Word of God

ആണ്ടുവട്ടം ഇരുപത്തൊന്നാം വാരം ചൊവ്വ വചനവായന

ഓഗസ്റ്റ് 25 ചൊവ്വ

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കാക്കാർക്ക് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്

(ഞങ്ങൾ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങൾ മുറുകെപ്പിടിക്കുവിൻ)

നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൻെറ പ്രത്യാഗമനത്തെയും അവന്റെ സന്നിധിയിൽ നാം സമ്മേളിക്കുന്നതിനെയും പറ്റി സഹോദരരേ, ഞങ്ങൾ നിങ്ങളോടപേക്ഷിക്കുന്നു: കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങൾ പെട്ടെന്നു ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുത്. ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ

.എന്നാൽ, കർത്താവിൻെറ വാത്‌സല്യഭാജനങ്ങളായ സഹോദരരേ, ആത്മാവുമുഖേനയുള്ള വിശുദ്‌ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും രക്ഷയ്ക്കുള്ള ആദ്യഫലമായി നിങ്ങളെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നു. ആകയാൽ, നിങ്ങൾക്കുവേണ്ടി എപ്പോഴും ദൈവത്തിനു കൃതജ്‌ഞതയർപ്പിക്കാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ മഹത്ത്വം നിങ്ങൾക്കു ലഭിക്കുന്നതിനുവേണ്ടി ഞങ്ങളുടെ സുവിശേഷത്തിലൂടെ അവിടന്നു നിങ്ങളെ വിളിച്ചു. അതിനാൽ, സഹോദരരേ, ഞങ്ങൾ വചനം മുഖേനയോ കത്തു മുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങൾ മുറുകെപ്പിടിക്കുകയും അവയിൽ ഉറച്ചുനില്ക്കുകയും ചെയ്യുവിൻ. നമ്മുടെ കർത്താവായ യേശുക്രിസ്തു‌വും നമ്മെ സ്നേഹിക്കുകയും നമുക്കു തന്റെ കൃപയിലൂടെ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്‌കുകയും ചെയ്‌ത നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും എല്ലാ സത് പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ ശക്‌തിപ്പെടുത്തുകയും ചെയ്യട്ടെ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവ് ഭൂമിയെ വിധിക്കാൻ വരുന്നു.

ജനതകളുടെ ഇടയിൽ പ്രഘോഷിക്കുവിൻ: കർത്താവു വാഴുന്നു; ലോകം സുസ്ഥാപിതമായിരിക്കുന്നു; അതിന് ഇളക്കം തട്ടുകയില്ല; അവിടന്ന് ജനതകളെ നീതിപൂർവം വിധിക്കും.

കർത്താവ് ഭൂമിയെ വിധിക്കാൻ വരുന്നു.

ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ; സമുദ്രവും അതിലുള്ളവയും ആർപ്പുവിളിക്കട്ടെ! വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ!

കർത്താവ് ഭൂമിയെ വിധിക്കാൻ വരുന്നു.

കർത്താവിന്റെ സന്നിധിയിൽ വനവ്യക്ഷങ്ങൾ ആനന്ദഗീതമുതിർക്കും. എന്തെന്നാൽ, അവിടന്നു വരുന്നു; അവിടന്നു ഭൂമിയെ വിധിക്കാൻ വരുന്നു; അവിടന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടുംകൂടെ വിധിക്കും.

കർത്താവ് ഭൂമിയെ വിധിക്കാൻ വരുന്നു.

അല്ലേലൂയാ !

അല്ലേലൂയാ! (ഹെബ്രാ 4:12). ദൈവത്തിന്റെ വചനം സജീ വവും ഊർജസ്വലവുമാണ്, ഹൃദയത്തിൻ്റെ വിചാരങ്ങളെയും നിയോ ഗങ്ങളെയും വിവേചിക്കുന്നതുമാണ്. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(മറ്റുള്ളവ അവഗണിക്കാതെതന്നെ ഇവ നിങ്ങൾ ചെയ്യേണ്ടതായിരുന്നു)

അക്കാലത്ത്, യേശു അരുൾചെയ്തു കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങൾ ചെയ്യേണ്ടിയിരുന്നത് – മറ്റുള്ളവ അവഗണിക്കാതെതന്നെ. അന്ധരായ മാർഗദർശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരാണു നിങ്ങൾ!

കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറംവെടിപ്പാക്കുന്നു; എന്നാൽ, അവയുടെ ഉള്ള് കവർച്ചയും ആർത്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു. അന്‌ധനായ ഫരിസേയാ, പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിന്റെയും പുറംകൂടി ശുദ്ധിയാകാൻവേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.