Word of God

പെസഹകാലം അഞ്ചാം വാരം : ചൊവ്വ വചന വായന

മെയ് 05 ചൊവ്വ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(തങ്ങൾ മുഖാന്തരം ദൈവം എന്തെല്ലാം പ്രവർത്തിച്ചെന്നും വിജാതീയർക്ക് വിശ്വാസത്തിന്റെ വാതിൽ അവിടന്ന് എങ്ങനെ തുറന്നുകൊടുത്തെന്നും അവർ വിശദീകരിച്ചു)

അക്കാലത്ത്, അന്ത്യോക്യായിൽനിന്നും ഇക്കോണിയത്തിൽ നിന്നും അവിടെയെത്തിയ യഹൂദൻമാർ ജനങ്ങളെ പ്രേരിപ്പിച്ച് പൗലോസിനെ കല്ലെറിയിച്ചു. മരിച്ചുപോയെന്നു വിചാരിച്ച് അവർ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി. എന്നാൽ, ശിഷ്യൻമാർ അവനുചുറ്റും കൂടിയപ്പോൾ അവൻ എഴുന്നേറ്റ് പട്ടണത്തിൽ പ്രവേശിച്ചു. അടുത്ത ദിവസം ബാർണബാസുമൊത്ത് അവൻ ദെർബേയിലേക്കു പോയി. ആ നഗരത്തിലും അവർ സുവിശേഷം പ്രസംഗിച്ച് പലരെയും ശിഷ്യരാക്കി. അനന്തരം അവർ ലിസ്ത്രായിലേക്കും ഇക്കോണിയത്തിലേക്കും അന്ത്യോക്യായിലേക്കും തിരിച്ചുചെന്നു. വിശ്വാസത്തിൽ നില നില്ക്കണമെന്നും നിരവധി പീഡനങ്ങളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ട് ശിഷ്യരുടെ മനസ്‌സിനെ അവർ ശക്തിപ്പെടുത്തി. അവർ സഭകൾതോറും ശ്രേഷ്ഠൻമാരെ നിയമിച്ച് പ്രാർഥനയോടും ഉപവാസത്തോടുംകൂടെ, അവരെ തങ്ങൾ വിശ്വസിച്ച കർത്താവിനു സമർപ്പിച്ചു.

പിന്നീട് അവർ പിസീദിയായിലൂടെ കടന്ന് പാംഫീലിയായിൽ എത്തി. പെർഗായിൽ വചനം പ്രസംഗിച്ചതിനുശേഷം അവർ അത്താലിയായിലേക്കു പോയി. അവിടെനിന്ന് അന്ത്യോക്യായിലേക്കു കപ്പൽ കയറി. തങ്ങൾ നിർവഹിച്ച ദൗത്യത്തിന് ആവശ്യമായിരുന്ന ദൈവകൃപയ്ക്ക് അവർ ഭരമേല്പിക്കപ്പെട്ടത് അവിടെവച്ചാണല്ലോ. അവർ അവിടെ എത്തിയപ്പോൾ സഭയെ വിളിച്ചുകൂട്ടി തങ്ങൾ മുഖാന്തരം ദൈവം എന്തെല്ലാം പ്രവർത്തിച്ചുവെന്നും വിജാതീയർക്ക് വിശ്വാസത്തിന്റെ വാതിൽ അവിടന്ന് എങ്ങനെ തുറന്നുകൊടുത്തുവെന്നും വിശദീകരിച്ചു. പിന്നീട്, കുറെക്കാലത്തേക്ക് അവർ ശിഷ്യരോടുകൂടെ അവിടെ താമസിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവേ, അങ്ങയുടെ വിശുദ്ധർ അങ്ങയെ വാഴ്ത്തും. അവിടത്തെ രാജ്യത്തിൻ്റെ മഹത്ത്വത്തെപ്പറ്റി അവർ സംസാരിക്കും (അല്ലെങ്കിൽ: അല്ലേലൂയാ!)

