ഒക്ടോബർ 12 തിങ്കൾ
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(നമ്മൾ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടേതാണ്)
സഹോദരരേ, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അബ്രാഹത്തിന് രണ്ടു പുത്രൻമാരുണ്ടായിരുന്നു – ഒരുവൻ ദാസിയിൽ നിന്ന്, ഇതരൻ സ്വതന്ത്രയിൽനിന്ന്. ദാസിയുടെ പുത്രൻ ശാരീരികരീതിയിലും സ്വതന്ത്രയുടെ പുത്രൻ വാഗ്ദാനപ്രകാരവും ജനിച്ചു. ആലങ്കാരികമായി പറഞ്ഞാൽ, ഈ സ്ത്രീകൾ രണ്ട് ഉടമ്പടികളാണ്. ഒരുവൾ സീനായ്മലയിൽ നിന്നുള്ളവൾ. അവൾ ദാസവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നു. അവളാണ് ഹാഗാർ. എന്നാൽ, സ്വർഗീയ ജറുസലേം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ അമ്മ. എന്തുകൊണ്ടെന്നാൽ, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അല്ലയോ പ്രസവിക്കാത്ത വന്ധ്യേ, നീ ആഹ്ലാദിക്കുക. പ്രസവവേദനയനുഭവിക്കാത്ത നീ ആനന്ദിച്ച് ആർപ്പുവിളിക്കുക. എന്തെന്നാൽ, ഭർത്തൃമതിക്കുള്ളതിനെക്കാൾ കൂടുതൽ മക്കൾ, പരിത്യക്തതയ്ക്കാണുള്ളത്. സഹോദരരേ, അതുകൊണ്ട് നമ്മൾ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടേതാണ്. സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതു കൊണ്ട് നിങ്ങൾ സ്ഥിരതയോടെ നില്ക്കുവിൻ. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയരാകരുത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ
കർത്താവിനെ സ്തുതിക്കുവിൻ! കർത്താവിന്റെ ദാസരേ, അവിടത്തെ സ്തുതിക്കുവിൻ! കർത്താവിൻ്റെ നാമം സ്തുതിക്കുവിൻ! കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെടട്ടെ!
കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ
ഉദയം മുതൽ അസ്തമയംവരെ കർത്താവിൻ്റെ നാമം വാഴ്ത്തപ്പെടട്ടെ! കർത്താവു സകല ജനതകളുടെയുംമേൽ വാഴുന്നു; അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേ ഉയർന്നിരിക്കുന്നു.
കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ
നമ്മുടെ ദൈവമായ കർത്താവിനു തുല്യനായി ആരുണ്ട്? അവിടന്ന് ഉന്നതത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അവിടന്നു കുനിഞ്ഞ് ആകാശത്തെയും ഭൂമിയെയും നോക്കുന്നു. അവിടന്നു ദരിദ്രനെ പൊടിയിൽനിന്ന് ഉയർത്തുന്നു.
കർത്താവിന്റെ നാമം ഇന്നുമെന്നേക്കും വാഴ്ത്തപ്പെട്ടതാകട്ടെ
അല്ലേലൂയാ!
അല്ലേലൂയാ! (സങ്കീ 95:8ab). ഇന്ന്, കർത്താവിന്റെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ, നിങ്ങൾ ഹൃദയം കഠിനമാക്കരുത്. അല്ലേലൂയാ
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്കപ്പെടുകയില്ലാ
അക്കാലത്ത്, ജനക്കൂട്ടം വർധിച്ചുവന്നപ്പോൾ യേശു അരുൾചെയ്തു! ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാൽ, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്കപ്പെടുകയില്ല. യോനാ നിനെവേക്കാർക്ക് അടയാളമായിരുന്നതുപോലെ, മനുഷ്യപുത്രൻ ഈ തലമുറയ്ക്കും അടയാളമായിരിക്കും. ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തിൽ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാൽ, സോളമൻ്റെ വിജ്ഞാനം ശ്രവിക്കാൻ അവൾ ഭൂമിയുടെ അതിർത്തിയിൽനിന്നു വന്നു. എന്നാൽ ഇതാ, ഇവിടെ സോളമനെക്കാൾ വലിയവൻ! നിനെവേ നിവാസികൾ വിധിദിനത്തിൽ ഈ തല മുറയോടുകൂടെ ഉയിർത്തെഴുന്നേല്ക്കുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാൽ, യോനായുടെ പ്രസംഗംകേട്ട് അവർ പശ്ചാത്തപിച്ചു. എന്നാൽ ഇതാ, ഇവിടെ യോനായെക്കാൾ വലിയവൻ!




