ഒക്ടോബർ 15 വ്യാഴം
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(ലോകസംസ്ഥാപനത്തിനുമുമ്പുതന്നെ അവിടന്നു നമ്മെ ക്രിസ്തുവിൽ തെരഞ്ഞെടുത്തു)
ദൈവതിരുമനസ്സാൽ യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പൗലോസ്, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരായി എഫേസോസിലുള്ള വിശുദ്ധർക്ക് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും കർത്താവായ യേശുക്രിസ്തുവിൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും! സ്വർഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചവനും കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ! തന്റെ മുമ്പാകെ സ്നേഹത്തിൽ പരിശുദ്ധരും നിഷ്കളങ്കരുമായിരിക്കാൻ ലോകസംസ്ഥാപനത്തിനു മുമ്പുതന്നെ അവിടന്നു നമ്മെ ക്രിസ്തുവിൽ തിരഞ്ഞടുത്തു. യേശുക്രിസ്തുവഴി നാം അവിടത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്, അവിടന്നു തൻ്റെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുൻകുട്ടി തീരുമാനിച്ചു. അവിടന്ന് ഇപ്രകാരം ചെയ്തത് തന്റെ പ്രിയപ്പെട്ടവനിലൂടെ നമ്മിൽ ചൊരിഞ്ഞ തന്റെ കൃപയുടെ മഹത്ത്വത്തിനും പുകഴ്ചയ്ക്കും വേണ്ടിയാണ്. അവിടത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് നമുക്കു ക്രിസ്തുവിൽ പാപമോചനവും അവന്റെ രക്തം വഴി രക്ഷയും കൈവന്നിരിക്കുന്നു. ഈ കൃപയാകട്ടെ, അവിടന്നു തന്റെ ജ്ഞാനത്തിലും വിവേകത്തിലും നമ്മിൽ സമ്യദ്ധമായി ചൊരിഞ്ഞിരിക്കുന്നു. ക്രിസ്തുവിൽ വ്യക്തമാക്കിയ തന്റെ അഭീഷ്ടമനുസരിച്ച് അവിടന്ന് തന്റെ പദ്ധതിയുടെ രഹസ്യം നമുക്കു മനസ്സിലാക്കിത്തന്നു. ഇത് കാലത്തിന്റെ പൂർണതയിൽ സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാറ്റിനെയും ക്രിസ്തുവിൽ ഒന്നിപ്പിക്കുന്നതിനുവേണ്ടിയത്രേ.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു.
കർത്താവിന് ഒരു പുതിയ കീർത്തനം ആലപിക്കുവിൻ; അവിടുന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്തിരിക്കുന്നു; അവിടത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു.
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു; അവിടന്നു തന്റെ നീതി ജനതകളുടെ മുൻപിൽ വെളിപ്പെടുത്തി. ഇസ്രായേൽഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും അവിടന്ന് അനുസ്മരിച്ചു.
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു.
ഭൂമിയുടെ അതിർത്തികൾ നമ്മുടെ ദൈവത്തിന്റെ വിജയം ദർശിച്ചു. ഭൂമി മുഴുവൻ കർത്താവിന് ആനന്ദഗീതം ആലപിക്കട്ടെ! ആഹ്ളാദാരവത്തോടെ അവിടത്തെ സ്തുതിക്കുവിൻ.
കർത്താവ് തൻ്റെ വിജയം വിളംബരം ചെയ്തു.
കിന്നരം മീട്ടി കർത്താവിനു സ്തുതികളാലപിക്കുവിൻ. വാദ്യഘോഷത്തോടെ അവിടത്തെ പുകഴ്ത്തുവിൻ. കൊമ്പും കാഹളവും മുഴക്കി രാജാവായ കർത്താവിന്റെ സന്നിധിയിൽ ആനന്ദംകൊണ്ട് ആർപ്പിടുവിൻ.
കർത്താവ് തന്റെ വിജയം വിളംബരം ചെയ്തു.
അല്ലേലൂയാ!
അല്ലേലൂയാ! (യോഹ 14:6). കർത്താവ് അരുൾചെയ്യുന്നു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ആബേൽ മുതൽ സഖറിയാവരെയുള്ളവരുടെ രക്തത്തിന് ഈ തലമുറ ഉത്തരം പറയേണ്ടിവരും)
അക്കാലത്ത്, യേശു അരുൾചെയ്തു: ഫരിസേയരേ, നിങ്ങൾക്കു ദുരിതം! എന്തെന്നാൽ, നിങ്ങളുടെ പിതാക്കൻമാർ വധിച്ച പ്രവാചകൻമാർക്കു നിങ്ങൾ കല്ലറകൾ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കൻമാരുടെ പ്രവൃത്തികൾക്ക് നിങ്ങൾ സാക്ഷ്യവും അംഗീകാരവും നല്കുന്നു. എന്തെന്നാൽ, അവർ അവരെ കൊന്നു; നിങ്ങളോ അവർക്കു കല്ലറകൾ പണിയുന്നു. അതുകൊണ്ടാണ്, ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നത്: ഞാൻ അവരുടെ അടുത്തേക്ക് പ്രവാചകൻമാരെയും അപ്പസ്തോലൻമാരെയും അയയ്ക്കും. അവരിൽ ചിലരെ അവർ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. ലോകാരംഭം മുതൽ ചൊരിയപ്പെട്ടിട്ടുള്ള സകല പ്രവാചകൻമാരുടെയും രക്തത്തിന്-ആബേൽ മുതൽ, ബലിപീഠത്തിനും വിശുദ്ധ സ്ഥലത്തിനും മധ്യേവച്ചു കൊല്ലപ്പെട്ട സഖറിയാവരെയുള്ളവരുടെ രക്തത്തിന് ഈ തലമുറ ഉത്തരം പറയേണ്ടിവരും. അതേ, ഞാൻ പറയുന്നു, ഈ തലമുറയോട് അത് ആവശ്യപ്പെടും. നിയമജ്ഞരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ വിജ്ഞാനത്തിന്റെ താക്കോൽ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ, അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാൻ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു. അവൻ അവിടെനിന്നു പോകവേ, നിയമജ്ഞരും ഫരിസേയരും കോപാകുലരായി പല കാര്യങ്ങളെയുംപറ്റി സംസാരിക്കാൻ അവനെ പ്രേരിപ്പിക്കുകയും അവൻ പറയുന്നതിൽ എന്തെങ്കിലും തെറ്റു കണ്ടുപിടിക്കാൻ തക്കം നോക്കുകയും ചെയ്തു.




