ഒക്ടോബർ 11 ഞായർ
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(കർത്താവ് വിരുന്നൊരുക്കും; സകലരുടെയും കണ്ണുനീർ അവിടന്ന് തുടച്ചുകളയും)
ഈ പർവതത്തിൽ സർവജനതകൾക്കുംവേണ്ടി സൈന്യങ്ങളുടെ കർത്താവ് ഒരു വിരുന്നൊരുക്കും- മജ്ജയും കൊഴുപ്പു മുറ്റിയ വിഭവങ്ങളും മേല്ത്തരം വീഞ്ഞുമുള്ള വിരുന്ന്. സർവജനതകളെയും മറച്ചിരിക്കുന്ന ആവരണം ജനതകളുടെമേൽ വിരിച്ചിരിക്കുന്ന മൂടുപടം ഈ പർവതത്തിൽവച്ച് അവിടന്ന് നീക്കിക്കളയും. അവിടന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും കണ്ണീർ അവിടന്ന് തുടച്ചുമാറ്റും; തന്റെ ജനത്തിന്റെ അപമാനം ഭൂമിയിൽ എല്ലായിടത്തുംനിന്ന് അവിടന്ന് നീക്കിക്കളയും. കർത്താവാണ് ഇത് അരുൾചെയ്തിരിക്കുന്നത്. അന്ന് ഇങ്ങനെ പറയുന്നതു കേൾക്കും: ഇതാ, നമ്മുടെ ദൈവം. നമ്മുടെ രക്ഷയുടെ പ്രത്യാശ നാം അർപ്പിച്ച ദൈവം. ഇതാ കർത്താവ്! നാം അവിടത്തേക്കുവേണ്ടിയാണു കാത്തിരുന്നത്. അവിടന്ന് നല്കുന്ന രക്ഷയിൽ നമുക്കു സന്തോഷിച്ചുല്ലസിക്കാം. കർത്താവിൻ്റെ കരം ഈ പർവതത്തിൽ വിശ്രമിക്കും. ചാണകക്കുഴിയിൽ വൈക്കോൽ എന്നപോലെ മൊവാബ് അവിടെ ചവിട്ടിമെതിക്കപ്പെടും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്ത്തകിടിയിൽ അവിടന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു. അവിടന്ന് എനിക്ക് ഉൻമേഷം നല്കുന്നു.
കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
തന്റെ നാമത്തെപ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു. മരണത്തിൻ്റെ നിഴൽവീണ താഴ്വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദൺഡും എനിക്ക് ഉറപ്പേകുന്നു.
കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
എന്റെ ശത്രുക്കളുടെ മുൻപിൽ അവിടന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്സ് തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
അവിടത്തെ നൻമയും കരുണയും ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും; കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും)
സഹോദരരേ, താഴ്ന്നനിലയിൽ ജീവിക്കാൻ എനിക്കറിയാം; സമൃദ്ധിയിൽ ജീവിക്കാനും ഏതു സാഹചര്യത്തിലും കഴിയാനും എനിക്കു പരിശീലനം ലഭിച്ചിട്ടുണ്ട് അതേ, സുഭിക്ഷത്തിലും ദുർഭിക്ഷത്തിലും സമൃദ്ധിയിലും ദാരിദ്ര്യത്തിലുമെല്ലാം. എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാൻ എനിക്കു സാധിക്കും. എങ്കിലും, എന്റെ ഞെരുക്കങ്ങളിൽ സൗമനസ്യത്തോടെ നിങ്ങൾ പങ്കുചേർന്നു. എന്റെ ദൈവം തന്റെ മഹത്ത്വത്തിന്റെ സമ്പന്നതയിൽനിന്ന് യേശുക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നല്കും. നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും മഹത്ത്വം ഉണ്ടായിരിക്കട്ടെ! ആമേൻ.
കർത്താവിന്റെ വചനം.
അല്ലേലുയാ !
അല്ലേലൂയാ! (cf. Eph 1:17-18) ഏതു തരത്തിലുള്ള പ്രത്യായ യിലേക്കാണ് അവിടന്ന് നമ്മെ വിളിച്ചിരിക്കുന്നതെന്നറിയാൻ നമ്മുജ കർത്താവായ യേശുക്രിസ്തുവിൻ്റെ പിതാവ് നമ്മുടെ ആന്തരി നേത്രങ്ങൾ പ്രകാശിപ്പിക്കട്ടെ. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിൻ )
(അക്കാലത്ത് യേശു പ്രധാനപുരോഹിതന്മാരോടും ജനപ്രമാണികളോടും ഉപമകൾ വഴി സംസാരിച്ചു: സ്വർഗരാജ്യം, തന്റെ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയ രാജാവിനു സദ്യശം. വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാൻ അവൻ ഭൃത്യൻമാരെ അയച്ചു; എന്നാൽ, വരാൻ അവർ വിസമ്മതിച്ചു. വീണ്ടും അവൻ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്ജമായിരിക്കുന്നു; എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു: വിവാഹവിരുന്നിനു വരുക എന്ന് ക്ഷണിക്കപ്പെട്ടവരോടു ചെന്നു പറയുവിൻ. എന്നാൽ, ക്ഷണിക്കപ്പെട്ടവർ അതു വകവയ്ക്കാതെ ഒരുവൻ വയലിലേക്കും വേറൊരുവൻ വ്യാപാരത്തിനും പൊയ് ക്കളഞ്ഞു. മറ്റുള്ളവർ ആ ഭൃത്യൻമാരെ പിടികൂടി അവരെ അപമാനിക്കുകയും വധിക്കുകയും ചെയ്തു. രാജാവു ക്രുദ്ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി. അനന്തരം, അവൻ ഭ്യത്യൻമാരോടു പറഞ്ഞു: വിവാഹവിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാൽ ക്ഷണിക്കപ്പെട്ടവർ അയോഗ്യരായിരുന്നു. അതിനാൽ, നിങ്ങൾ വഴിക്കവലകളിൽചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിൻ. ആ ഭൃത്യൻമാർ നിരത്തുകളിൽ ചെന്ന്, ദുഷ്ടരും ശിഷ്ടരും ഉൾപ്പെടെ, കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു). അതിഥികളെക്കാണാൻ രാജാവ് എഴുന്നള്ളിയപ്പോൾ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെകണ്ടു. രാജാവ് അവനോടു ചോദിച്ചു: സ്നേഹിതാ, വിവാഹ വസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവൻ മൗനം അവലംബിച്ചു. അപ്പോൾ രാജാവ് പരിചാരകൻമാരോടു പറഞ്ഞു: അവനെ കൈകാലുകൾ കെട്ടി പുറത്തെ അന്ധകാര ത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. എന്തെന്നാൽ, വിളിക്കപ്പെട്ടവർ വളരെ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.




