Word of God

വി. സ്നാപകയോഹന്നാന്റെ പീഡാസഹനം (സ്മരണ) ശനി

ഓഗസ്റ്റ് 29 ശനി

ഒന്നാം വായന

ജറെമിയാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന്

(ഞാൻ കല്പിക്കുന്നതൊക്കെയും അവരോടു പറയുക. അവരെ നീ ഭയപ്പെടേണ്ടാ)

അക്കാലത്ത്, ദൈവം ജറെമിയായോട് അരുൾചെയ്തു: ഞാൻ കല്പിക്കുന്നതൊക്കെയും അവരോടു പറയുക. അവരെ നീ ഭയപ്പെടേണ്ടാ; ഭയപ്പെട്ടാൽ അവരുടെ മുൻപിൽ നിന്നെ ഞാൻ പരിഭ്രാന്തനാക്കും. ദേശത്തിനു മുഴുവനും യുദായിലെ രാജാക്കൻ മാർക്കും പ്രഭുക്കൻമാർക്കും പുരോഹിതൻമാർക്കും ദേശവാസി കൾക്കും എതിരേ അപ്രതിരോധ്യമായ നഗരവും ഇരുമ്പുതൂണും പിച്ചളമതിലും ആയി ഇന്നു നിന്നെ ഞാൻ ഉറപ്പിക്കും. അവർ നിന്നോടു യുദ്‌ധംചെയ്യും; എന്നാൽ വിജയിക്കുകയില്ല; നിൻറ രക്ഷയ്ക്കു ഞാൻ കൂടെയുണ്ട്.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവേ, എന്റെ അധരങ്ങൾ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികൾ പ്രഘോഷിക്കും

കർത്താവേ, അങ്ങിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിക്കാനിടയാകരുതേ! അങ്ങയുടെ നീതിയിൽ എന്നെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യണമേ! എന്റെ യാചനകേട്ട് എന്നെ രക്ഷിക്കണമേ!

കർത്താവേ, എന്റെ അധരങ്ങൾ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികൾ പ്രഘോഷിക്കും

അങ്ങ് എനിക്ക് അഭയശിലയും ഉറപ്പുള്ള രക്‌ഷാദുർഗവും ആയിരിക്കണമേ! അങ്ങാണ് എന്റെ അഭയശിലയും ദുർഗവും. എന്റെ ദൈവമേ, ദുഷ്‌ടന്റെ കൈയിൽനിന്ന്, എന്നെ വിടുവിക്കണമേ!

കർത്താവേ, എന്റെ അധരങ്ങൾ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികൾ പ്രഘോഷിക്കും

കർത്താവേ, അങ്ങാണ് എന്റെ പ്രത്യാശ; ചെറുപ്പം മുതൽ അങ്ങാണ് എന്റെ ആശ്രയം. ജനനം മുതൽ ഞാൻ അങ്ങയെ ആശ്രയിച്ചു. മാതാവിന്റെ ഉദരത്തിൽനിന്ന് അങ്ങാണ് എന്നെ എടുത്തത്.

കർത്താവേ, എന്റെ അധരങ്ങൾ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികൾ പ്രഘോഷിക്കും

എന്റെ അധരങ്ങൾ അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികൾ പ്രഘോഷിക്കും; അവ എൻെറ അറിവിന് അപ്രാപ്യമാണ്. ദൈവമേ, ചെറുപ്പം മുതൽ എന്നെ അങ്ങ് പരിശീലിപ്പിച്ചു; ഞാനിപ്പോഴും അങ്ങയുടെ അദ്ഭുതപ്രവൃത്തികൾ പ്രഘോഷിക്കുന്നു.

കർത്താവേ, എന്റെ അധരങ്ങൾ അങ്ങയുടെ രക്ഷാകരമായ പ്രവൃത്തികൾ പ്രഘോഷിക്കും

അല്ലേലൂയാ 1

അല്ലേലൂയാ! (മത്താ 5:10). നീതിക്കുവേണ്ടി പീഡനമേല്ക്കുന്നവർ ഭാഗ്യവാൻമാർ; സ്വർഗരാജ്യം അവരുടേതാണ്. അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഇപ്പോൾത്തന്നെ സ്നാപകയോഹന്നാൻ്റെ ശിരസ്സ് ഒരു തളികയിൽവച്ച് എനിക്കു തരണം)

അക്കാലത്ത്, ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തിൽ ബന്‌ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവൻ ഇങ്ങനെ ചെയ്‌തത്. അവൻ അവളെ വിവാഹം ചെയ്തിരുന്നു. യോഹന്നാൻ ഹേറോദേസിനോടു പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്. തൻമൂലം, ഹേറോദിയായ്ക്ക് യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാൻ അവൾ ആഗ്രഹിച്ചു. എന്നാൽ അവൾക്കു സാധിച്ചില്ല. എന്തെന്നാൽ, യോഹന്നാൻ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെട്ട് സംരക്ഷണം നല്കിപ്പോന്നു. അവന്റെ വാക്കുകൾ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും, അവൻ പറയുന്നതെല്ലാം സന്തോഷത്തോടെ കേൾക്കുമായിരുന്നു.ഹേറോദേസ് തന്റെ ജൻമദിനത്തിൽ രാജസേവകൻമാർക്കും സഹസ്രാധിപൻമാർക്കും ഗലീലിയിലെ പ്രമാണികൾക്കും വിരുന്നു നല്കിയപ്പോൾ ഹേറോദിയായ്ക്ക് അനുകൂലമായ ഒരു അവസരം വന്നുചേർന്നു. അവളുടെ മകൾ വന്ന് നൃത്തംചെയ്ത് ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെൺകുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാൻ നിനക്കു തരും. അവൻ അവളോടു ശപഥം ചെയ്തു പറഞ്ഞു: നീ എന്തു തന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും, ഞാൻ നിനക്കു തരും. അവൾ പോയി അമ്മയോടു ചോദിച്ചു: ഞാൻ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്നാപകയോഹന്നാന്റെ ശിരസ്സ്. അവൾ ഉടനേ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോൾത്തന്നെ സ്നാപകയോഹന്നാന്റെ ശിരസ്‌സ് ഒരു തളികയിൽ വച്ച് എനിക്കു തരണമെന്നു ഞാൻ ആഗ്രഹിക്കുന്നു. രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാൻ അവനു തോന്നിയില്ല. അവൻെറ തല കൊണ്ടുവരാൻ ആജ്‌ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനേ അയച്ചു. അവൻ കാരാഗൃഹത്തിൽ ചെന്ന് യോഹന്നാൻെറ തല വെട്ടിയെടുത്തു. അത് ഒരു തളികയിൽവച്ച് കൊണ്ടുവന്ന് പെൺകുട്ടിക്കു കൊടുത്തു. അവൾ അത് അമ്മയെ ഏല്പിച്ചു. ഈ വിവരമറിഞ്ഞ യോഹന്നാന്റെ ശിഷ്യൻമാർ വന്ന് മൃതദേഹം കല്ലറയിൽ സംസ്ക്കരിച്ചു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.