സെപ്റ്റംബർ 26 ശനി
ഒന്നാം വായന
സഭാപ്രസംഗകന്റെ പുസ്തകത്തിൽനിന്ന്
(യൗവനത്തിൽ സ്രഷ്ടാവിനെ സ്മരിക്കുക)
യുവാവേ, യുവത്വത്തിൽ നീ സന്തോഷിക്കുക, യൗവനത്തിന്റെ നാളുകളിൽ നിന്റെ ഹൃദയം നിന്നെ ആനന്ദിപ്പിക്കട്ടെ; ഹൃദയത്തിന്റെ പ്രേരണകളെയും കണ്ണിൻ്റെ അഭിലാഷങ്ങളെയും പിൻചെല്ലുക. എന്നാൽ ഓർമിച്ചുകൊള്ളുക, ഇവയ് ക്കെല്ലാം ദൈവം നിന്നെ ന്യായവിധിക്കായി വിളിക്കും. മനസസിൽനിന്ന് ആകുലത അകറ്റുക. ശരീരത്തിൽനിന്നു വേദന ദൂരീകരിക്കുക; യുവത്വവും ജീവിതത്തിന്റെ പ്രഭാതവും മിഥ്യയാണ്.
ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കുംമുൻപ് യൗവനത്തിൽ സ്രഷ്ടാവിനെ സ്മരിക്കുക. സൂര്യനും പ്രകാശവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകും; വൃഷ്ടി കഴിഞ്ഞ് മറഞ്ഞ മേഘങ്ങൾ വീണ്ടും വരും. വീട്ടുകാവല്ക്കാർ സംഭ്രമിക്കുകയും ശക്തൻമാർ കൂനിപ്പോവുകയും അരയ്ക്കുന്നവർ ആളു കുറവായതിനാൽ വിരമിക്കുകയും കിളിവാതിലിലൂടെ നോക്കുന്നവർ അന്ധരാവുകയും ചെയ്യും; തെരുവിലെ വാതിലുകൾ അടയ്ക്കപ്പെടും; മാവു പൊടിക്കുന്ന ശബ്ദം മന്ദീഭവിക്കും; പക്ഷിയുടെ ശബ് ദം കേട്ട് മനുഷ്യൻ ഉണർന്നുപോകും; ഗായികമാരുടെ ശബ്ദം താഴും. ഉയർന്നു നില്ക്കുന്നതും വഴിയിൽ കാണുന്നതുമെല്ലാംഅവർക്കു ഭീതിജനകമാകും; ബദാം വ്യക്ഷം തളിർക്കും; പച്ചക്കുതിര ഇഴയും, ആശ അറ്റുപോകും; മനുഷ്യൻ തന്റെ നിത്യ ഭവനത്തിലേക്കു പോവുകയും വിലപിക്കുന്നവർ തെരുവീഥികളിലൂടെ നീങ്ങുകയും ചെയ്യും. വെള്ളിച്ചരട് പൊട്ടും, കനകപാത്രങ്ങൾ തകരും, അരുവിയിൽ വച്ച് കുടം ഉടയും, നീർത്തൊട്ടിയുടെ ചക്രം തകരും; ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്കു മടങ്ങും; ആത്മാവ് തന്റെ ദാതാവായ ദൈവത്തിലേക്കു തിരിച്ചുപോവുകയും ചെയ്യും. സഭാപ്രസംഗകൻ പറയുന്നു: മിഥ്യകളിൽ മിഥ്യ; സമസ്തവും മിഥ്യ.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
മനുഷ്യനെ അവിടന്നു പൊടിയിലേക്കു മടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിൻ എന്ന് അങ്ങു പറയുന്നു. ആയിരം വത്സരം അങ്ങയുടെ ദൃഷ്ടിയിൽ കഴിഞ്ഞുപോയ ഇന്നലെപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രമാണ്.
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
അവിടന്നു മനുഷ്യനെ, ഉണരുമ്പോൾ മാഞ്ഞുപോകുന്ന സ്വപ്നം പോലെ, തുടച്ചുമാറ്റുന്നു; പ്രഭാതത്തിൽ മുളനീട്ടുന്ന പുല്ലുപോലെയാണവൻ. പ്രഭാതത്തിൽ അതു തഴച്ചുവളരുന്നു; സായാഹ്നത്തിൽ അതു വാടിക്കരിയുന്നു,
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങൾ എണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ! ഞങ്ങളുടെ ഹൃദയം ജ്ഞാനപൂർണമാകട്ടെ! കർത്താവേ, മടങ്ങിവരണമേ! അങ്ങ് എത്രനാൾ വൈകും? അങ്ങയുടെ ദാസരോട് അലിവു തോന്നണമേ!
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യംകൊണ്ടു ഞങ്ങളെ സംത്യപ്തതരാക്കണമേ! ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ ഞങ്ങൾ സന്തോഷിച്ചുല്ലസിക്കട്ടെ. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ കൃപ ഞങ്ങളുടെമേൽ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവത്തികൾ ഫലമണിയിക്കണമേ! ഞങ്ങളുടെ പ്രവൃത്തികൾ സുസ്ഥിരമാക്കണമേ!
കർത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.
അല്ലേലൂയാ!
അല്ലേലൂയാ! (2 തിമോ 1:10). നമ്മുടെ രക്ഷകനായ യേശു ക്രിസ്തു മരണം ഇല്ലാതാക്കുകയും സുവിശേഷത്തിലൂടെ ജീവൻ വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(മനുഷ്യപുത്രൻ മനുഷ്യരുടെ കരങ്ങളിൽ ഏല്പിക്കപ്പെടും. അതിനെപ്പറ്റി ചോദിക്കാൻ ശിഷ്യന്മാർ ഭയപ്പെട്ടു.)
അക്കാലത്ത്, ജനക്കൂട്ടം മുഴുവൻ യേശുവിന്റെ പ്രവർത്തനങ്ങളിൽ വിസ്മയഭരിതരായിരിക്കുമ്പോൾ, അവിടന്നു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു: ഈ വചനങ്ങൾ നിങ്ങളിൽ ആഴത്തിൽ പതിയട്ടെ. മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടാൻ പോകുന്നു. അവർക്ക് ഈ വചനം മനസ്സിലാക്കാൻ കഴിഞ്ഞില്ല. അവർക്കു മനസ്സിലാക്കാൻ സാധിക്കാത്തവിധം അത് അത്ര നിഗൂഢമായിരുന്നു. അതെപ്പറ്റി അവനോടു ചോദിക്കാൻ അവർ ഭയപ്പെട്ടു.




