ഒക്ടോബർ 16 വെള്ളി
ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(ക്രിസ്തുവിൽ വിശ്വസിച്ച നിങ്ങൾ പരിശുദ്ധാത്മാവാൽ മുദ്രിതരായിരിക്കുന്നു)
സഹോദരരേ, തന്റെ ഹിതമനുസരിച്ച്, എല്ലാം പൂർത്തിയാക്കുന്ന ദൈവം തന്റെ പദ്ധതിയനുസരിച്ച്, ക്രിസ്തുവിൽ നമ്മെ മുൻകൂട്ടി തിരഞ്ഞെടുത്തു നിയോഗിച്ചു. ഇത്, ക്രിസ്തുവിൽ ആദ്യമായി പ്രത്യാശയർപ്പിച്ച നാം അവന്റെ മഹത്ത്വത്തിനും സ്തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്. രക്ഷയുടെ സദ് വാർത്തയായ സത്യത്തിന്റെ വചനം ശ്രവിക്കുകയും അവനിൽ വിശ്വസിക്കുകയും ചെയ്ത നിങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവാൽ അവനിൽ മുദ്രിതരായിരിക്കുന്നു. അവിടത്തെ മഹത്ത്വം പ്രകീർത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ, ആ അവകാശത്തിൻെറ അച്ചാരമാണ് ഈ പരിശുദ്ധാത്മാവ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ; സ്തോത്രം ആലപിക്കുന്നതു നീതിമാൻമാർക്കു യുക്തമാണല്ലോ. കിന്നരം കൊണ്ടു കർത്താവിനെ സ്തുതിക്കുവിൻ, പത്തുകമ്പിയുള്ള വീണമീട്ടി അവിടത്തേക്കു കീർത്തനമാലപിക്കുവിൻ.
കർത്താവ് തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
കർത്താവിന്റെ വചനം സത്യമാണ്; അവിടത്തെ പ്രവൃത്തി വിശ്വസനീയമാണ്. അവിടന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു. കർത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
കർത്താവ് തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
കർത്താവു ദൈവമായുള്ള ജനവും അവിടന്നു തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ്. കർത്താവ് സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; അവിടന്ന് എല്ലാ മനുഷ്യരെയും കാണുന്നു.
കർത്താവ് തനിക്കുവേണ്ടി തിരഞ്ഞെടുത്ത ജനത ഭാഗ്യമുള്ളവരാണ്.
അല്ലേലൂയാ!
അല്ലേലൂയാ! (സങ്കീ 33:22). കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു)
അക്കാലത്ത്, പരസ്പരം ചവിട്ടേല്ക്കത്തക്കവിധം ആയിരക്കണക്കിനു ജനങ്ങൾ തിങ്ങിക്കൂടി. അപ്പോൾ യേശു ശിഷ്യരോടു പറയാൻ തുടങ്ങി: ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പ് സുക്ഷിച്ചുകൊള്ളുവിൻ. മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തുവരാതിരിക്കുകയില്ല; നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട്, നിങ്ങൾ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേൾക്കപ്പെടും. വീട്ടിൽ സ്വകാര്യമുറികളിൽവച്ചു ചെവിയിൽ പറഞ്ഞത് പുരമുകളിൽനിന്നു പ്രഘോഷിക്കപ്പെടും.
എന്റെ സ്നേഹിതരേ, നിങ്ങളോടു ഞാൻ പറയുന്നു, ശരീരത്തെ കൊല്ലുന്നതിൽക്കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്തവരെ നിങ്ങൾ ഭയപ്പെടേണ്ടാ. എന്നാൽ, നിങ്ങൾ ആരെ ഭയപ്പെടണമെന്നു ഞാൻ മുന്നറിയിപ്പു തരാം. കൊന്നതിനുശേഷം നിങ്ങളെ നരകത്തിലേക്കു തളളിക്കളയാൻ അധികാരമുള്ളവനെ ഭയപ്പെടുവിൻ. അതേ, ഞാൻ പറയുന്നു, അവനെ ഭയപ്പെടുവിൻ. അഞ്ചു കുരുവികൾ രണ്ടു നാണയത്തുട്ടിനു വില്ക്കപ്പെടുന്നില്ലേ? അവയിൽ ഒന്നുപോലും ദൈവസന്നിധിയിൽ വിസ്മരിക്കപ്പെടുന്നില്ല. നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ളവരാണ്.




