശു അരുൾചെയ്തു: ഫരിസേയരേ, നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾ അരുതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു. എന്നാൽ, ദൈവത്തിന്റെ നീതിയും സ്നേഹവും നിങ്ങൾ അവഗണിച്ചുകളയുന്നു. ഇവയാണു നിങ്ങൾ ചെയ്യേണ്ടിയിരുന്നത്- മറ്റുള്ളവ അവഗണിക്കാതെ തന്നെ. ഫരിസേയരേ, നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങൾ സിനഗോഗുകളിൽ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളിൽ അഭിവാദനവും അഭിലഷിക്കുന്നു. നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, കാണപ്പെടാത്ത കുഴിമാടങ്ങൾ പോലെയാണു നിങ്ങൾ. അതിന്റെ മീതേ നടക്കുന്നവൻ അത് അറിയുന്നുമില്ല. നിയമജ്ഞരിൽ ഒരാൾ അവനോടു പറഞ്ഞു: ഗുരോ, നീ ഇങ്ങനെ സംസാരിക്കുമ്പോൾ ഞങ്ങളെക്കൂടെ അപമാനിക്കുകയാണു ചെയ്യുന്നത്. അവൻ പറഞ്ഞു: നിയമജ്ഞരേ, നിങ്ങൾക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകൾ മനുഷ്യരുടെ മേൽ നിങ്ങൾ കെട്ടിയേല്പിക്കുന്നു. നിങ്ങളോ, അവരെ സഹായിക്കാൻ ഒരു ചെറുവിരൽപോലും അനക്കുന്നില്ല.




