Word of God

പെസഹകാലം അഞ്ചാം വാരം : ബുധൻ വചനവായന

മെയ് 06 ബുധൻ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(ജറുസലേമിൽച്ചെന്ന് അപ്പസ്തോലന്മാരും ശ്രേഷ്ഠന്മാരുമായി ഈ പ്രശ്നം ചർച്ചചെയ്യാൻ പൗലോസും ബാർണബാസും അവരുടെ കൂട്ടത്തിൽപ്പെട്ട മറ്റ ചിലരും നിയോഗിക്കപ്പെട്ടു)

അക്കാലത്ത്, യൂദയായിൽനിന്നു ചിലർ അവിടെവന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനം ചെയ്യപ്പെടാത്ത പക്ഷം, രക്ഷപ്രാപിക്കാൻ സാധ്യമല്ല എന്ന് സഹോദരരെ പഠിപ്പിച്ചു. പൗലോസും ബാർണബാസും അവരോടു വിയോജിക്കുകയും വിവാദത്തിൽ ഏർപ്പെടുകയുംചെയ്തു. തൻമൂലം, ജറുസലേമിൽച്ചെന്ന് അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരുമായി ഈ പ്രശ്നം ചർച്ചചെയ്യാൻ പൗലോസും ബാർണബാസും അവരുടെ കൂട്ടത്തിൽപ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു. സഭയുടെ നിർദ്‌ദേശമനുസരിച്ചു യാത്രതിരിച്ച അവർ, വിജാതീയരുടെ മാനസാന്തരവാർത്ത വിവരിച്ചുകേൾപ്പിച്ചുകൊണ്ട് ഫിനീഷ്യാ, സമരിയാ എന്നിവിടങ്ങളിലൂടെ കടന്നുപോയി. സഹോദരൻമാർക്കെല്ലാം വലിയ സന്തോഷമുളവായി. ജറുസലേമിലെത്തിയപ്പോൾ സഭയും അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരും അവരെ സ്വീകരിച്ചു. ദൈവം തങ്ങൾ മുഖാന്തരം പ്രവർത്തിച്ച കാര്യങ്ങൾ അവർ പ്രഖ്യാപിച്ചു. എന്നാൽ, ഫരിസേയരുടെ ഗണത്തിൽനിന്നു വിശ്വാസം സ്വീകരിച്ച ചിലർ എഴുന്നേറ്റ് പ്രസ്‌താവിച്ചു: അവരെ പരിച്ഛേദനം ചെയ്യുകയും മോശയുടെ നിയമം പാലിക്കണമെന്ന്അവരോടു നിർദേശിക്കുകയും ചെയ്യുക ആവശ്യമാണ്. ഇക്കാര്യം പരിഗണിക്കാൻ അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരും ഒരുമിച്ചുകൂടി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിൻ്റെ ആലയത്തിലേക്ക് നമുക്കു സന്തോഷത്തോടെ പോകാം. (അല്ലെങ്കിൽ: അല്ലേലൂയാ!)

കർത്താവിന്റെ ആലയത്തിലേക്ക് നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. ജറുസലേമേ, ഇതാ ഞങ്ങൾ നിന്റെ കവാടത്തിനുള്ളിൽ എത്തിയിരിക്കുന്നു. നന്നായി പണിതിണക്കിയ നഗരമാണു ജറുസലേം

കർത്താവിൻ്റെ ആലയത്തിലേക്ക് നമുക്കു സന്തോഷത്തോടെ പോകാം.

അതിലേക്ക് ഗോത്രങ്ങൾ വരുന്നു, കർത്താവിന്റെ ഗോത്രങ്ങൾ ഇസ്രായേലിനോടു കല്‌പിച്ചതുപോലെ, കർത്താവിന്റെ നാമത്തിനു കൃതജ്‌ഞതയർപ്പിക്കാൻ അവർ വരുന്നു.

കർത്താവിൻ്റെ ആലയത്തിലേക്ക് നമുക്കു സന്തോഷത്തോടെ പോകാം.

അവിടെ ന്യായാസനങ്ങൾ ഒരുക്കിയിരുന്നു; ദാവീദ്ഭവനത്തിന്റെ ന്യായാസനങ്ങൾ.

കർത്താവിൻ്റെ ആലയത്തിലേക്ക് നമുക്കു സന്തോഷത്തോടെ പോകാം.

അല്ലേലൂയാ !

അല്ലേലൂയാ! (യോഹ 15 : 4a, 5b). കർത്താവ് അരുൾ ചെയ്യുന്നു: നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും; ആര് എന്നിൽ വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ, അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു: ഞാൻ സാക്‌ഷാൽ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനുമാണ്. എൻ്റെ ശാഖകളിൽ ഫലം തരാത്തതിനെ അവിടന്ന് നീക്കിക്കളയുന്നു. എന്നാൽ, ഫലം തരുന്നതിനെ കൂടുതൽ കായ് ക്കാനായി അവിടന്നു വെട്ടിയൊരുക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം, നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു. നിങ്ങൾ എന്നിൽ വസിക്കുവിൻ; ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ നില്ക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതുപോലെ, എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല. ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ, അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെക്കുടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല. എന്നിൽ വസിക്കാത്തവൻ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകൾ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു. നിങ്ങൾ എന്നിൽ വസിക്കുകയും എൻെറ വാക്കുകൾ നിങ്ങളിൽ നിലനില്ക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്‌ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങൾക്കു ലഭിക്കും. നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എൻ്റെ ശിഷ്യൻമാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്ത്വപ്പെടുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.