സെപ്റ്റംബർ 29 ചൊവ്വ
ഒന്നാം വായന
ദാനിയേൽ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(പതിനായിരം പതിനായിരം പേർ അവൻ്റെ മുൻപിൽനിന്നു)
ഞാൻ നോക്കിക്കൊണ്ടിരിക്കേ, സിംഹാസനങ്ങൾ നിരത്തി, പുരാതനനായവൻ ഉപവിഷ്ടനായി. അവൻ വസ്ത്രം മഞ്ഞുപോലെ ധവളം; തലമുടി, നിർമലമായ ആട്ടിൻരോമം പോലെ! തീജ്ജ്വാലകളായിരുന്നു അവന്റെ സിംഹാസനം; അതിന്റെ ചക്രങ്ങൾ കത്തിക്കാളുന്ന അഗ്നി. അവന്റെ മുൻപിൽനിന്ന് അഗ്നി പ്രവാഹം പുറപ്പെട്ടു. ആയിരമായിരംപേർ അവനെ സേവിച്ചു; പതിനായിരം പതിനായിരംപേർ അവന്റെ മുൻപിൽ നിന്നു. ന്യായാധിപസഭ ന്യായവിധിക്ക് ഉപവിഷ്ടമായി. ഗ്രന്ഥങ്ങൾ തുറക്കപ്പെട്ടു. നിശാദർശനത്തിൽ ഞാൻ കണ്ടു, ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവൻ വരുന്നു. അവനെ പുരാതനനായവന്റെ മുൻപിൽ ആനയിച്ചു. എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അവനു നല്കി. അവന്റെ ആധിപത്യം ശാശ്വതമാണ്; അത് ഒരിക്കലും ഇല്ലാതാവുകയില്ല അവന്റെ രാജത്വം അനശ്വരമാണ്.
കർത്താവിന്റെ വചനം.
അല്ലെങ്കിൽ
വെളിപാടിന്റെ പുസ്തകത്തിൽനിന്ന്
(മിഖായേലും അവൻ്റെ ദൂതൻമാരും സർപ്പത്തോടു പോരാടി)
സ്വർഗത്തിൽ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതൻമാരും സർപ്പത്തോടു പോരാടി. സർപ്പവും അവന്റെ ദൂതൻമാരും എതിർത്തു യുദ്ധം ചെയ്തു. എന്നാൽ, അവർ പരാജിതരായി. അതോടെ സ്വർഗത്തിൽ അവർക്ക് ഇടമില്ലാതായി. ആ വലിയ സർപ്പം, സർവലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസർപ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടെ അവന്റെ ദൂതൻമാരും. സ്വർഗത്തിൽ ഒരു വലിയ സ്വരം വിളിച്ചുപറയുന്നതു ഞാൻ കേട്ടു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവിടത്തെ അഭിഷിക്തന്റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാൽ, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകൽ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്തിരുന്നവൻ വലിച്ചെറിയപ്പെട്ടു. അവരാകട്ടെ, കുഞ്ഞാടിന്റെ രക്തംകൊണ്ടും സ്വന്തം സാക്ഷ്യത്തിന്റെ വചനംകൊണ്ടും അവന്റെമേൽ വിജയം നേടി. ജീവൻ നല്കാനും അവർ തയ്യാറായി. അതിനാൽ, സ്വർഗമേ, അതിൽ വസിക്കുന്നവരേ, ആനന്ദിക്കുവിൻ
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവേ , മാലാഖമാരുടെ മുൻപിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും.
കർത്താവേ , ഞാൻ പൂർണഹൃദയത്തോടെ അങ്ങേക്കു നന്ദി പറയുന്നു; ദേവൻമാരുടെ മുൻപിൽ ഞാൻ അങ്ങയെപാടിപ്പു കഴ്ത്തും. ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ ശിരസ്സു നമിക്കുന്നു.
കർത്താവേ , മാലാഖമാരുടെ മുൻപിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും.
അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്തതയെയും ഓർത്ത് അങ്ങേക്കു നന്ദിപറയുന്നു; അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്. ഞാൻ വിളിച്ചപേക്ഷിച്ചനാളിൽ അവിടന്ന് എനിക്ക് ഉത്തരമരുളി; അവിടന്ന് എന്റെ ആത്മാവിൽ ധൈര്യം പകർന്ന് എന്നെ ശക്തിപ്പെടുത്തി.
കർത്താവേ , മാലാഖമാരുടെ മുൻപിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും.
കർത്താവേ, ഭൂമിയിലെ സകലരാജാക്കൻമാരും അങ്ങയെ പ്രകീർത്തിക്കും; എന്തെന്നാൽ, അവർ അങ്ങയുടെ വാക്കുകൾ കേട്ടിരിക്കുന്നു. അവർ കർത്താവിൻെറ മാർഗങ്ങളെക്കുറിച്ചു പാടും; എന്തെന്നാൽ, കർത്താവിൻ്റെ മഹത്ത്വം വലുതാണ്.
കർത്താവേ , മാലാഖമാരുടെ മുൻപിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും.
അല്ലേലൂയാ !
അല്ലേലൂയാ! (സങ്കീ 103:21). കർത്താവിൻ്റെ ഹിതം നിറവേറ്റുന്ന ദാസരുടെ വ്യൂഹങ്ങളേ, അവിടത്തെ സ്തുതിക്കുവിൻ. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ദൈവദൂതൻമാർ കയറിപ്പോകുന്നതും മനുഷ്യപുത്രൻ്റെമേൽ ഇറങ്ങിവരുന്നതും നിങ്ങൾ കാണും)
അക്കാലത്ത്, നഥാനയേൽ തന്റെ അടുത്തേക്കു വരുന്നതു കണ്ട് യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്കപടനായ ഒരു യഥാർഥ ഇസ്രായേല്ക്കാരൻ! അപ്പോൾ നഥാനയേൽ ചോദിച്ചു: നീ എന്നെ എങ്ങനെ അറിയുന്നു? യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെക്കണ്ടു. നഥാനയേൽ പറഞ്ഞു: റബ്ബീ, അങ്ങു ദൈവപുത്രനാണ്; ഇസ്രായേലിൻെറ രാജാവാണ്. യേശു പറഞ്ഞു: അത്തിമരത്തിന്റെ ചുവട്ടിൽ നിന്നെ കണ്ടു എന്നു ഞാൻ പറഞ്ഞതുകൊണ്ട് നീ എന്നിൽ വിശ്വസിക്കുന്നു, അല്ലേ? എന്നാൽ ഇതിനെക്കാൾ വലിയ കാര്യങ്ങൾ നീ കാണും. അവൻ തുടർന്നു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, സ്വർഗം തുറക്കപ്പെടുന്നതും ദൈവദൂതൻമാർ കയറിപ്പോകുന്നതും മനുഷ്യപുത്രൻമേൽ ഇറങ്ങിവരുന്നതും നിങ്ങൾ കാണും.




