Word of God

പെസഹകാലം നാലാം വാരം ബുധൻ വചനവായന

ഏപ്രിൽ 29 ബുധൻ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(ബാർണബാസിനെയും സാവൂളിനെയും എനിക്കുവേണ്ടി മാറ്റിനിറുത്തുക)

അക്കാലത്ത്, ദൈവവചനം വളർന്നു വ്യാപിച്ചു. ബാർണബാസും സാവൂളും തങ്ങളുടെ ദൗത്യം പൂർത്തിയാക്കി ജറുസലേമിൽനിന്നു തിരിച്ചുവന്നു. മർക്കോസ് എന്ന് അപരനാമമുള്ള യോഹന്നാനെയും അവർ കൂടെക്കൊണ്ടുപോന്നു.

അന്ത്യോക്യായിലെ സഭയിൽ പ്രവാചകൻമാരും പ്രബോധകൻമാരും ഉണ്ടായിരുന്നു-ബാർണബാസ്, നീഗർ എന്നു വിളിക്കപ്പെടുന്ന ശിമയോൻ, കിറേനേക്കാരൻ ലൂസിയോസ്, സാമന്തരാജാവായ ഹേറോദേസിനോടുകൂടെ വളർന്ന മനായേൻ, സാവൂൾ എന്നിവർ. അവർ കർത്താവിനു ശുശ്രൂഷചെയ്തും ഉപവസിച്ചും കഴിയവേ, പരിശുദ്‌ധാത്‌മാവ് അവരോടു പറഞ്ഞു: ബാർണബാസിനെയും സാവൂളിനെയും ഞാൻ വിളിച്ചിരിക്കുന്ന ജോലിക്കായി, എനിക്കുവേണ്ടി മാറ്റിനിറുത്തുക. ഉപവാസത്തിനും പ്രാർഥനയ്ക്കുംശേഷം അവർ അവരുടെമേൽ കൈവയ്പ്‌പുനടത്തി പറഞ്ഞയച്ചു.

പരിശുദ്ധാത്മാവാൽ അയയ്ക്കപ്പെട്ട അവർ സെലുക്യായിലേക്കു പോവുകയും അവിടെനിന്ന് സൈപ്രസിലേക്കു കപ്പൽ കയറുകയും ചെയ്‌തു. സലാമീസിൽ എത്തിയപ്പോൾ അവർ യഹൂദരുടെ സിനഗോഗുകളിൽ ദൈവവചനം പ്രസംഗിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തു‌തിക്കട്ടെ (അല്ലെങ്കിൽ: അല്ലേലൂയാ!)

ദൈവം നമ്മോടു കൃപകാണിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ! അവിടന്ന് തന്റെ പ്രീതി നമ്മുടെ മേൽ ചൊരിയുമാറാകട്ടെ! അങ്ങയുടെ വഴി ഭൂമിയിലും അങ്ങയുടെ രക്ഷാകരശക്തി സകലജനതകളുടെയിടയിലും അറിയപ്പെടേണ്ടതിനുതന്നെ.

ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തു‌തിക്കട്ടെ

ജനതകളെല്ലാം ആഹ്ളാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങ് ജനതകളെ നീതിപൂർവം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു.

ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തു‌തിക്കട്ടെ

ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്‌തുതിക്കട്ടെ! അവിടന്ന് നമ്മെ അനുഗ്രഹിച്ചു. ഭൂമി മുഴുവൻ അവിടത്തെ ഭയപ്പെടട്ടെ!

ദൈവമേ, ജനതകൾ അങ്ങയെ പ്രകീർത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തു‌തിക്കട്ടെ

അല്ലേലുയാ !

അല്ലേലൂയാ! (യോഹ 8 : 12). കർത്താവ് അരുൾചെയ്യുന്നു; ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും. – അല്ലേലൂയാ!
സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഞാൻ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു)

അക്കാലത്ത്, യേശു ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല, എന്നെ അയച്ചവനിലാണു വിശ്വസിക്കുന്നത്. എന്നെ കാണുന്നവൻ എന്നെ അയച്ചവനെ കാണുന്നു. എന്നിൽ വിശ്വസിക്കുന്നവരാരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിന് ഞാൻ വെളിച്ചമായി ലോകത്തിലേക്കു വന്നിരിക്കുന്നു. എന്റെ വാക്കുകൾ കേൾക്കുന്നവൻ അവ പാലിക്കുന്നില്ലെങ്കിലും ഞാൻ അവനെ വിധിക്കുന്നില്ല. കാരണം, ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ്. എന്നാൽ, എന്നെ നിരസിക്കുകയും എന്റെ വാക്കുകൾ തിരസ്കരിക്കുകയും ചെയ്യുന്നവന് ഒരു വിധികർത്താവുണ്ട്. ഞാൻ പറഞ്ഞവചനംതന്നെ അന്ത്യദിനത്തിൽ അവനെ വിധിക്കും. എന്തെന്നാൽ, ഞാൻ സ്വമേധയാ അല്ല സംസാരിച്ചത്. ഞാൻ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്കു കല്പ‌ന നല്‌കിയിരിക്കുന്നു. അവിടത്തെ കല്പന നിത്യജീവനാണെന്നു ഞാൻ അറിയുന്നു. അതിനാൽ, ഞാൻ പറയുന്നതെല്ലാം പിതാവ് എന്നോടു കല്പിച്ചതുപോലെതന്നെയാണ്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.