കർത്താവേ, അവിടത്തെ എല്ലാ സൃഷ്‌ടികളും അവിടത്തേക്ക് കൃതജ്‌ഞതയർപ്പിക്കും; അങ്ങയുടെ വിശുദ്‌ധർ അങ്ങയെ വാഴ്ത്തും. അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റി അവർ സംസാരിക്കും; അവിടത്തെ ശക്ത്തി അവർ വർണിക്കും.

കർത്താവേ, അങ്ങയുടെ വിശുദ്ധർ അങ്ങയെ വാഴ്ത്തും. അവിടത്തെ രാജ്യത്തിൻ്റെ മഹത്ത്വത്തെപ്പറ്റി അവർ സംസാരിക്കും

അവിടത്തെ ശക്ത‌മായ പ്രവൃത്തികളും അവിടത്തെ രാജ്യത്തിന്റെ മഹത്ത്വപൂർണമായ പ്രതാപവും മനുഷ്യമക്കളെ അവർ അറിയിക്കും. അവിടത്തെ രാജത്വം ശാശ്വതമാണ്; അവിടത്തെ ആധിപത്യം തലമുറകളോളം നിലനില്ക്കുന്നു.

കർത്താവേ, അങ്ങയുടെ വിശുദ്ധർ അങ്ങയെ വാഴ്ത്തും. അവിടത്തെ രാജ്യത്തിൻ്റെ മഹത്ത്വത്തെപ്പറ്റി അവർ സംസാരിക്കും

എന്റെ വായ് കർത്താവിന്റെ സ്‌തുതികൾ പാടും: എല്ലാ ജീവജാലങ്ങളും അവിടത്തെ വിശുദ്‌ധനാമം എന്നേക്കും വാഴ്ത്തട്ടെ!

കർത്താവേ, അങ്ങയുടെ വിശുദ്ധർ അങ്ങയെ വാഴ്ത്തും അവിടത്തെ രാജ്യത്തിൻ്റെ മഹത്ത്വത്തെപ്പറ്റി അവർ സംസാരിക്കും.

അല്ലേലൂയാ !

അല്ലേലൂയാ! (cf. ലൂക്കാ 24 : 46, 26). ക്രിസ്‌തു സഹിക്കുകയും മൂന്നാം ദിവസം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല് ക്കുകയും ചെയ്ത‌ത് അവിടത്തെ മഹത്ത്വത്തിലേക്ക് പ്രവേശിക്കുകയും ചെയ്യേണ്ടിയിരുന്നു. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(എൻ്റെ സമാധാനം നിങ്ങൾക്കു ഞാൻ നല്‌കുന്നു)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു: ഞാൻ നിങ്ങൾക്കു സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നല്‌കുന്നു. ലോകം നല്‌കുന്നതുപോലെയല്ല ഞാൻ നല്കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങൾ ഭയപ്പെടുകയും വേണ്ടാ. ഞാൻ പോകുന്നെന്നും വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുമെന്നും ഞാൻപറഞ്ഞതു നിങ്ങൾ കേട്ടല്ലോ. നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ, പിതാവിന്റെയടുത്തേക്കു ഞാൻ പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു. എന്തെന്നാൽ, പിതാവ് എന്നെക്കാൾ വലിയവനാണ്. അതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന്, സംഭവിക്കുന്നതിനുമുമ്പുതന്നെ നിങ്ങളോടു ഞാൻ പറഞ്ഞിരിക്കുന്നു. നിങ്ങളോട് ഇനിയും ഞാൻ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവന് എൻ്റെമേൽ അധികാരമില്ല. എന്നാൽ, ഞാൻ പിതാവിനെ സ്നേഹിക്കുന്നുവെന്നും അവിടന്ന് എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവർത്തിക്കുന്നുവെന്നും ലോകം അറിയണം.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.