ഏപ്രിൽ 18 ശനി
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(പരിശുദ്ധാത്മാവു നിറഞ്ഞ ഏഴുപേരെ തിരഞ്ഞെടുത്തു.
അക്കാലത്ത്, ശിഷ്യരുടെസംഖ്യ വർധിച്ചുകൊണ്ടിരുന്നു. പ്രതിദിനമുള്ള സഹായവിതരണത്തിൽ തങ്ങളുടെ വിധവകൾ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാർ ഹെബ്രായർക്കെതിരേ പിറുപിറുത്തു. അതുകൊണ്ട്, പന്ത്രണ്ടുപേർ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങൾ ദൈവവചനശുശ്രൂഷയിൽ ഉപേക്ഷ്കാണിച്ച്, ഭക്ഷണമേശകളിൽ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാൽ സഹോദരരേ, സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളിൽ നിന്നു കണ്ടുപിടിക്കുവിൻ. ഞങ്ങൾ അവരെ ഈ ചുമതല ഏല് പിക്കാം. ഞങ്ങൾ പ്രാർഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം. അവർ പറഞ്ഞത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അവർ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ സ്തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോർ, തീമോൻ, പർമേനാസ്, യഹൂദമതം സ്വീകരിച്ച അന്തിയോക്യാക്കാരൻ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു. അവരെ അപ്പസ്തോലൻമാരുടെ മുമ്പിൽ നിറുത്തി. അവർ പ്രാർഥിച്ചിട്ട് അവരുടെമേൽ കൈകൾവച്ചു. ദൈവവചനം പ്രചരിക്കുകയും ജറുസലേമിൽ ശിഷ്യരുടെ എണ്ണം ഏറെ വർധിക്കുകയും ചെയ്തു. പുരോഹിതൻമാരിൽ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു.
കർത്താവിന്റെ വചനം,
പ്രതിവചനസങ്കീർത്തനം
കർത്താവേ, അങ്ങയുടെ കാരണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു (അല്ലെങ്കിൽ: അല്ലേലൂയാ!)
നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ; സ്തോത്രം ആലപിക്കുന്നത് നീതിമാൻമാർക്കു യുക്തമാണല്ലോ. കിന്നരം കൊണ്ടു കർത്താവിനെ സ്തുതിക്കുവിൻ, പത്തുകമ്പിയുള്ള വീണമീട്ടി അവിടത്തേക്കു കീർത്തനമാലപിക്കുവിൻ
കർത്താവേ, അങ്ങയുടെ കാരണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു
കർത്താവിന്റെ വചനം സത്യമാണ്; അവിടത്തെ പ്രവൃത്തി വിശ്വസനീയമാണ്. അവിടന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു. കർത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമിനിറഞ്ഞിരിക്കുന്നു.
കർത്താവേ, അങ്ങയുടെ കാരണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു
ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുന്നവരെയും കർത്താവു കടാക്ഷിക്കുന്നു. അവിടന്ന് അവരുടെ പ്രാണൻ മരണത്തിൽനിന്നു രക്ഷിക്കുന്നു; ക്ഷാമത്തിൽ അവരുടെ ജീവൻനിലനിർത്തുന്നു.
കർത്താവേ, അങ്ങയുടെ കാരണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു
അല്ലേലൂയാ !
അല്ലേലൂയാ! സകലത്തെയും സൃഷ്ടിച്ച കർത്താവ് ഉയിർ ത്തെഴുന്നേറ്റു: അവിടന്ന് തൻ്റെ കാരുണ്യം മനുഷ്യർക്കു നല്കി. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(യേശു കടലിനുമീതേനടന്ന് വള്ളത്തെ സമീപിക്കുന്നത് അവർ കണ്ടു)
അന്ന്, വൈകുന്നേരമായപ്പോൾ അവൻെറ ശിഷ്യൻമാർ കടല്ക്കരയിലേക്കു പോയി. അവർ ഒരു വള്ളത്തിൽ കയറി കടലിനക്കരെ കഫർണാമിലേക്കു പുറപ്പെട്ടു. അപ്പോൾ നേരം ഇരുട്ടിത്തുടങ്ങി; യേശു അവരുടെ അടുക്കലെത്തിയിരുന്നുമില്ല. ശക്തിയേറിയ കാറ്റടിച്ചിരുന്നതുകൊണ്ട് കടൽ ക്ഷോഭിച്ചു. ഇരുപത്തഞ്ചോ മുപ്പതോ സ്താദിയോൺ ദൂരം തണ്ടുവലിച്ചു കഴിഞ്ഞപ്പോൾ, യേശു കടലിനുമീതേ നടന്ന് വളളത്തെ സമീപിക്കുന്നതു കണ്ട് അവർ ഭയപ്പെട്ടു. അവൻ അവരോടു പറഞ്ഞു: ഞാനാണ്; ഭയപ്പെടേണ്ടാ. അവനെ വള്ളത്തിൽകയറ്റാൻ അവരാഗ്രഹിച്ചു. പെട്ടെന്ന് വള്ളം അവർ ലക്ഷ്യംവച്ചിരുന്ന കരയ്ക്കടുത്തു.




